മലബാർ മിൽമ പുതിയ ഹൈടെക് ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് സ്ഥാനപതി എച്ച്.ഇ. ഡോ. റാൽഫ് ഹെക്നർ നിർവഹിക്കുന്നു. മിൽമ ചെയർമാൻ കെ.എസ്. മണി, മുൻചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ്, മാനേജിങ് ഡയറക്ടർ ഡോ. പാട്ടീൽ സുയോഗ് സുഭാഷ് റാവു, മന്ത്രി ജെ. ചിഞ്ചുറാണി, വേണു രാജാമണി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ., പി.ടി.എ. റഹീം എം.എൽ.എ., ദിവ്യ ശർമ തുടങ്ങിയവർ സമീപം.
കോഴിക്കോട്: മൃഗസംരക്ഷണവും ചികിത്സയും കുറ്റമറ്റതാക്കുന്നതിനായി മൊബൈല്‍ ചികിത്സാസംവിധാനവും ആംബുലന്‍സ് സേവനവും വ്യാപിപ്പിക്കുമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഇന്‍ഡൊ-സ്വിസ് സഹകരണത്തോടെയുള്ള ഉത്തരകേരള ക്ഷീര പദ്ധതി 35-ാം വാര്‍ഷികം ഉദ്ഘാടനച്ചടങ്ങിലാണ് അധ്യക്ഷയായിരുന്ന മന്ത്രി ഇക്കാര്യമറിയിച്ചത്.
''കേരളത്തില്‍ 30 ലക്ഷം പശുക്കളാണുള്ളത്. ഒരുലക്ഷം പശുക്കള്‍ക്ക് ഒരു ആംബുലന്‍സ് എന്നരീതിയില്‍ ആദ്യഘട്ടമായി 29 ആംബുലന്‍സുകള്‍ ഉടന്‍ പുറത്തിറക്കും. പശുക്കളെ പൊക്കിയെടുത്ത് കൊണ്ടുവരാനുള്ള ക്രെയിന്‍ ഉള്‍പ്പെടെയുള്ള ടെലി വെറ്ററിനറിയൂണിറ്റും ഒരുക്കും. മനുഷ്യര്‍ക്കെന്നപോലെ മൃഗങ്ങള്‍ക്കും യഥാസമയം ചികിത്സയും അതിനായുള്ള സൗകര്യങ്ങളും ഉറപ്പാക്കും. വെറ്ററിനറി വാക്സിനുകള്‍ നിര്‍മിക്കാനുള്ള ലാബുകള്‍ കേരളത്തില്‍ സ്ഥാപിക്കും''-മന്ത്രി പറഞ്ഞു.
ഇന്‍ഡൊ-സ്വിസ് സഹകരണത്തോടെയുള്ള ഉത്തരകേരള ക്ഷീരപദ്ധതി 35-ാം വാര്‍ഷികം ഉദ്ഘാടനവും മലബാര്‍ മില്‍മയുടെ പുതിയ ഹൈടെക് ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനവും ഇന്ത്യയിലെ സ്വിറ്റ്സര്‍ലന്‍ഡ് സ്ഥാനപതി ഡോ. റാള്‍ഫ് ഹെക്നര്‍ നിര്‍വഹിച്ചു. ക്ഷീരോത്പാദനമേഖലയിലെ കേരളമാതൃക ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ''വിജയം കൈവരിച്ച ഈ കേരള മാതൃക തങ്ങള്‍ പിന്നീട് പഞ്ചാബിലേക്കും ആന്ധ്രാപ്രദേശിലേക്കും രാജസ്ഥാനിലേക്കും സിക്കിമിലേക്കും, ഒഡിഷയിലേക്കും വ്യാപിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് ഭൂട്ടാന്, നേപ്പാള്‍, ശ്രീലങ്ക, ടാന്‍സാനിയ, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളും കേരളമാതൃക നടപ്പാക്കി''-ഹെക്നര്‍ പറഞ്ഞു.
കേരളസര്‍ക്കാര്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി എക്സ്റ്റേണല്‍ കോ-ഓപ്പറേഷന് വേണു രാജാമണി ആമുഖപ്രഭാഷണം നടത്തി. മില്‍മ മുന്‍ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പിനെ ആദരിച്ചു.
ഏറ്റവും മികച്ച ബള്‍ക്ക് കൂളര്‍ സംഘത്തിനുള്ള സമ്മാനദാനം വേണു രാജാമണിയും, മികച്ച ഗുണനിലവാരമുള്ള പാല് നല്കിയ സംഘത്തിനുള്ള സമ്മാനം തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ.യും ഏറ്റവും കൂടുതല്‍ മില്‍മ ഉത്പന്നങ്ങള്‍ വിപണനം നടത്തിയ സംഘത്തിനുള്ള സമ്മാനം പി.ടി.എ. റഹീം എം.എല്‍.എ.യും നല്കി. മില്‍മ ചെയര്മാന് കെ.എസ്. മണി സ്വാഗതവും മാനേജിങ് ഡയറക്ടര്‍ ഡോ. പി. മുരളി നന്ദിയും പറഞ്ഞു.
Content Highlights: veterinary treatment, ambulances and mobile treatment system, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..