കൊല്ലം: ആശ്രാമം ഇ.എസ്.ഐ. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എഴുപതുകാരിയുടെ അണ്ഡാശയത്തിൽ നിന്ന് അഞ്ച് കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു.

വയറ് പെട്ടെന്ന് വീർത്തുവരിക, വിശപ്പില്ലായ്മ, ആഹാരം കഴിച്ചാൽ പെട്ടെന്ന് വയറുനിറയുക, ശ്വാസംമുട്ട്എന്നീ ലക്ഷണങ്ങളോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്. വിദഗ്ധ പരിശോധനകളിലാണ് അണ്ഡാശയത്തിൽ മുഴയുള്ളതായി കണ്ടെത്തിയത്. ഉടൻ തന്നെ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു.

ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ദീപാ ജോസഫ്, ഡോ. മഞ്ജു വി.കെ., സർജറി വിഭാഗത്തിലെ ഡോ. ജോഫിൻ, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. പ്രെറ്റി സി.ജെ., നഴ്സിങ് ഓഫീസർമാരായ സിന്ധുലേഖ, ജെസി എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു.

2019 ൽ ഒൻപത് കിലോഗ്രാം ഭാരമുള്ള അണ്ഡാശയമുഴ ഈ ആശുപത്രിയിൽ വെച്ച് നീക്കം ചെയ്തിരുന്നു.

ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ഗർഭാശയ കാൻസറിനുള്ള ഓങ്കോ സർജറിയും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ സൂപ്രണ്ട് ഡോ. കരൺ സിംഗ് സോളങ്കിയുടെ പിന്തുണയോടെ ഗൈനക്ക് ഓങ്കോ സർജറി ഉൾപ്പെടെ കൂടുതൽ സങ്കീർണമായ ശസ്ത്രക്രിയകൾ ഏറ്റെടുക്കാനുള്ള ഒരുക്കങ്ങൾ നടത്തിവരുകയാണ്.

Content Highlights:A tumor weighing five kilograms was removed from a 70-year-old woman's ovary, Health, Women's Health, Ovarian Tumor