തിരുവനന്തപുരം: രണ്ടുവയസ്സില്‍താഴെയുള്ള കുട്ടികള്‍ക്ക് മറ്റൊരു പ്രതിരോധ വാക്‌സിന്‍കൂടി നല്‍കുന്നു. ന്യുമോണിയക്ക് (ന്യൂമോകോക്കല്‍ ന്യുമോണിയ) എതിരായ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പി.സി.വി.) ആണ് മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും നല്‍കുന്നത്.

ഗുരുതര ന്യുമോണിയക്കു കാരണം മിക്കപ്പോഴും ന്യൂമോ കോക്കല്‍ ബാക്ടീരിയയാണ്. ന്യൂമോ കോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന് ഇതുമൂലമുള്ള ന്യുമോണിയയും അനുബന്ധ രോഗങ്ങളും തടയാന്‍ കഴിയും. രക്തം, ചെവി, സൈനസ് എന്നിവയിലെ അണുബാധ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കും ഈ ബാക്ടീരിയ കാരണമാകുന്നുണ്ട്.

നിലവില്‍ കുട്ടികള്‍ക്ക് നകുന്ന പെന്റാവലന്റ് വാക്‌സിനില്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയക്കെതിരായ ഹിബ് വാക്സിന്‍ (ഹീമോഫിലസ് ഇന്‍ഫ്ളുവന്‍സ ടൈപ്-ബി) ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പമാണ് പി.സി. വാക്‌സിന്‍കൂടി നല്‍കുന്നത്.

ഒന്നരമാസത്തിലും മൂന്നരമാസത്തിലും ഓരോ ഡോസും ഒരുവയസ്സ് കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസുമാണ് ഇപ്പോള്‍ വാക്‌സിന്‍ നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ നലല്‍കുന്നത്. സംസ്ഥാനത്ത് വിതരണം എങ്ങനെയെന്ന് തീരുമാനിച്ചിട്ടില്ല.

വര്‍ഷം പത്തുലക്ഷം കുഞ്ഞുങ്ങളെങ്കിലും ന്യുമോണിയ ബാധിച്ച് ലോകത്ത് മരിക്കുന്നുണ്ട്. വയറിളക്കം, മലമ്പനി, മെനിഞ്ചൈറ്റിസ്, എച്ച്.ഐ.വി. എന്നിവ ഇതിനുതാഴെയാണ്. രാജ്യത്ത് ആയിരത്തില്‍ ഏഴു കുഞ്ഞുങ്ങള്‍ ന്യുമോണിയ ബാധിച്ച് മരിക്കുന്നുണ്ട്. ഇതില്‍ 30 ശതമാനം വരെ ന്യൂമോകോക്കല്‍ ന്യൂമോണിയയാണ് കാരണം.

അനുമതിയായി

വാക്‌സിനേഷന് സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും. സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങള്‍ വഴി സൗജന്യമായാണ് വാക്‌സിന്‍ നല്‍കുക.

-ഡോ. വി.ആര്‍. രാജു, ആരോഗ്യവകുപ്പ് ഡയറക്ടര്‍

കുഞ്ഞുങ്ങളിലെ ന്യുമോണിയ 25 ശതമാനം വരെ കുറയ്ക്കാനായി

ഹിബ് വാക്സിനിലൂടെ കുഞ്ഞുങ്ങളിലെ ന്യുമോണിയ 25 ശതമാനംവരെ കുറയ്ക്കാനായി. ന്യൂമോ കോക്കല്‍കോണ്‍ജുഗേറ്റ് വാക്‌സിന്‍കൂടി നല്‍കുന്നതോടെ ന്യുമോണിയ പൂര്‍ണമായി ചെറുക്കാനാവും.

- ഡോ. ജോണി സെബാസ്റ്റ്യന്‍
സെക്രട്ടറി, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് കേരള

Content Highlights: Another vaccine for children against pneumonia, Health