ഫറോക്ക്: 2010-ലായിരുന്നു തുടക്കം. ആദ്യം വെറും മൂന്നു മെഷീന്‍. പിന്നീട് 2012-ല്‍ അത് എട്ടായി. 2019 ആയപ്പോഴേയ്ക്കും പതിന്നാല് മെഷീനിലെത്തി. ബേപ്പൂര്‍ മണ്ഡലം ഡെവലപ്‌മെന്റ്് മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നല്ലളത്തെ ഡയാലിസിസ് സെന്റര്‍ നിര്‍ധനരോഗികളുടെ ആശ്വാസകേന്ദ്രമായി മാറുകയാണ്. 2010-ല്‍ ചുങ്കത്തെ റെഡ് ക്രസന്റ്് ആശുപത്രിയുമായി സഹകരിച്ച് മൂന്ന് ഡയാലിസിസ് മെഷീന്‍വെച്ചായിരുന്നു നിര്‍ധനരോഗികള്‍ക്കുള്ള സൗജന്യ ഡയാലിസിസ് ചികിത്സതുടങ്ങിയത്.

രോഗികളുടെ എണ്ണംവര്‍ധിച്ചപ്പോള്‍ സ്വന്തമായി ഒരുകെട്ടിടം എന്ന ചിന്തയിലേക്ക് ട്രസ്റ്റ് നിങ്ങി. വി.കെ.സി. മമ്മദ്കോയയുടെയും ഹാപ്പി ഖാലിദിന്റെയും പേരിലുള്ള പൂളക്കടവ് പാലത്തിനു സമീപത്തുള്ള നാല്‍പ്പത്തിമൂന്ന് സെന്റ്് ഭൂമി ട്രസ്റ്റിനു കെട്ടിടംപണിയാന്‍ അവര്‍ നല്‍കി.

സുമനസ്സുകളുടെ സഹായത്താല്‍ പിന്നിട് നാലുനില കെട്ടിടത്തിന്റെ പ്രവൃത്തി 2019-ല്‍ പൂര്‍ത്തിയായി. നിലവില്‍ മൂന്നുഷിഫ്റ്റുകളിലായി ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെയും ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിലെയും എഴുപതോളം നിര്‍ധനരോഗികള്‍ക്കാണ് ട്രസ്റ്റ് സൗജന്യമായി ഡയാലിസിസ് ചികിത്സ നല്‍കിവരുന്നത്. കൂടാതെ, 200-ഓളം കിടപ്പുരോഗികള്‍ക്ക് മരുന്നും നല്‍കിവരുന്നുണ്ട്. നിലവില്‍ ഡയാലിസിസില്‍മാത്രം 17 ജീവനക്കാരുണ്ട്.

മെഡിക്കല്‍ സെന്റര്‍ ഉള്‍പ്പെടെ മൂപ്പതോളം ജീവനക്കാര്‍വരും. പത്തുലക്ഷം രൂപയോളം മാസം ചെലവുവരുന്നുണ്ട്. 'സാന്ത്വനമേകാം കൈകോര്‍ക്കാം' പദ്ധതിയിലൂടെ വീടുകള്‍ കേന്ദ്രീകരിച്ച് കവറുകള്‍ നല്‍കിയാണ് സന്നദ്ധപ്രവര്‍ത്തകര്‍ തുക ശേഖരിക്കുന്നത്. ഇതുവരെ അഞ്ചുഘട്ടം കഴിഞ്ഞു. ആറാംഘട്ടം ജനുവരി അവസാനവാരം തുടങ്ങും. ഫെബ്രുവരി ആദ്യവാരത്തോടെ കവറുകള്‍ തിരിച്ചെടുക്കും.

വലിയ ആശ്വാസം

ഞങ്ങളെപ്പോലെയുള്ളവരുടെ ആശ്വാസകേന്ദ്രമാണ് നല്ലളത്തെ ബേപ്പൂര്‍ മണ്ഡലം ഡെവലപ്‌മെന്റ്് മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡയാലിസിസ് സെന്റര്‍. പത്തുവര്‍ഷക്കാലമായി ഇവിടെ ചികിത്സ തേടുന്നു. വലിയ തുകകൊടുത്ത് ഡയാലിസിസ് ചെയ്യുന്നത് ഞങ്ങളെപ്പോലെയുള്ള രോഗികള്‍ക്ക് ചിന്തിക്കാന്‍പോലും പറ്റില്ല.

- രമേശന്‍ ഇരിങ്ങല്ലൂര്‍

Content highlights: a good dialysis center for the comfort of the patients nallalam