Representative Image | Photo: Canva.com
ലോസ് ആഞ്ജലിസ്: അൽഷിമേഴ്സ് രോഗംമൂലമുള്ള സ്മൃതിനാശം സാവധാനത്തിലാക്കാൻ ‘ലെകാനെമാബ്’ എന്ന പുതിയ മരുന്നിന് സാധിക്കുന്നുണ്ടെന്ന് കണ്ടെത്തൽ. 18 മാസം മരുന്നുപയോഗിച്ചവരിൽ സ്മൃതിനാശം 27 ശതമാനംവരെ സാവധാനത്തിലായി. നിലവിൽ അൽഷിമേഴ്സിന് ഫലപ്രദമായ ചികിത്സയൊന്നും ഇല്ലെന്നിരിക്കെ പുതിയ ഫലം വലിയ മുന്നേറ്റമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
ബീറ്റ അമിലോയ്ഡ് എന്ന മാംസ്യം തലച്ചോറിൽ അടിഞ്ഞുകൂടുന്നതു നീക്കാൻ ലെകാനെമാബിനു കഴിയുന്നുണ്ട്. ബീറ്റ അമിലോയ്ഡിന്റെയും മറ്റൊരു മാംസ്യമായ റ്റൗവുവിന്റെയും സാന്നിധ്യമാണ് അൾഷിമേഴ്സിന്റെ ലക്ഷണം. പക്ഷേ, ഇവയാണ് രോഗത്തിന്റെ മൂലകാരണമെന്നു കണ്ടെത്തിയിട്ടില്ല. എന്നാൽ, ലെകാനെമാബ് ബീറ്റ അമിലോയ്ഡിനുള്ള പ്രതിദ്രവ്യമായി പ്രവർത്തിച്ചെന്നു കണ്ടെത്തി. സ്മൃതിനാശത്തിന് ബീറ്റ അമിലോയ്ഡ് നേരിട്ടു കാരണമാകുന്നു എന്നും ഇതിൽനിന്നു വ്യക്തമായി.
യു.എസിലെ ബയോജെൻ, ജപ്പാനിലെ എയ്സായ് എന്നീ കമ്പനികൾ ചേർന്നാണ് ലെകാനെമാബ് വികസിപ്പിച്ചത്. അൾഷിമേഴ്സ് ബാധിതരായ 1795 പേരിൽ പരീക്ഷിച്ചു. ഇവരിൽ പകുതിപ്പേർക്ക് ലെകാനെമാബും ബാക്കിയുള്ളവർക്ക് ഇതിനോടു സാമ്യമുള്ള പാദാർഥവും നൽകിയായിരുന്നു പരീക്ഷണം.
യു.എസിലെ സാൻഫ്രാൻസിസ്കോയിൽ നടന്ന ക്ലിനിക്കൽ ട്രയൽസ് ഓൺ അൽഷിമേഴ്സ് ഡിസീസ് കോൺഫറൻസിൽ മരുന്നിന്റെ വിശദാംശങ്ങൾ അവതരിപ്പിച്ചു. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലും പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘അൽഷിമേഴ്സ് മൂലം കഷ്ടത അനുഭവിക്കുന്ന ലക്ഷക്കണക്കിനാളുകൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രതീക്ഷനൽകുന്ന വാർത്തയാണിത്. ഇതൊരു തുടക്കംമാത്രം. 27 ശതമാനത്തിൽനിന്ന് നൂറുശതമാനത്തിലേക്ക് എത്തുകയാകണം ലക്ഷ്യം’- അൽഷിമേഴ്സ് ഡ്രഗ് ഡിസ്കവറി ഫൗണ്ടേഷൻ സഹസ്ഥാപകൻ ഹൊവാഡ് ഫില്ലിറ്റ് പറഞ്ഞു.
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് മേധാക്ഷയം ബാധിച്ച 5.5 കോടി ആളുകളുണ്ട്.
Content Highlights: alzheimers drug lecanemab hailed as momentous breakthrough
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..