Representational Image. Photo: Ramanth Pai/Mathrubhumi Archives
കണ്ണൂർ: കേരളത്തിലെ പന്നിക്കർഷകരെ ആശങ്കയിലാഴ്ത്തിയ ആഫ്രിക്കൻ പന്നിപ്പനി (ആഫ്രിക്കൻ സ്വൈൻ ഫീവർ) ക്കെതിരേ അമേരിക്കയിലെ കാർഷിക ഗവേഷകരുടെ സാങ്കേതികസഹായത്തോടെ വിയറ്റ്നാമിൽ വാക്സിൻ വികസിപ്പിച്ചെങ്കിലും ഇന്ത്യയിൽ ലഭ്യമല്ല.
2019-ൽ ഈ പുതിയ വാക്സിൻ വികസിപ്പിക്കുകയും വിജയകരമായി പരീക്ഷണം നടത്തുകയും ചെയ്തിരുന്നു. ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കാത്തതാണ് ഇന്ത്യയിൽ ഇത് വിതരണത്തിനെത്താത്തതിന് കാരണം. ഡ്രഗ്സ് കൺട്രോളറുടെ അനുമതി ലഭിക്കണമെങ്കിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ) ശുപാർശ ചെയ്യണം.
നിലവിൽ, ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചാൽ അവയെ കൂട്ടത്തോടെ കൊന്നൊടുക്കുക മാത്രമേ പോംവഴിയുള്ളൂ.
രണ്ടുതരത്തിലുള്ള പനിയാണ് പന്നികളെ ബാധിക്കുന്നത്. ഇവയിൽ പന്നിപ്പനിക്കുള്ള (ക്ലാസിക്കൽ സ്വൈൻ ഫിവർ) വാക്സിൻ കേരളത്തിൽ പ്രചാരത്തിലുണ്ട്. പനി കാട്ടുപന്നികളെയും ബാധിക്കും. ദീർഘദൂരം സഞ്ചരിക്കുന്നതിനാൽ കാട്ടുപന്നികളിൽനിന്ന് മറ്റുള്ളവർക്ക് എളുപ്പം പകരും.
വാക്സിൻ ലഭ്യമാക്കുകമാത്രം പോംവഴി
മൃഗങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുമ്പോൾ സർക്കാർ കൃഷിക്കാർക്ക് നഷ്ടപരിഹാരം നൽകണം. അത് സർക്കാരിന് വൻബാധ്യത വരുത്തും. ഇത്രയും ബുദ്ധിമുട്ടില്ല വാക്സിൻ ഇറക്കുമതിക്ക് അനുമതി നൽകാൻ. അനുമതി കിട്ടിയാൽ കമ്പനികൾ കൊണ്ടുവരും. രാജ്യത്ത് സ്വന്തമായി വാക്സിൻ വികസിപ്പിക്കാൻ വർഷങ്ങളെടുക്കും.
ഡോ. സി.പി. ഗോപകുമാർ,
പന്നിവളർത്തൽ ഗവേഷകൻ, മൈസൂരുവിലെ ഡി.എൽ.ജി. ഫാം മാനേജിങ് ഡയറക്ടർ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..