തിരുവനന്തപുരം: മാനസികാരോഗ്യം വീണ്ടെടുത്ത് വീട്ടിലേക്കു മടങ്ങാൻ ജില്ലയിലെ ആശാഭവനുകളിൽ കാത്തിരിക്കുന്നത് 53 പേർ. മാനസികപ്രശ്‌നങ്ങൾ ഭേദമായി ആശാഭവനുകളിൽ പുനരധിവസിപ്പിച്ചിരിക്കുന്ന ഇവർ ഇതരസംസ്ഥാനക്കാരാണ്. കേരളത്തിൽ എത്തുന്ന സമയത്ത് സ്വന്തം മേൽവിലാസംപോലും പറയാൻ കഴിയാതെയിരുന്നവരാണ് വർഷങ്ങളുടെ ചികിത്സയ്ക്കു ശേഷം സ്വദേശത്തേക്ക് മടങ്ങാനൊരുങ്ങുന്നത്.

കഴിഞ്ഞ ദിവസം ജില്ലാപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആറുപേരെ സ്വദേശത്തേക്ക് തിരികെ അയച്ചിരുന്നു. മേൽവിലാസം അതത് സംസ്ഥാനത്തെ സന്നദ്ധ സംഘടനകളെ അറിയിക്കും. മേൽവിലാസം തിരിച്ചറിഞ്ഞാൽ പ്രദേശത്തെ പോലീസിലും വിവരം അറിയിക്കും.

ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാവുന്നവരെ മാത്രമാണ് തിരിച്ചയക്കുന്നത്. ജില്ലയിലെ സർക്കാർ പുനരധിവാസ കേന്ദ്രങ്ങളിൽ മാത്രമാണ് 53 അന്തേവാസികളുള്ളത്. പൂജപ്പുരയിലാണ് പുരുഷൻമാരുടെയും സ്ത്രീകളുടെയും ആശാഭവൻ പ്രവർത്തിക്കുന്നത്.

പുരുഷൻമാർക്കായുള്ള ആശാഭവനിൽ 17 അന്തേവാസികളാണ് നിലവിലുള്ളത്. ഇവരിൽ 10 പേർ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്.

സ്ത്രീകളുടെ ആശാഭവനിൽ 36 പേരുള്ളതിൽ 12 പേർ മഹാരാഷ്ട്രയിൽ നിന്നും 11 പേർ തമിഴ്‌നാട്ടിൽ നിന്നുമുള്ളവരാണ്. ഒഡിഷ, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന, കൊൽക്കത്ത തുടങ്ങിയ പതിനൊന്നോളം സംസ്ഥാനങ്ങളിൽ നിന്നുള്ളവർ രണ്ടു ആശാഭവനിലുമായി താമസിക്കുന്നുണ്ട്.

നിയന്ത്രിതമായ തോതിൽ മാനസികപ്രശ്‌നം ഉള്ളവർക്ക് മരുന്നുകൾ തുടർന്നാൽ മതി. ഇത് ബന്ധുക്കളോട് സംസാരിച്ചതിനു ശേഷമാണ് ഇവരെ സ്വന്തം വീട്ടിലെത്തിക്കുന്നത്. പ്രത്യാശാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവരെ സ്വദേശത്തേക്കു മടക്കി അയക്കുന്നത്.

പ്രത്യാശാ പദ്ധതിയുടെ ചുമതലയുള്ളവരും സാമൂഹികനീതി വകുപ്പിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് ആളുകളെ വീട്ടിലെത്തിക്കുന്നത്. സർക്കാരിന്റെ ആശാഭവനുകൾ കൂടാതെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലും സന്നദ്ധ സംഘടനകൾ നടത്തുന്ന പുനരധിവാസ കേന്ദ്രങ്ങളിലും വീടുകളിലേക്കു മടങ്ങാനുള്ള നിരവധിപ്പേരുണ്ട്.

കോവിഡ് തടസ്സമായി

കോവിഡ് രണ്ടാം തരംഗം എത്തിയതോടെയാണ് പലരെയും സ്വദേശത്ത് എത്തിക്കാൻ കഴിയാതായത്. ഇളവുകൾ വരുന്നതോടെ സുരക്ഷിതമായി താമസിക്കാനുള്ള സാഹചര്യം ഉള്ളവരെ മാത്രമാണ് സ്വദേശത്തേക്ക് അയക്കുന്നത്. ഇരുപത് വർഷത്തിലേറെയായി സ്ഥാപനത്തിൽ താമസിക്കുന്നവരുണ്ട്.

-ഷൈനി,
ജില്ലാ സാമൂഹ്യനീതി ഓഫീസർ

Content Highlights: 53 people are waiting at Asha Bhavans to return home, Health, Mental Health