തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ തലസ്ഥാനത്ത് 18 സജീവ കോവിഡ് ക്ലസ്റ്ററുകൾ. ജില്ലയിലെ 12 കോളേജുകളിലായി വിദ്യാർഥികൾക്കടക്കം 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നൂറോളം വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം എൻജിനിയറിങ് കോളേജ് അടച്ചു.

മിക്ക കോളേജുകളുടെയും ഹോസ്റ്റലുകൾ അടച്ച് ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തി. ശ്രീചിത്ര ആശുപത്രിയിൽ ഡോക്ടർമാരടക്കം 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ശസ്ത്രക്രിയകളുടെ എണ്ണം വെട്ടിക്കുറച്ചു. നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 50-ലേറെ പോലീസുകാർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. രണ്ട് എസ്.എച്ച്.ഒ.മാരടക്കമാണിത്.

കരവാരത്ത് എൻ.സി.സി. ക്യാമ്പിലും കൂട്ടത്തോടെ കോവിഡ് വ്യാപിച്ചു. ക്യാമ്പിലെ 25 പേർക്കാണ് രോഗബാധയുണ്ടായത്. ഗവ. കോളജ് ഓഫ് എൻജിനിയറിങ്, പാപ്പനംകോട് എസ്.സി.ടി. എൻജിനിയറിങ് കോേളജ്, എൽ.ബി.എസ്., ബാർട്ടൺഹിൽ തുടങ്ങിയ കോളേജുകളിലെ ഹോസ്റ്റലുകൾ ഒഴിപ്പിച്ചു.

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ വിദ്യാർഥികൾക്കിടയിൽ വൻ തോതിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 84 വിദ്യാർഥികൾക്കാണ് രണ്ടു ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്. ഇതരസംസ്ഥാന വിദ്യാർഥികൾ ഒഴികെയുള്ളവരോട് ഉടൻ ഹോസ്റ്റൽ ഒഴിയാൻ നിർദേശം നൽകി. ക്ലാസുകൾ ഓൺലൈനാക്കി. വെള്ളിയാഴ്ച കോളേജിൽ കൂട്ട കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

പാപ്പനംകോട് എസ്.സി.ടി. എൻജിനിയറിങ് കോേളജിൽ 45 വിദ്യാ‌ർഥികൾക്കാണ് രോഗം കണ്ടെത്തിയത്. ഏതാനും ദിവസം മുൻപ് ഇവിടെ തിരഞ്ഞെടുപ്പു നടത്തിയിരുന്നു. അതാണ് വ്യാപനം രൂക്ഷമാകാൻ കാരണം. ഇതിനിടെ, അവസാന വർഷക്കാരുടെ ഇന്റേണൽ പരീക്ഷ ഓഫ്‌ലൈനായി നടത്താൻ കോളേജ് അധികൃതർ തീരുമാനിച്ചതിനെതിരേ വിദ്യാർഥികൾ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

മെഡിക്കൽ കോളേജിൽ 173 പേർക്ക്

:തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരോഗ്യപ്രവർത്തകർക്കും ഫാർമസി വിദ്യാർഥികൾക്കുമടക്കം കഴിഞ്ഞ പത്തു ദിവസത്തിനിടെ 173 പേർക്കാണ്‌ കോവിഡ് ബാധിച്ചത്‌.

ബുധനാഴ്ച 36 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഫാർമസി കോളേജിലെ 61 വിദ്യാർഥികൾക്കും ഒമ്പത് അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

33 പാരാമെഡിക്കൽ വിദ്യാർഥികൾക്കും രോഗബാധയുണ്ട്. ആറ് മെഡിക്കൽ വിദ്യാർഥികളും 12 നഴ്‌സിങ്‌ സ്റ്റാഫും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

47 പേർ മെഡിക്കൽ കോളേജിലും മറ്റുള്ളവർ ഗൃഹനിരീക്ഷണത്തിലുമാണ്. വിദ്യാർഥികൾ പുതുവത്സരാഘോഷത്തിനായി കോളേജിൽ ഒത്തുകൂടിയിരുന്നു.

ഇതിൽ പങ്കെടുത്തവർക്കാണ് ആദ്യം കോവിഡ് പോസിറ്റീവായത്. പുതുവത്സരാഘോഷത്തിനു ശേഷം കോളേജിൽ ക്ലാസുകൾ നടന്നിരുന്നു. ഇതോടെയാണ് കൂടുതൽ പേരിലേക്ക് കോവിഡ് പടർന്നത്.

ഇത്രയും വിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചതോടെ കോളേജിനെ ക്ലസ്റ്ററായി കണക്കാക്കി ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിനുള്ളിലാണ് ഫാർമസി കോളേജും പ്രവർത്തിക്കുന്നത്.

ജില്ലയിൽ സമ്പർക്കവ്യാപനവും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്നവരിലെ രോഗബാധയും ക്രമാതീതമായാണ് വർധിക്കുന്നത്. വ്യാഴാഴ്ച 3404 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. 32.2 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. ബുധനാഴ്ച ഇത് 30.1 ശതമാനമായിരുന്നു.

Content highlights: acute covid proliferation, eighteen covid clusters in thiruvananthapuram district