പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: വടക്കുകിഴക്കൻ ഇന്ത്യയിലും ബിഹാറിലും ആഫ്രിക്കൻ പന്നിപ്പനി പടരുന്ന സാഹചര്യത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം. രോഗം പടരുന്ന സ്ഥലങ്ങളിൽ ഇറച്ചിവിൽപ്പന നിരോധിച്ചതോടെ ഇവയ്ക്ക് വിലയിടിഞ്ഞു. ഈ സാഹചര്യത്തിൽ ഇവിടങ്ങളിൽനിന്ന് നിസ്സാരവിലയ്ക്ക് പന്നികളെ കടത്തിക്കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന സൂചനയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്.
ഇതുസംബന്ധിച്ച കേന്ദ്ര മൃഗസംരക്ഷണ കമ്മിഷണറുടെ കത്ത് സംസ്ഥാനത്തിനു ലഭിച്ചു. വളരെ വേഗമാണ് പന്നികളിൽ രോഗം പടരുന്നത്. വാക്സിനോ മറ്റു പ്രതിരോധമരുന്നുകളോ ഇല്ലാത്തതിനാൽ രോഗംബാധിച്ച പന്നികൾ കൂട്ടത്തോടെ ചാകുകയാണ്. ചെക്പോസ്റ്റുകളിലും അതിർത്തിപങ്കിടുന്ന മറ്റു സ്ഥലങ്ങളിലും പോലീസുമായി ചേർന്ന് മൃഗസംരക്ഷണവകുപ്പിന്റെ കർശന പരിശോധന വേണമെന്നും കേന്ദ്ര മൃഗസംരക്ഷണവകുപ്പ് കമ്മിഷണർ നിർദേശിച്ചു.
രണ്ടുവർഷംമുമ്പ് അസമിലാണ് ഇന്ത്യയിലാദ്യമായി ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് പന്നികളെ കൂടുതലായി വളർത്തുന്നത്. കേരളത്തിൽ ഏകദേശം ഒരുലക്ഷം വളർത്തുപന്നികളുണ്ടെന്നാണ് കണക്ക്. പന്നികളിൽമാത്രം കണ്ടുവരുന്ന രോഗമായതിനാൽ ഇത് മറ്റു മൃഗങ്ങളിലേക്ക് പകരില്ലെന്നും ചെള്ളുവഴി പന്നികളിലേക്ക് പകരുമെന്നും പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസിലെ ഡോക്ടർമാർ പറഞ്ഞു. അയൽസംസ്ഥാനങ്ങളിൽനിന്ന് പന്നികളെ കൊണ്ടുവരരുതെന്ന് കർഷകർക്ക് കേരളവും നിർദേശം നൽകിയിട്ടുണ്ട്.
ലക്ഷണങ്ങൾ
- കഠിനമായ പനി
- തീറ്റയെടുക്കാതിരിക്കൽ
- തൊലിപ്പുറത്തെ രക്തസ്രാവം
- വയറിളക്കം
കേന്ദ്ര മൃഗസംരക്ഷണ കമ്മിഷണറുടെ നിർദേശങ്ങൾ
- പന്നിയിറച്ചിക്കടകൾ, ഫാമുകൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യം സംസ്കരിക്കുക.
- പന്നിഫാമുകളിൽ വെറ്ററിനറി ഉദ്യോഗസ്ഥർ പരിശോധന നടത്തണം.
- ഫാമുകളിൽ വളർത്തുന്നവയിലും കാട്ടുപന്നികളിലും അസാധാരണമായി മരണനിരക്ക് കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. ഇവയുടെ സാംപിളുകൾ ഭോപാലിലെ നിസാദ് പോലുള്ള ലാബുകൾക്ക് കൈമാറണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..