65 ശതമാനം ക്ഷയരോ​ഗ കേസുകളും 15-45 പ്രായക്കാരിലാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മൻഡാവിയ. രാജ്യത്തെ ക്ഷയരോ​ഗ നിർമ്മാർജ്ജന പ്രവർത്തനങ്ങളെക്കുറിച്ച് പാർലമെന്റ് അം​ഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

15-45 പ്രായക്കാർ എന്നത് ഏറ്റവും ഊർജസ്വലമായി പ്രവർത്തിക്കേണ്ട പ്രായമാണ്. ഈ പ്രായത്തിൽ ക്ഷയരോ​ഗം ഉണ്ടാകുന്നത് പല പ്രശ്നങ്ങൾക്കും ഇടയാക്കും. ​ഗ്രാമീണ മേഖലയിലാണ് ക്ഷയരോ​ഗ കേസുകളുടെ 58 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ തന്നെ രോ​ഗത്തെക്കുറിച്ചും  ചികിത്സയെക്കുറിച്ചുമെല്ലാം പൗരൻമാരെ ബോധവാൻമാരാക്കണെന്ന് അദ്ദേഹം എം.പിമാരോട് പറഞ്ഞു. 

കേന്ദസർക്കാരും സംസ്ഥാന സർക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒത്തുചേർന്നുള്ള ഒരു യോജിച്ച പ്രവർത്തനത്തിലൂടെ മാത്രമേ 2025 ഓടെ ക്ഷയരോ​ഗത്തെ രാജ്യത്ത് നിന്നും നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കൂവെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച രാജ്യസഭ ചെയർമാരും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു പറഞ്ഞു. ക്ഷയരോ​ഗനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട സർക്കാർ പദ്ധതികൾ സ്വന്തം മണ്ഡലത്തിൽ കൃത്യമായി തയ്യാറാക്കാനും നടപ്പിലാക്കാനും എം.പി.മാർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ക്ഷയരോ​ഗനിർമ്മാർജ്ജനത്തിനായി എം.പിമാർ രാജ്യത്തെമ്പാടും  യോജിച്ച ശ്രമങ്ങൾ  നടത്തണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. ഇതിനായി ക്ഷയരോ​ഗത്തെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും എം.പിമാർക്ക് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. 

കോവിഡ് 19 ന്റെ സാഹചര്യത്തിൽ ക്ഷയരോ​ഗ നിർമ്മാർജ്ജന യത്നത്തിന് നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആരോ​ഗ്യസഹമന്ത്രി ഭാരതി പവാർ വിശദമാക്കി. സാമ്പത്തികവും ആരോ​ഗ്യപരവുമായ സകലതിനെയും തകർത്തെറിഞ്ഞ കോവിഡ് ക്ഷയരോ​ഗത്തിന് എതിരായ പോരാട്ടത്തെയും തടസ്സപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.  കോവിഡിനെത്തുടർന്നുള്ള  ലോക്ക്ഡൗണുകളും മറ്റ് നിയന്ത്രണങ്ങളും ആരോ​ഗ്യപ്രവർത്തകരുടെ അഭാവവും എല്ലാം രാജ്യത്താകമാനമുള്ള ക്ഷയരോ​ഗ നിർമ്മാർജ്ജനത്തിന് തടസ്സമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ക്ഷയരോ​ഗ നിർമ്മാർജ്ജനത്തിന് യോജിച്ച ശ്രമം നടത്താൻ അദ്ദേ​ഹം ആഹ്വാനം ചെയ്തു.  

Content Highlights: 65 per cent of tuberculosis cases in 15-45 age group: Health minister, Health, Tuberculosis