ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് 719 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ.). ബിഹാറിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത്- 111 പേര്‍. ഡല്‍ഹി(109), ഉത്തര്‍പ്രദേശ്(79), പശ്ചിമ ബംഗാള്‍(63), രാജസ്ഥാന്‍(43) എന്നിവയാണ് മരണസംഖ്യ കൂടുതലുള്ള മറ്റു സംസ്ഥാനങ്ങള്‍. കേരളത്തില്‍ 24 പേര്‍ മരിച്ചു. ഒരു ഡോക്ടര്‍ മാത്രം മരിച്ച പുതുച്ചേരിയിലാണ് ഏറ്റവും കുറവ്.

ബിഹാറില്‍ ഡോക്ടര്‍മാരുടെ മരണസംഖ്യ വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ മേയ് അവസാനം ഐ.എം.എ.യുടെ സംസ്ഥാന ഘടകം എട്ടംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു.

കോവിഡിന്റെ ആദ്യ തരംഗത്തില്‍ 748 ഡോക്ടര്‍മാര്‍ മരിച്ചതായി ഐ.എം.എ. വ്യക്തമാക്കിയിരുന്നു. അതിനിടെ ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെതിരേ ജൂണ്‍ 18-ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഐ.എം.എ. അറിയിച്ചു. എന്നാല്‍ ആശുപത്രികള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കും. നേരത്തേ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ഐ.എം.എ. ആവശ്യപ്പെട്ടിരുന്നു.

Content Highlights: 719 doctors in India and 24 in Kerala Died by covid 19 second wave