കോഴിക്കോട്: കോവിഡ് കാലത്ത് മദ്യമുക്തി ചികിത്സ തേടിയെത്തിവരുടെ എണ്ണത്തില്‍ കുറവ്. മയക്കുമരുന്ന് കിട്ടാതായതിന്റെ പേരില്‍ ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ നേരിട്ട് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. എന്നാല്‍, വിലകൂടിയ മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോള്‍ കൂടുതലാണ്.

കോഴിക്കോട് ബീച്ച് ആശുപത്രിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വിമുക്തി കേന്ദ്രത്തില്‍ മാര്‍ച്ച് മുതല്‍ ജൂലായ് വരെ നൂറ്റമ്പതു പേരാണ് മദ്യാസക്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയെത്തിയത്. പിന്നീടുള്ള മാസങ്ങളില്‍ ഇത് കുറഞ്ഞു. തുടര്‍ന്ന് ഇതുവരെ 80 കേസുകളാണ് ഉണ്ടായത്.

മയക്കുമരുന്നുപയോഗത്തിന്റെ കാര്യത്തില്‍ സ്ഥിതി സങ്കീര്‍ണമാണ്. ലോക്ഡൗണ്‍കാലത്ത് 77 കേസുകളാണ് ആകെയുണ്ടായതെങ്കില്‍ പിന്നീടത് 40 ആയി കുറഞ്ഞു. എന്നാല്‍, വീര്യംകൂടിയതും അപകടസാധ്യതയേറിയതുമായ മയക്കുമരുന്നുപയോഗിക്കുന്നവരാണ് ഒടുവിലത്തെ മാസങ്ങളില്‍ ചികിത്സതേടിയെത്തിയത്.

കോവിഡിന്റെ ആദ്യമാസങ്ങളില്‍ മദ്യവും കഞ്ചാവുപോലുള്ള മയക്കുമരുന്നും കിട്ടാത്തതിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമായാണ് കൂടുതല്‍പേരെത്തിയത്. കഴിഞ്ഞ വര്‍ഷാവസാനത്തോടെ ഹെറോയിന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുപയോഗിക്കുന്നവരാണ് ചികിത്സതേടിയെത്തുന്നത്. മദ്യവിമുക്തി ചികിത്സ തേടിയവരില്‍ ചിലരെങ്കിലും വീണ്ടും മദ്യം ലഭ്യമായതോടെ അതിലേക്കു തിരിച്ചുപോയിരിക്കാനുള്ള സാധ്യതയും ചികിത്സകര്‍ തള്ളിക്കളയുന്നില്ല.

ഹെറോയിന്‍പോലെയുള്ളവ ലഭ്യമല്ലാതായപ്പോള്‍ പകരം ചില വേദനസംഹാരികള്‍ ഉപയോഗിച്ച് ലഹരി തേടിയവരുണ്ട്. അത്തരം ഗുളികകളും കിട്ടാതായതോടെയാണ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയത്.

ലോക്ഡൗണിനെത്തുടര്‍ന്ന് പൊടുന്നനെ മദ്യം കിട്ടാതായപ്പോള്‍ ആത്മഹത്യാശ്രമമുള്‍പ്പെടെ നടന്ന സാഹചര്യത്തിലാണ് വിമുക്തിചികിത്സ വ്യാപകമാക്കിയത്. പി.എച്ച്.സി. മുതല്‍ക്കുള്ള ആരോഗ്യ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് മദ്യാസക്തി മുക്ത ചികിത്സയ്ക്കുള്ള പരിശീലനം നല്‍കിയിരുന്നു.

ലഹരിമുക്തിക്ക് 24 മണിക്കൂറും ചികിത്സ

മദ്യമില്ലാതെതന്നെ സന്തോഷത്തോടെ ജീവിക്കാനാവുമെന്ന അവബോധം കുറേപ്പേര്‍ക്കെങ്കിലും കോവിഡ് കാലത്ത് ഉണ്ടായി. മദ്യവും മയക്കുമരുന്നുമുള്‍പ്പെടെയുള്ള ലഹരിയില്‍നിന്നു മുക്തി നേടാന്‍ ചികിത്സയുണ്ട്. മരുന്നും ഡോക്ടര്‍മാരുമുണ്ട്. രണ്ട് കൗണ്‍സിലര്‍മാരുടെ സേവനം വിമുക്തിയില്‍ 24 മണിക്കൂര്‍ ലഭ്യമാണ്.
- ഡോ. ടോം വര്‍ഗീസ്,
ഡി അഡിക് ഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍, കോഴിക്കോട്
വിമുക്തി ഹെല്‍പ്പ് ലൈന്‍ 9495002270

Content Highlights: Alcohol addiction treatment down, Health