പ്രതീകാത്മക ചിത്രം | Mathrubhumi (Photo: Ratheesh P.P)
തിരുവനന്തപുരം: ജീവിതരീതിയിലെ മാറ്റം കേരളത്തിലെ ആദിവാസികളുടെ നിലനില്പുതന്നെ അപകടത്തിലാക്കുന്നു. ഗര്‍ഭിണികളുടെ എണ്ണം തീരേ കുറഞ്ഞു. പോഷകാഹാരക്കുറവില്‍ കുട്ടികള്‍ക്ക് വിളര്‍ച്ച. ജീവിതശൈലീ രോഗങ്ങളും കൂടി. നാല്പതിനു താഴെയുള്ളവരുടെ മരണനിരക്കും ഉയരുന്നു.
വൈവിധ്യമുള്ള പരമ്പരാഗത ഭക്ഷണരീതി ഉപേക്ഷിച്ച കുട്ടികള്‍ നഗരങ്ങളിലെ ജങ്ക് ഫുഡിലേക്കു മാറി. ആണായാലും പെണ്ണായാലും ഊരിലെ ഭക്ഷണത്തോട് താത്പര്യം ഇല്ലാതായതോടെയാണ് രോഗബാധിതരായത്. പ്രമേഹത്തിനും കിഡ്നിരോഗങ്ങള്ക്കും അടിമയാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍. മുതിര്‍ന്നവരുടെ മദ്യപാനവും കൂടി.
ഗര്‍ഭംധരിക്കാന്‍ യുവതികള്‍ക്ക് ആരോഗ്യമില്ല. ഇതോടെ കുട്ടികളുടെ എണ്ണം കുറയുന്നു. കാടര്‍, ചോലനായ്ക്കര്‍ വിഭാഗങ്ങളിലാണ് കുട്ടികള്‍ കുറയുന്ന പ്രവണത കൂടുതലായി കണ്ടത്. വിളര്ച്ചബാധ കൂടുതലും പെണ്‍കുട്ടികളിലാണ്. വിദ്യാഭ്യാസത്തില്‍ മുന്നിലെത്താന്‍ ഇവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ബാധിക്കുന്നു.
സംസ്ഥാന ഭക്ഷ്യ കമ്മിഷന് ഭക്ഷ്യകമ്മിഷന് ചെയര്മാന് കെ.വി. മോഹന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഊരുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളാണിത്.
കുടകള്ക്കുകീഴില് മൊബൈലുമായി
ആണ്‍കുട്ടികള്‍ മൊബൈല്‍ ഫോണിന് അടിമയാണ്. വനത്തില്‍ മൊബൈല്‍ റേഞ്ചുള്ള ഭാഗത്ത് പൊരിവെയിലില്‍ കുടകള്ക്കുകീഴില് നിരന്നിരുന്ന് ചാറ്റു ചെയ്യുന്നതും വീഡിയോ നോക്കുന്നതുമാണ് കമ്മിഷന് കണ്ടത്. പഠനം അവസാനിപ്പിച്ച ഇവര്‍ പുറംനാട്ടില്‍ ജോലിചെയ്താണ് ഫോണ്‍ വാങ്ങിയതെന്ന് കമ്മിഷനംഗങ്ങളോടും ഉദ്യോഗസ്ഥരോടും പറഞ്ഞു.
അമൃതം പൊടിയും അരിയും
ആറുമാസം മുതല്‍ മൂന്നുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്കുന്ന അമൃതം പൊടി വിതരണത്തിലും ക്രമക്കേടുണ്ട്. സൗജന്യമായി നല്‍കേണ്ട 30 കിലോ റേഷനരിയില്‍ ചില കോളനികളില്‍ പത്തുകിലോയ്ക്ക് പണം വാങ്ങുന്നു. ഇതിനെതിരേ കമ്മിഷന് കേസെടുത്തിട്ടുണ്ട്.
സ്ത്രീകളുടെ രക്ഷയ്ക്ക് 'ഭാസുര'
കോളനികളിലെ സ്ത്രീകള്‍ക്ക് കമ്മിഷനുണ്ടാക്കിയ കൂട്ടായ്മയാണ് 'ഭാസുര.' ഭക്ഷ്യസുരക്ഷയുടെ ചുരുക്ക രൂപമാണിത്. 460 യൂണിറ്റുകളില്‍ വിദൂരമേഖലയിലെ 100 എണ്ണം മാതൃകാ യൂണിറ്റുകളാക്കും. വാര്‍ഡംഗം അധ്യക്ഷയും കോളനിയിലെ യുവതി കണ്‍വീനറുമായ ഓരോ യൂണിറ്റിലും ട്രൈബല്‍ മേഖലയിലെ പ്രൊമോട്ടറും അങ്കണവാടി വര്‍ക്കറും ഉള്‍പ്പെടും. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഇവരുടെ പ്രവര്‍ത്തന മേല്‍നോട്ടത്തിന് കമ്മിഷന് ഓഫീസില്‍ ഭാസുര സെല്ലും പ്രവര്‍ത്തിക്കുന്നു.
Content Highlights: adivasi children suffering from anemia, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..