ന്യൂഡൽഹി: പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡി.ആർ.ഡി.ഒ. വികസിപ്പിച്ച കോവിഡ് മരുന്ന് 2-ഡി.ജി. (2-ഡിഓക്സി-ഡി-ഗ്ലൂക്കോസ്) അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ ഡ്രഗ്‌സ് കൺട്രോളർ ഓഫ് ഇന്ത്യ അനുമതി നൽകി.

ഗ്ലൂക്കോസാണ് മരുന്നിലെ പ്രധാന ഘടകം. അതിനാൽ രാജ്യത്ത് ഇത് ധാരാളമായി നിർമിക്കാനും വിതരണം ചെയ്യാനും കഴിയുമെന്ന് ഡി.ആർ.ഡി.ഒ. അറിയിച്ചു. കോവിഡ് രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ അനുകൂല ഫലം ലഭിച്ചതിനെത്തുടർന്നാണ് അനുമതി.

ഡി.ആർ.ഡി.ഒ.യുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ളിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസ് ലാബും ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയും സംയുക്തമായാണ് മരുന്ന് വികസിപ്പിച്ചത്. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ ലയിപ്പിച്ചാണ് കഴിക്കേണ്ടത്. മരുന്ന് വൈറസ് ബാധിച്ച കോശങ്ങളെ പൊതിയുകയും വൈറസിന്റെ പ്രജനനത്തെ തടയുകയും ചെയ്യുന്നു. വൈറസ് ബാധയുള്ള കോശങ്ങളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ എന്നതാണ് ഈ ഗ്ലൂക്കോസ് മരുന്നിനെ വേറിട്ടതാക്കുന്നത്.

പെട്ടെന്നുള്ള രോഗശമനത്തിനും രോഗികൾ മെഡിക്കൽ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും മരുന്ന് സഹായിക്കുമെന്ന് ക്ലിനിക്കൽ പരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. മരുന്ന് നൽകിയശേഷം ആർ.ടി.പി.സി.ആർ. പരിശോധനയിൽ വലിയ വിഭാഗം രോഗികൾ നെഗറ്റീവായി. വളരെ വേഗംതന്നെ രോഗികൾ സാധാരണനിലയിലേക്ക് വരുന്നതിനാൽ ആശുപത്രിവാസവും കുറയ്ക്കാനായി. കഴിഞ്ഞവർഷം മേയ് മുതൽ ഒക്ടോബർവരെ നടത്തിയ രണ്ടാംഘട്ട പരീക്ഷണത്തിൽ മരുന്ന് സുരക്ഷിതമാണെന്നും കണ്ടെത്തിയിരുന്നു.

Content Highlights: Anti Covid drug developed by DRDO, Health, Covid19