അങ്കമാലി: പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് നല്കുന്ന പ്രതിവിഷത്തിന്റെ അളവും ആനുപാതികമായി ചികിത്സാ ചെലവും കുറയ്ക്കാന്‍ കഴിയുമെന്ന് പഠനം. അങ്കമാലി ലിറ്റില്‍ഫ്ളവര്‍ ആശുപത്രിയിലെ വിഷ ചികിത്സാ വിഭാഗത്തില്‍ ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ അറിയിച്ചു.
പ്രതിവിഷത്തിന്റെ ഉത്പാദനം നടക്കുന്ന വേളയില്‍ തന്നെ ചില ഘടകങ്ങള്‍ വേര്‍തിരിച്ച് ശുദ്ധീകരിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാനും ഫലപ്രാപ്തി കൂട്ടാനും കഴിയും. സാധാരണ ഗതിയില്‍ ഏതാണ്ട് 20 മുതല്‍ 25 വരെ ആംപ്യൂള്‍ പ്രതിവിഷമാണ് ഒരു രോഗിക്കു നല്‍കേണ്ടി വരിക.
നിലവിലുള്ള പ്രതിവിഷം ചില ഘടകങ്ങള്‍ നീക്കം ചെയ്ത് ശുദ്ധീകരണ പ്രക്രിയയ്ക്ക് വിധേയമാക്കി രോഗിക്ക് നല്കിയാല് അളവ് 10 മുതല്‍ 12 വരെ ആംപ്യൂളാക്കി കുറയ്ക്കാം. ഇതോടൊപ്പം പാര്‍ശ്വഫലങ്ങളും കുറയ്ക്കാനാവുമെന്ന് വിഷചികിത്സാ വിദഗ്ദ്ധന് ഡോ. ജോസഫ് കെ. ജോസഫ് പറഞ്ഞു. പ്രതിവിഷത്തിന്റെ അളവ് പകുതിയാക്കുന്നത് ചികിത്സാ ചെലവ് കുറയ്ക്കാന്‍ സഹായകമാകും.
പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന പ്രതിവിഷം അവിടെത്തന്നെയാണ് ശുദ്ധീകരണ പ്രക്രിയയ്ക്കു വിധേയമാക്കുക. ഇന്ത്യയില്‍ അങ്കമാലി ലിറ്റില്‍ഫ്ളവര്‍ ആശുപത്രിക്കു പുറമെ സി.എം.സി. വെല്ലൂര്‍, ജിപ്മെര്‍ പോണ്ടിച്ചേരി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വാര്‍ധ എന്നീ സ്ഥാപനങ്ങളെയാണ് ശുദ്ധീകരിച്ച പ്രതിവിഷം ഉപയോഗിച്ചുള്ള ചികിത്സയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
ലിറ്റില്‍ഫ്ളവര്‍ ആശുപത്രിയില്‍ ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് വിഷ ചികിത്സയില്‍ കാല്‍നൂറ്റാണ്ടായി ഗവേഷണം നടന്നുവരുന്നുണ്ട്. ഒരേ ഇനത്തില്‍ പെട്ട പാമ്പുകള്‍ക്ക് വ്യത്യസ്ത സ്ഥലങ്ങളില്‍ വിഷത്തിന്റെ വീര്യത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുമെന്നും അതിനാല്‍ കേരളത്തില്‍ പ്രതിവിഷം ഉത്പാദിപ്പിക്കേണ്ടത് കൂടുതല്‍ രോഗികളുടെ ജീവന് രക്ഷിക്കാന്‍ അനിവാര്യമാണെന്നും ഡോ. ജോസഫ് കെ. ജോസഫ് പറഞ്ഞു.
കടിയേറ്റയാളുടെ രക്തപരിശോധന നടത്തി കടിച്ചത് ഏതു തരം പാമ്പാണെന്നു തിരിച്ചറിയാനുള്ള പഠനം കേരള യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ആശുപത്രിയില്‍ നടക്കുന്നുണ്ട്.
Content Highlights: Anti venom treatment price , Anti venom