പ്രതീകാത്മക ചിത്രം | Getty image
വെള്ളത്തുണി പുതപ്പിച്ച ഒരുകുഞ്ഞുശരീരത്തെ മടിയിലിരുത്തി കരയുന്ന ഭോപ്പാലില്‍ നിന്നുള്ള എട്ട് വയസ്സുകാരന്റെ ചിത്രം ജൂലൈ ആദ്യവാരത്തിലാണ് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. അമിതവിളര്ച്ച ബാധിച്ച് മരിച്ച തന്റെ കുഞ്ഞിനെ വീട്ടിലെത്തിക്കാൻ വണ്ടിക്കായി ഓടിനടക്കുകയായിരുന്നു ആ സമയം അച്ഛൻ പൂജാറാം. ഈ സമയം രണ്ടു വയസ്സുള്ള അനുജന്റെ മൃതദേഹവുമായി ഇരിക്കുന്ന എട്ടു വയസ്സുകാരന്റെ ചിത്രം കരളലിയിപ്പിക്കുന്നതായിരുന്നു. മധ്യപ്രദേശില്‍ 6നും 59 മാസത്തിനും ഇടയിലുള്ള കുട്ടികളുടെ വിളര്‍ച്ചയില്‍ മൂന്ന് ശതമാനത്തിലധികം വര്‍ധനവുണ്ടായെന്നാണ് ദേശീയാരോഗ്യ സര്‍വ്വേ 5 (NFHS-5) കണക്കുകളിൽ വ്യക്തമാകുന്നത്.
2019- 21 ലെ ദേശീയാരോഗ്യ സര്‍വ്വേപ്രകാരം ഇന്ത്യയില്‍ 4 വയസ്സിനിടയിൽ പ്രായമുള്ള കുട്ടികളില്‍ 67 ശതമാനവും വിളർച്ചാ ബാധിതരാണ്. 2015-16ലെ NFHS-4 സര്‍വ്വേ പ്രകാരം ഇന്ത്യയിൽ 58.6 ശതമാനം കുട്ടികളില്‍ മാത്രമേ വിളര്ച്ചയുണ്ടായിരുന്നുള്ളൂ. എന്നാല്‍ 2019- 20ലെ സര്‍വ്വേ പ്രകാരം ഒൻപത് ശതമാനം കുട്ടികൾ കൂടി കൂടുതലായി വിളർച്ചാ ബാധിതരായി.
- 2005-06ല്‍ 69.4 ശതമാനമായിരുന്നു രാജ്യത്ത് കുട്ടികളുടെ വിളര്‍ച്ച നിരക്ക്
- 2015- 16 ലേക്കെത്തിയപ്പോള്‍ 10 ശതമാനത്തിലധികം കുറഞ്ഞ് 58.6 % ആയി
- 2019-20 ൽ 8.5 ശതമാനം ഉയര്‍ന്ന് 67.1 ശതമാനത്തിലെത്തി

2015-16ലെ NFHS സര്‍വ്വേ പ്രകാരം ഏഴ് സംസ്ഥാനങ്ങളിൽ 70 ശതമാനത്തിലധികമാണ് വിളർച്ച. രണ്ട് വയസ്സുകാരൻ രാജ മരിച്ച മധ്യപ്രദേശിൽ 72.7 ശതമാനമായിരുന്നു വിളർച്ച. രാജസ്ഥാന് - 71.5%, മധ്യപ്രദേശ്- 72.7 %, ഗുജറാത്ത്- 79.7% ബീഹാര്‍-69.4%, ഉത്തര്‍പ്രദേശ്-66.4% എന്നിങ്ങനെ പോകുന്നു മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ കണക്ക്. കേന്ദ്രഭരണപ്രദേശങ്ങളിലും സംസ്ഥാനങ്ങളിലുമാകെയായി കണക്കാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പേര് വിളര്‍ച്ചാ ബാധിതരായിരിക്കുന്ന പ്രദേശമാണ് ലഡാക്ക്- 92.5. കഴിഞ്ഞ സർവ്വേ പ്രകാരം ലഡാക്കിൽ 91.4 ശതമാനമായിരുന്നു വിളർച്ചാ നിരക്ക്.
പോഷകാഹാരക്കുറവാണ് ഒരു തലമുറയുടെ തന്നെ ആരോഗ്യത്തെ ഇല്ലാതാക്കുന്ന വിളര്‍ച്ചയ്ക്ക് കാരണം. കൂടുതൽ ഭക്ഷണവും പോഷകാഹാരവും നല്കുന്നതിലൂടെയേ അതിനെ മറികടക്കാനാവൂ. രാജ്യത്ത് കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ച തൊഴിലില്ലായ്മയും ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റവും കുട്ടികളെ കൂടുതല്‍ വിളര്‍ച്ചാ ബാധിതരാക്കുന്നതിന് ആക്കം കൂട്ടിയിട്ടുണ്ടാവാം എന്നാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സോഷ്യല്‍ ആന്റ് ബിഹേവിയര്‍ ചെയ്ഞ്ച് കമ്മ്യൂണിക്കേഷന്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജ്ജായിരുന്ന ഡോ. ജി ആര്. സന്തോഷ് കുമാര്‍
പറയുന്നത്.
Also Read
- ഏറ്റവും കുറവ് വിളർച്ച കേരളത്തിൽ
രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തില്നിന്നു കുറയുമ്പോഴാണ് വിളര്‍ച്ച അഥവാ അനീമിയ ഉണ്ടാകുന്നത്. രക്തനഷ്ടം , ഹീമോഗ്ലോബിന്റെ ഉത്പാദനം കുറയല്‍, ചുവന്ന രക്താണുക്കളുടെ ഉയര്‍ന്ന തോതിലുള്ള വിഘടനം എന്നിവയാണ് വിളര്‍ച്ചയിലേക്ക് നയിക്കുന്ന മൂന്ന് കാരണങ്ങള്‍. എല്ലാ വിഭാഗം ആളുകളിലും അനീമിയ കണ്ടുവരുന്നുവെങ്കിലും പ്രധാനമായും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരിലാണ് കൂടുതലായി കണ്ടുവരുന്നത്.

വിളര്‍ച്ച കൗമാരക്കാരില്‍
കൗമാരക്കാര്‍ക്കിടയിലും വിളര്‍ച്ചയില്‍ വലിയൊരു വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015-16ല്‍ പുറത്തിറങ്ങിയ ദേശീയാരോഗ്യ സര്‍വ്വേ പ്രകാരം 54.1 ശതമാനം കൗമാരക്കാരാണ് ഇന്ത്യയില്‍ വിളര്‍ച്ച നേരിട്ടതെങ്കില്‍ 2019-21 കണക്ക് പ്രകാരം കൗമാരക്കാരില്‍ വിളര്‍ച്ച അഞ്ച് ശതമാനം കൂടി 59.1 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
- ഗ്രാമീണ ഇന്ത്യയില്‍ 60 ശതമാനം കൗമാരക്കാരായ പെണ്‍കുട്ടികളും വിളര്‍ച്ച അനുഭവിക്കുന്നവർ.
- നഗരപ്രദേശങ്ങളില്‍ 56.5 ശതമാനം .
ഗര്‍ഭിണികളല്ലാത്ത സ്ത്രീകളില്‍ വിളര്‍ച്ച മുന്‍ വര്ഷങ്ങളിലേതിനേക്കാള് വര്‍ധിച്ചിട്ടുണ്ട്. 53.2 ശതമാനം ഗര്‍ഭിണികളല്ലാത്ത സ്ത്രീകളായിരുന്നു NFHS-4 സര്‍വേ പ്രകാരം വിളര്‍ച്ച രേഖപ്പെടുത്തിയിരുന്നതെങ്കില്‍ ഏറ്റവും പുതിയ സര്‍വ്വേയില്‍ നാല് ശതമാനം വര്‍ധനയുണ്ടായി അത് 57.2 ശതമാനമായി.
- ഗര്‍ഭിണികളിലെ വിളര്‍ച്ച രണ്ട് ശതമാനം വര്‍ധിച്ച് 52.2 ശതമാനമായി.
- 15നും 49നും പ്രായമുള്ള സ്ത്രീകളില്‍ മുന്‍വര്‍ഷത്തേക്കാള്‍ നാല് ശതമാനം വര്‍ധനവ്
- കേരളത്തിലെ 36 ശതമാനം സ്ത്രീകളിൽ വിളർച്ച.
- കേരളത്തില്‍ 18 ശതമാനം പുരുഷന്മാരും വിളര്‍ച്ച നേരിടുന്നവരാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..