Representative Image| Photo: Canva.com
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് കർശനനിർദേശവുമായി ഐ.സി.എം.ആർ. ബാക്ടീരിയൽ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത്. ഉപയോഗിക്കരുതാത്ത ആന്റിബയോട്ടിക്കുകളുടെ പട്ടികയും ഐ.സി.എം.ആർ. പുറത്തുവിട്ടു.
മറ്റെന്തെങ്കിലും വൈറൽബാധയുള്ള രോഗികളിൽ കോവിഡ് ഗുരുതരമായേക്കാം. അതിനാൽ, പ്രത്യേക ജാഗ്രത പുലർത്തണം. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, അഞ്ചുദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി, ചുമ എന്നിവ കണ്ടാൽ ഉടനടി വൈദ്യസഹായം തേടണം. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള മറ്റുമാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.
കഴിഞ്ഞയാഴ്ചമുതൽ രാജ്യത്ത് കോവിഡ് വർധിക്കുന്നുണ്ട്. തുടർന്ന് കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ നിരീക്ഷണവും ജാഗ്രതയും ശകതമാക്കണമെന്ന് ആരോഗ്യമന്ത്രാലയം കത്തെഴുതിയിരുന്നു.
വിലക്കുള്ള ആന്റിബയോട്ടിക്കുകൾ
- ലോപിനാവിർ-റിറ്റോണാവിർ
- ഹൈഡ്രോക്സിക്ലോറോക്വിൻ
- ഐവർമെക്റ്റിൻ
- കോൺവാലെസെന്റ് പ്ലാസ്മ
- മോൾനുപിരാവിർ
- ഫാവിപിരാവിർ
- അസിത്രോമൈസിൻ
- ഡോക്സിസൈക്ലിൻ
ഡയേറിയ കേസുകളിൽ 70 ശതമാനവും വൈറലാണ്, അവയ്ക്ക് ആന്റിബയോട്ടിക് കഴിക്കേണ്ട കാര്യമില്ല. പക്ഷേ അത്തരം സാഹചര്യത്തിലും ഡോക്ടർമാർ ആന്റിബയോട്ടിക് നിർദേശിക്കുന്നുണ്ടെന്നും അമോക്സിലിൻ, അമോക്സിക്ലാവ്, നോർഫ്ലൊക്സാസിൻ, സിപ്രോഫ്ളോക്സാസിൻ, ലെവോഫ്ളൊക്സാസിൻ തുടങ്ങിയവയാണ് കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന ആന്റിബയോട്ടിക്കുകൾ എന്നും ഐ.എം.എ. പറഞ്ഞിരുന്നു. അണുബാധ ബാക്റ്റീരിയൽ ആണോ അല്ലയോ എന്ന് ഉറപ്പായതിനുശേഷം മാത്രമേ ആന്റിബയോട്ടിക് നിർദേശിക്കാവൂ എന്നും ഐ.എം.എ. നിർദേശിക്കുകയുണ്ടായി.
എന്താണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ്?
ബാക്ടീരിയകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുകയോ അനുരൂപമാക്കുകയോ ചെയ്യുന്നതിലൂടെ അവയെ ഫലശൂന്യമാക്കുന്ന ബാക്ടീരിയയുടെ ആർജ്ജിത പ്രതിരോധശേഷിയെയാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്നു വിളിക്കുന്നത്.
Content Highlights: amid covid surge, icmr cautions on antibiotic use
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..