Representative Image| Photo: ANI
ന്യൂഡൽഹി: ലോകത്ത് റിപ്പോർട്ടുചെയ്ത ഒമിക്രോണിന്റെ എല്ലാ ഉപവകഭേദങ്ങളും ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം. എന്നാൽ, വിദേശരാജ്യങ്ങളിലേതുപോലെ രോഗവ്യാപനത്തിനു സാധ്യതയില്ല. മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. കേസുകളിൽ നേരിയ വർധനയുണ്ടായത് കേരളത്തിൽ മാത്രമാണ്.
രാജ്യത്ത് പരിശോധിക്കുന്ന കോവിഡ് സാംപിളുകളിൽ 15 ശതമാനത്തിലും എക്സ്.ബി.ബി., ബി.എ.2.75, ബി.ജെ. ഒന്ന് തുടങ്ങിയ ഒമിക്രോണിന്റെ ഉപവകഭേദങ്ങളുണ്ട്. ഡിസംബർ 24-നും ജനുവരി മൂന്നിനുമിടയിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നടന്ന പരിശോധനയിൽ 124 യാത്രക്കാരിൽ കോവിഡ് കണ്ടെത്തിയിരുന്നു.
രാജ്യത്ത് നിലവിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും കരുതൽ തുടർന്നാൽ മതിയെന്നും നേരത്തേ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞിരുന്നു. കോവിഡിന്റെ പുതിയ വകഭേദങ്ങൾ ഇനിയും വന്നുകൊണ്ടിരിക്കും. രാജ്യത്ത് ഭീതി പടർത്താതിരിക്കാൻ സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കൂ എന്നാണ് ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും മന്ത്രി പറയുകയുണ്ടായി.
ബി.എഫ്.7
ഒമിക്രോൺ വകഭേദമായ ബി.എഫ്.7 ആണ് ചൈനയിലെ വ്യാപനത്തിനു പിന്നിൽ. തുടർന്ന് ഇന്ത്യയിലും ഈ വകഭേദം സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നിരുന്നു. കടുത്ത തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, കടുത്തപനി തുടങ്ങിയവയെല്ലാം ബി.എഫ്-7 വകഭേദത്തിൽ കൂടുതൽ കാണുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മുൻപ് അസുഖബാധിതരായവരും പ്രായമായവരും ഹൃദ്രോഗം, ഡയബറ്റിസ്, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവ ഉള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അമേരിക്ക, യു.കെ., ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നേരത്തേ ബി.എഫ്.7 വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു.
എക്സ്.ബി.ബി. വകഭേദങ്ങൾ
ഒമിക്രോണിന്റെതന്നെ ബി.ജെ.1, ബി.എ.2.75 ഉപവിഭാഗങ്ങൾ ചേർന്നുള്ളതാണ് എക്സ്.ബി.ബി. കോവിഡ് വകഭേദങ്ങളിൽ ഏറ്റവും രോഗവ്യാപന ശേഷിയുള്ള ഇത് സിങ്കപ്പൂരിൽ ഓഗസ്റ്റിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, പനി, തളർച്ച, തലവേദന, വയറിളക്കം, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. എക്സ്.ബി.ബി.-1, എക്സ്.ബി.ബി.-1.5 എന്നിവയാണ് ഈ വൈറസിന്റെ ഉപവകഭേദങ്ങൾ. എക്സ്.ബി.ബി. മഹാരാഷ്ട്രയിലുൾപ്പെടെ ഇന്ത്യയിലെ പലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. XBB പോലുള്ള വകഭേദങ്ങൾ കൂടിവരുന്നത് കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും വീണ്ടും വൈറസ് പടരുന്നതിനും ഇടയാക്കുമെന്ന് കൊളംബിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു.
Content Highlights: all sub variants of omicron detected in india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..