ഡോക്ടര്‍മാരുടെ സേവനം തേടാതെ മരുന്നു കഴിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം കാറ്റില്‍പറത്തി ലോകത്ത് 93% പേരും ആന്റിബയോട്ടിക്ക് കഴിക്കുന്നത് ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ. ആന്റിബയോട്ടിക്ക് ബോധവത്കരണ പരിപാടിയുടെ ഭാഗമായി പന്ത്രണ്ട് രാജ്യങ്ങളെ ഉള്‍പ്പെടുത്തി ലോകാരോഗ്യ സംഘടന നടത്തിയ സര്‍വ്വെയിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍.

ലോകത്ത് കുറഞ്ഞ ശതമാനത്തോളം പേര്‍ മാത്രം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം മരുന്നു കഴിക്കുമ്പോള്‍ 93 ശതമാനത്തോളം പേരും ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ഫാര്‍മസിയില്‍ നിന്നും മരുന്നു വാങ്ങി കഴിക്കുന്നവരാണെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ട്.

1

വന്‍തോതിലാണ് ആന്റിബയോട്ടിക്കിന്റെ ഉപയോഗം വര്‍ധിക്കുന്നത്. കഴിഞ്ഞ ആറ് മാസം കാലയളവില്‍ 65% പേരാണ് ആന്റിബയോട്ടിക്ക് ഉപയോഗിച്ചത്. കഴിഞ്ഞ മാസം മാത്രം ഇത് 35 ശതമാനമാണ്. താഴ്ന്ന പ്രതിശീര്‍ഷ വരുമാനമുളള രാജ്യങ്ങളിലാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ ആന്റിബയോട്ടിക്ക് ഉപയോഗിക്കുന്നത്. പതിനാറിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുളളവരാണ് (37%) ഇതില്‍ കൂടുതലായി ആന്റിബയോട്ടിക്ക് ഉപയോഗിക്കുന്നത്.

2

ഇരുപത്തഞ്ചു ശതമാനത്തോളം പേരും കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഡോക്ടര്‍ നല്‍കിയ മരുന്നുകള്‍ സമാനമായ അസുഖം വരുമ്പോള്‍ കഴിക്കുന്നവരാണ്. കൂടാതെ ഒരു പ്രത്യേക രോഗത്തിനായി ഒരിക്കല്‍ ഡോക്ടര്‍ കുറിച്ചു നല്‍കിയ മരുന്ന് അതേ രോഗം പിന്നീട് വരുമ്പോള്‍ വാങ്ങി കഴിക്കുന്നവരുടെ എണ്ണവും കൂടുകയാണെന്നും സര്‍വ്വെ പറയുന്നു. മരുന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്രയും കാലയളവ് കഴിക്കാനും ഇതില്‍ 32% പേരും വിമുഖരാണെന്നും സര്‍വ്വെ കണ്ടെത്തി. 

3

ഇത്തരം തെറ്റായ പ്രവണതകള്‍ വന്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് നയിക്കുകയെന്നും ഇതിനെതിരെ  ബോധവത്കരണം നടത്താനുളള വിപുലമായ പരിപാടികള്‍ നടത്തുമെന്നും ലോകാരോഗ്യ സംഘടന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

(വിവരങ്ങള്‍ക്ക് കടപ്പാട്; ഡബ്ലു.എച്ച്.ഒ ഔദ്യോഗിക വെബ്‌സൈറ്റ്)