സംസാരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം, പാർക്കിൻസൺസ് രോ​ഗത്തിന്റെ പ്രാരംഭലക്ഷണമാകാം


Representative Image| Photo: Canva.com

മസ്തിഷ്കത്തിന്റെ തകരാറിനുകാരണമാകുന്ന രോഗങ്ങളിലൊന്നാണ് പാർക്കിൻസൺസ് രോഗം. നിരവധി ജീവിതങ്ങളെയാണ് പാർക്കിൻസൺസ് രോ​ഗം പിടിച്ചുലച്ചത്. ആ​ഗോളതലത്തിൽ പത്തു മില്യണിലധികം ജനങ്ങൾ ഈ രോ​ഗത്താൽ വലയുന്നുണ്ട്. ശാശ്വത പരിഹാരമില്ലെങ്കിലും നേരത്തേ കണ്ടെത്തിയാൽ ഒരുപരിധിവരെ നിയന്ത്രിക്കാം എന്നതാണ് ഈ രോ​ഗത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ പാർക്കിൻസൺസ് രോ​ഗത്തിന്റെ ഭാ​ഗമായി നേരത്തേ കാണുന്ന പ്രധാന ലക്ഷണങ്ങളിലൊന്നിനെ കുറിച്ച് കണ്ടെത്തിയിരിക്കുകയാണ് ഒരു ​ഗവേഷകൻ.

ലിത്വാനിയയിലെ കൗനസ് ടെക്നോളജി യൂണിവേഴ്സിറ്റിയിലെ ​ഗവേഷകൻ റൈറ്റിസ് മസ്കെലിയുനസ് ആണ് ഈ പഠനത്തിനു പിന്നിൽ. സർവകലാശാലയിലെ മറ്റ് ​ഗവേഷകർക്കൊപ്പം ചേർന്ന് വോയ്സ് ഡാറ്റ ഉപയോ​ഗിച്ച് പാർക്കിൻസൺസ് രോ​ഗത്തിന്റെ നേരത്തേയുളള ലക്ഷണങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു അദ്ദേ​ഹം. തുടർന്നാണ് മോട്ടോർ ഫങ്ഷനുകളായ കൈ വിറയൽ, പേശികളുടെ കാഠിന്യം, ബാലൻസ് നഷ്ടമാകൽ തുടങ്ങിയവ പോലെ തന്നെ വോക്കൽ കോർഡിനും പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയത്. സംസാരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും പാർക്കിൻസൺസ് രോ​ഗത്തിന്റെ ലക്ഷണമാകാം എന്നാണ് ഇവർ കണ്ടെത്തിയത്. മറ്റ് മോട്ടോർ ഫങ്ഷൻ തകരാറുകളേക്കാൾ ആദ്യമേ ഈ ലക്ഷണം പ്രകടമായേക്കാം എന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.

പാർക്കിൻസൺസ് രോ​ഗത്തിന്റെ പ്രാരംഭ ഘട്ടങ്ങളിലുള്ളവർ വളരെ പതുങ്ങിയോ, പതുക്കെയോ, അവ്യക്തമായോ ആകും സംസാരിക്കുക. പലപ്പോഴും കേൾ‌വിക്കാരന് മനസ്സിലാക്കാനും ബുദ്ധിമുട്ടായിരിക്കും. രോ​ഗം പുരോ​ഗമിക്കുന്നതിനൊപ്പം ഉച്ഛാരണത്തിൽ വ്യക്തതക്കുറവും വാക്കുകൾക്കിടയിൽ ഇടവേള ഇടാതിരിക്കലും തുടങ്ങി സംസാരം കൂടുതൽ അവ്യക്തമാകും. ഇവയെല്ലാം പാർക്കിൻസൺസ് നേരത്തേ കണ്ടെത്താനുള്ള ലക്ഷണങ്ങളാണെന്നാണ് ​ഗവേഷകർ പറയുന്നത്.

നേരത്തേ മുതൽ സംസാരവും പാർക്കിൻസൺസ് രോ​ഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും വ്യത്യസ്തമായ രീതിയിലാണ് റൈറ്റിസും സംഘവും ഈ ​ഗവേഷണത്തെ സമീപിച്ചത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈ ​ഗവേഷകർ പുതിയ അനുമാനത്തിലെത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ സ്പീച് സി​ഗ്നലുകൾ വിലയിരുത്തിയാണ് അനുമാനത്തിലെത്തിയത്. ഒരു സൗണ്ട്പ്രൂഫ് ബൂത്തിൽ വച്ച് ആരോ​ഗ്യവാന്മാരായ ആളുകളുടെയും പാർക്കിൻസൺസ് രോ​ഗികളുടെയും സംസാരം റെക്കോർഡ് ചെയ്താണ് പരീക്ഷണം നടത്തിയത്.

എന്താണ് പാർക്കിൻസൺസ്?

തലച്ചോറിലെ സുപ്രധാനമായ ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ചില കോശങ്ങൾക്ക് സംഭവിക്കുന്ന നാശമാണ് പാർക്കിൻസൺസ് എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. ശരീരചലനങ്ങളെ നിയന്ത്രിക്കുന്ന ഡോപാമിൻ എന്ന ന്യൂറോട്രാൻസ്മിറ്റർ ഉത്പാദിപ്പിക്കുന്ന കോശങ്ങൾക്കാണ് നാശം സംഭവിക്കുന്നത്. ചെറിയ രീതിയിലുള്ള നാശം സംഭവിക്കുന്ന ഘട്ടങ്ങളിൽ രോഗലക്ഷണങ്ങൾ അത്രകണ്ട് പ്രകടമാക്കപ്പെടാറില്ല. എന്നാൽ എഴുപത് ശതമാനത്തോളം നാശം സംഭവിച്ച് തുടങ്ങുമ്പോഴേക്കും ശക്തമായ രീതിയിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാക്കപ്പെടാം.

വിവിധ തരത്തിലുള്ള ലക്ഷണങ്ങൾ പാർക്കിൻസൺസ് രോഗികളിൽ കാണപ്പെടാറുണ്ട്. വിറയൽ, ചലനശേഷിയിലെ കുറവ്, പെട്ടെന്നുള്ള ഉറക്കം, ദീർഘനേരമുള്ള ഉറക്കം, വിഷാദരോഗികളെ പോലെയുള്ള പെരുമാറ്റം, പ്രതികരണശേഷിയിലെ കുറവ്, മന്ദത തുടങ്ങിയ അനേകം ലക്ഷണങ്ങൾ പാർക്കിൻസൺസിനുണ്ട്. രോഗത്തിന്റെ തീവ്രത വർദ്ധിക്കുന്നതിനനുസരിച്ച് രോഗിയുടെ സ്വാഭാവികമായ പ്രതികരണശേഷം ഇല്ലാതാവുക, വിറയൽ കൂടുതൽ ശക്തമാവുക, മുഖചലനങ്ങളിൽ നിർവ്വികാരത പ്രകടമാവുക, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക തുടങ്ങിയവ സംഭവിക്കും.

രോഗനിർണയം

പൊതുവായ ചില രോഗലക്ഷണങ്ങൾ വിശകലനം ചെയ്ത് തന്നെ സാധാരണഗതിയിൽ പാർക്കിൻസൺസ് രോഗനിർണ്ണയം നടത്തുവാൻ വിദഗ്ദ്ധനായ ന്യൂറോളജിസ്റ്റിന് സാധിക്കും. ചില സന്ദർഭങ്ങളിൽ സ്‌പെക്ട് സി.ടി. (SPECT CT), ഡാറ്റ് സ്‌കാൻ (DaT Scan) മുതലായവ നിർദ്ദേശിക്കപ്പെടാറുണ്ട്. പ്രാഥമിക വിശകലനങ്ങളിലൂടെ രോഗനിർണ്ണയം നടത്താൻ സാധിക്കാതെ വരുന്ന ഘട്ടങ്ങളിൽ മാത്രമേ ഇത്തരം രീതികൾ സ്വീകരിക്കേണ്ടതായി വരാറുള്ളൂ. അതുപോലെ തന്നെ രോഗത്തിന് കാരണമായ ഘടകങ്ങളെ തിരിച്ചറിയാൻ ചില രക്തപരിശോധനകളും ആവശ്യമായി വരാറുണ്ട്. തലച്ചോറിലെ വ്യതിയാനങ്ങൾ മനസ്സിലാക്കേണ്ടി വരികയാണെങ്കിൽ ചിലപ്പോൾ എം.ആർ.ഐ., പെറ്റ് സ്‌കാൻ മുതലായ ഇമേജിങ്ങ് പരിശോധനകളും നടത്താറുണ്ട്.

ചികിത്സ

വിദഗ്ദ്ധനായ ന്യൂറോളജിസ്റ്റിനെ സന്ദർശിച്ച് കൃത്യമായ രോഗവിവരങ്ങളും രോഗിയുടെ അവസ്ഥകളും സാഹചര്യങ്ങളും രോഗത്തിന്റെ അവസ്ഥയുമെല്ലാം പരിഗണിച്ചാണ് ചികിത്സ നിർദ്ദേശിക്കപ്പെടാറുള്ളത്. പ്രധാനമായും മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയാണ് അനുവർത്തിക്കാറുള്ളത്. ചില സന്ദർഭങ്ങളിൽ ശസ്ത്രക്രിയ, ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (DBS) മുതലായ ചികിത്സാ രീതികളും നിർദ്ദേശിക്കപ്പെടാറുണ്ട്. ഡോപമിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മരുന്നുകളാണ് പ്രധാനമായും നിർദ്ദേശിക്കപ്പെടാറുള്ളത്.

ജീവിതശൈലിയിലെ മാറ്റങ്ങളും നിർദ്ദേശിക്കപ്പെടാറുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പ് വരുത്തൽ ഇതിൽ പ്രധാനപ്പെട്ടതാണ്. ന്യൂട്രീഷ്യനുകൾ, ഒമേഗ 3 ഫാറ്റി ആസിഡ്, കൂടുതൽ നാരുള്ള ഭക്ഷണം, ധാരാളം അളവിൽ വെള്ളം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. പേശികളുടെ ആരോഗ്യവും ശക്തിയും, ചലനാത്മകതയും ശരിയായി നിലനിർത്തുന്നതിനാവശ്യമായ വ്യായാമകാര്യങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. വിദഗ്ദ്ധനായ ഡോക്ടറുടേയും, ഫിസിയോതെറാപ്പിസ്റ്റിന്റെയും മേൽനോട്ടവും നിർദ്ദേശവും ഇതിനാവശ്യമാണ്.


Content Highlights: altered speech may be the first sign of parkinsons disease

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


accident

1 min

അമിതവേഗതയിലെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം | Video

Mar 27, 2023

Most Commented