ആരോഗ്യത്തോടെ ജീവിക്കേണ്ടതിന്റെ ആവശ്യത്തെ പറ്റി നമ്മളെ ഓര്‍മിപ്പിക്കാന്‍ ഏറ്റവും മികച്ചയാള്‍ മറ്റാരുമല്ല, മരണദേവനായ യമരാജന്‍ തന്നെ. ലോകത്തിലെ ഏറ്റവും വലിയൊരു മഹാമാരിക്കെതിരെ പോരാടാന്‍ വാക്‌സിനേഷന്റെ പ്രാധാന്യം ആളുകളെ ബോധവത്ക്കരിക്കാനും അപ്പോള്‍ നല്ലത് മരണ ദേവനാണ്. അത്തരത്തില്‍ ആളുകളെ പ്രതിരോധമരുന്നിനെ പറ്റി ബോധവത്ക്കരിക്കാന്‍ കാലന്റെ വേഷമണിഞ്ഞ പോലീസ് ഓഫീസറുടെ വീഡിയോ വൈറലാകുകയാണ് ഇപ്പോള്‍.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ഒരു പോലീസുകാരനാണ് യമരാജന്റെ വേഷമണിഞ്ഞ് വാക്‌സിനേഷന്‍ സെന്ററില്‍ എത്തിയത്. സ്വര്‍ണനിറമുള്ള എംബ്രോയിഡറി ചെയ്ത കറുപ്പ് വേഷവും കൈയില്‍ ഗദയുമെല്ലാം ഇയാള്‍ അണിഞ്ഞിരുന്നു. തലയില്‍ കീരിടവും ആഭരണങ്ങളും ഒപ്പം സണ്‍ഗ്ലാസും. ആരുകണ്ടാലും ശ്രദ്ധിക്കുന്ന രീതിയിലായിരുന്നു ഇയാളുടെ വേഷം.
കോവിഡിനെതിരെ മുന്‍നിരയില്‍ നിന്ന് പോരാടിയ എല്ലാവരും കോവിഡ് പ്രതിരോധ മരുന്ന് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ബോധവത്ക്കരണം നല്‍കാനാണ് പോലീസുകാരന്‍ ശ്രമിച്ചതെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlights: a cop dressed as ‘Yamraj’ in Indore got himself vaccinated to spread awareness