Representative Image | Photo: Gettyimages.in
എടവണ്ണ: ഗർഭം നിലനിർത്തുന്നതിനുള്ള മരുന്നിനു പകരം ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറിനൽകിയതിനെ തുടർന്ന് യുവതിക്ക് ഗർഭച്ഛിദ്രം സംഭവിച്ചു. മരുന്ന് നൽകിയ മെഡിക്കൽഷോപ്പിനെതിരേ ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തു. എടവണ്ണയിലെ സ്വകാര്യ മെഡിക്കൽഷോപ്പിനെതിരേയാണ് എടവണ്ണ സ്വദേശിയുടെ പരാതിയിൽ നടപടിയെടുത്തത്.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്ന യുവതിക്ക് ഗർഭം നിലനിർത്തുന്നതിനാവശ്യമായ മരുന്നാണ് കുറിപ്പടിയിൽ എഴുതിയിരുന്നത്. ഈ കുറിപ്പടി പ്രകാരം എടവണ്ണയിലെ സ്വകാര്യ മെഡിക്കൽഷോപ്പിൽനിന്ന് വാങ്ങിയ മരുന്നിൽ രണ്ടു ഗുളിക കഴിച്ചതോടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മെഡിക്കൽഷോപ്പിൽനിന്ന് മരുന്ന് മാറിയാണ് നൽകിയതെന്നു വ്യക്തമായത്.
ഡോക്ടറുടെ നിർദേശപ്രകാരം കുറിപ്പടിയോടെ മാത്രം വിൽക്കേണ്ട ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന ഗർഭച്ഛിദ്രമരുന്ന് അവിവേകത്തോടെയാണ് സ്ഥാപനത്തിൽനിന്ന് വിൽപ്പന നടത്തിയിട്ടുള്ളതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടതായും രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിലല്ല മരുന്ന് വിൽപ്പനയെന്നും വ്യക്തമായതായി ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ ഡോ. എം.സി. നിഷിത് പറഞ്ഞു.
സ്ഥാപനത്തിൽനിന്നു വിൽപ്പന നടത്തിയ ഗർഭച്ഛിദ്ര മരുന്നുകളും ബില്ലുകളും മറ്റു രേഖകളും കസ്റ്റഡിയിലെടുത്തു. കണ്ടെടുത്ത തൊണ്ടിമുതലുകളും രേഖകളും മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമപ്രകാരമാണ് സ്ഥാപനത്തിനെതിരേ കേസെടുത്തത്. തുടരന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരന്റെ വീട്ടിലും സ്വകാര്യ ആശുപത്രിയിലും പരിശോധന നടത്തുകയും കൂടുതൽ തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
കോഴിക്കോട് മേഖലാ അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഷാജി എം. വർഗീസിന്റെ നിർദേശപ്രകാരമാണ് ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ ഡോ. എം.സി. നിഷിത്, ഡ്രഗ്സ് ഇൻസ്പെക്ടർ ആർ. അരുൺകുമാർ എന്നിവർ പരിശോധന നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..