കോവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോം കൂടിയതോടെ കംപ്യൂട്ടറിന് മുന്നിലിരിക്കുന്ന സമയവും കൂടി. വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടി ടി.വി.ക്കും കംപ്യൂട്ടറിനും മൊബൈല്‍ ഫോണിനും മുന്നിലിരിക്കുന്ന സമയത്തിലും വര്‍ധനവുണ്ടായി. ജോലിക്കു വേണ്ടിയും ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടിയും മാത്രമല്ല വിനോദത്തിന് വേണ്ടിയും ഒഴിവുസമയങ്ങളില്‍ ആളുകള്‍ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ മുഴുകിയിരിക്കുന്നു. കോവിഡ് കാലത്താണ് ഈ മാറ്റത്തില്‍ വലിയ തോതില്‍ വര്‍ധനയുണ്ടായത്. ഇത്തരം കാര്യങ്ങള്‍ വ്യക്തികളില്‍ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. 

കണ്ണിന് സ്‌ട്രെയിന്‍, കഴുത്തുവേദന, ഉത്കണ്ഠ, അമിതവണ്ണം തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് ഇടയാക്കുന്നു. 

ഈ സാഹചര്യത്തിലാണ് അടുത്തിടെ നടന്ന ഒരു പഠനഫലം പുറത്തുവന്നിരിക്കുന്നത്. സ്‌ക്രീന്‍ ടൈം(മൊബൈല്‍ ഫോണ്‍, ടാബ്, കംപ്യൂട്ടര്‍, ടി.വി. പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം) അമിതമാകുന്നത് സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. അമേരിക്കന്‍ സ്‌ട്രോക്ക് അസോസിയേഷന്‍ എന്ന സ്‌ട്രോക്ക് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശാരീരികമായി ഊര്‍ജ്ജസ്വലരായി ജീവിക്കുന്നവരേക്കാള്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത 60 വയസ്സിന് താഴെയുള്ള സ്‌ക്രീന്‍ ടൈം കൂടുതലുള്ള മുതിര്‍ന്നവരില്‍ കൂടുതലാണെന്നാണ് പഠനത്തില്‍ പറയുന്നത്. 

സ്‌ക്രീന്‍ ടൈം ഒരു മണിക്കൂര്‍ ആ വ്യക്തിയുടെ ജീവിതത്തില്‍ നിന്ന് 22 മിനിറ്റ് കുറയ്ക്കുമെന്നും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാന്‍സറിനുമുള്ള സാധ്യത കൂട്ടുമെന്നും പഠനത്തില്‍ പറയുന്നു. 

യു.കെ. യില്‍ നിന്നുള്ള മറ്റൊരു പഠനവും സ്‌ക്രീന്‍ സമയവും സ്‌ട്രോക്കും തമ്മിലുള്ള ബന്ധത്തെ ചൂണ്ടിക്കാണിക്കുന്നു. ഒറ്റയിരുപ്പില്‍ രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായി സ്‌ക്രീന്‍ ടൈം ഉള്ളവരില്‍ സ്‌ട്രോക്കിനുള്ള സാധ്യത വളരെ ഉയര്‍ന്നതാണെന്ന് ഈ പഠനത്തില്‍ സൂചിപ്പിക്കുന്നു. രണ്ടുമണിക്കൂറിലേറെ തുടര്‍ച്ചയായി സ്‌ക്രീന്‍ ടൈം ഉള്ളവരെ ' അഡിക്ഷന്‍' എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത 20 ശതമാനത്തോളമാണെന്ന് പഠനത്തില്‍ സൂചിപ്പിക്കുന്നു. 

ചെറുപ്പക്കാരിലെ സ്‌ക്രീന്‍ ടൈം കൂടുന്ന ജീവിതശൈലിക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ കണ്ടെത്തലുകള്‍. 

ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ നിന്നുള്ള നീല വെളിച്ചം(blue light) രാത്രിയില്‍ ശരീരം ഉത്പാദിപ്പിക്കുന്ന മെലാട്ടോണിന്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയ്ക്കും. രാവും പകലും വേര്‍തിരിച്ച് ഉറക്കത്തിന്റെയും ഉണര്‍ച്ചയുടെയും സമയങ്ങള്‍ ക്രമീകരിക്കാന്‍ സഹായിക്കുന്നതാണ് മെലാട്ടോണിന്‍. ഈ ദിനചര്യ തെറ്റുന്നത് ഉറക്കത്തിന്റെയും ഉണര്‍ച്ചയുടെയും താളം തെറ്റിക്കും.

Content Highlights: A study says that your screen time can increase your risk of stroke