തൃശ്ശൂര്‍: 1940-ല്‍ നിലവില്‍വന്ന ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് ആക്ട് സമ്പൂര്‍ണമായി പരിഷ്‌കരിക്കുന്നു. മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ധകങ്ങള്‍ എന്നിവ സംബന്ധിച്ച് സമഗ്രമായ നിയമം രൂപവത്കരിക്കുന്നതിന് എട്ടംഗസമിതിയെയാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. നവംബറിനകം നിയമത്തിന്റെ കരട് നല്‍കാനാണ് നിര്‍ദേശം.

അടിസ്ഥാനനിയമമുണ്ടായ കാലത്തെ ഔഷധമേഖലയുമായി ഒരു ബന്ധവുമില്ലാത്തവിധം വിപുലമാണ് ബന്ധപ്പെട്ട രംഗമിപ്പോള്‍. അതുകൊണ്ടുതന്നെ നിയമത്തിന് നൂറുകണക്കിന് ഭേദഗതികള്‍ വേണ്ടിവന്നിട്ടുമുണ്ട്. പുതുതായി കൂട്ടിച്ചേര്‍ക്കുന്ന വ്യവസ്ഥകള്‍ പലതും നിലവിലെ ചില വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന നിലയും വന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള വ്യവഹാരങ്ങളും നടപടികളും തിരിച്ചടിയാകുന്ന സാഹചര്യവുമുണ്ട്.

പൊതുജനാരോഗ്യപ്രവര്‍ത്തകരും മറ്റും ഏറെക്കാലമായി നിയമപരിഷ്‌കരണം ആവശ്യപ്പെടുന്നുണ്ട്. ഇതിലേക്കുള്ള ശ്രമമെന്ന നിലയില്‍ കരടുനിയമം പ്രസിദ്ധീകരിച്ചിരുന്നു. മരുന്നുകളുടെ ഗണത്തില്‍ വരുന്ന ഉപകരണങ്ങളെ സംബന്ധിച്ച നിയമവും അടുത്തിടെ നടപ്പായെങ്കിലും ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഡോ. വി.ജി. സോമാനിയാണ് ചെയര്‍മാന്‍. രാജീവ് വാധ്വാന്‍ ഉപാധ്യക്ഷനും. മുന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഡോ. എസ്. ഈശ്വരറെഡ്ഡി, എ.കെ. പ്രധാന്‍, ഹരിയാണ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഡ്രഗ്സ് കണ്‍ട്രോളര്‍മാര്‍, എന്‍.എല്‍. മീണ എന്നിവരാണ് സമിതിയംഗങ്ങള്‍. ആരെയെങ്കിലും ഉള്‍പ്പെടുത്താനുള്ള ചുമതലയും സമിതിക്കാണ്. ബന്ധപ്പെട്ട മേഖലകളിലെ അംഗങ്ങളില്ലായെന്ന വിമര്‍ശനം ഉയരുന്നുണ്ട്. മേഖലയുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കണമെന്നാണ് സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

Content Highlights: A revamp for Drugs and Cosmetics Act 1940, Health, Medicine