ന്യൂഡൽഹി: രാജ്യത്ത് കോവിഡ്19 ബാധിച്ചവരിൽ 62.5 ശതമാനവും 40 വയസ്സിനു താഴെയുള്ളവർ. മരിച്ചതിൽ 88 ശതമാനവും 45 വയസ്സിനു മുകളിലുള്ളവരും. രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ടുലക്ഷം പേരുടെ സ്ഥിതിവിവരക്കണക്കുകൾ അവലോകനംചെയ്ത കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റേതാണ് ഈ കണ്ടെത്തൽ. ആദ്യമായാണ് വയസ്സിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയം രോഗവിവരം നിരീക്ഷിച്ചത്.

കഴിഞ്ഞയാഴ്ചവരെയുള്ള ഒരുലക്ഷം മരണത്തിൽ 53 ശതമാനവും 60 വയസ്സിനു മുകളിലുള്ളവരും 88 ശതമാനവും 45 വയസ്സിനു മുകളിലുള്ളവരും ആണെന്ന് പഠനത്തിൽ വ്യക്തമായി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 60 വയസ്സിനു മുകളിലുള്ളവർ വെറും ഒമ്പതു ശതമാനം മാത്രമായിരുന്നിട്ടും മരിച്ചതിൽ പകുതിയിലധികവും ഇവരാണ്.

മറ്റു കണ്ടെത്തലുകൾ

  • 21-30 വയസ്സിനിടയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ 25.84 ശതമാനം. 31-40 വയസ്സിനിടയിലുള്ളവർ 22.48 ശതമാനം. അതായത്, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ രണ്ടിലൊരാൾ യുവജനം
  • 60-70 വയസ്സിനിടയിൽ ആശുപത്രിയിലെത്തുന്നവർ 6.56 ശതമാനം. 71-80 വയസ്സിനിടയിൽ 2.19 ശതമാനം. 81-90 വയസ്സിനിടയിൽ 0.51 ശതമാനം. അതിനു മുകളിലുള്ളവർ 0.09 ശതമാനം. മൊത്തം 9.35 ശതമാനം. എന്നാൽ, ഇവരിലെ മരണനിരക്ക് 53 ശതമാനം.
  • മരിക്കുന്നവരിലേറെയും രക്താതിസമ്മർദം, പ്രമേഹം, ഹൃദയം, കരൾ, വൃക്ക രോഗം എന്നിവയുള്ളവർ.
  • ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 4.4 ശതമാനം പേർ മാത്രമാണ് 10 വയസ്സുവരെയുള്ളവർ
  • 10-20 വയസ്സിനിടയിൽ 9.82 ശതമാനവും 51-60 വയസ്സിനിടയിലുള്ളവരിൽ 9.82 ശതമാനവും രോഗബാധിതരായി.

Content Highlights:63 percentage of Covid19 patients are under 40 years of age, Health