തൃശ്ശൂര്‍: ഇന്ത്യയില്‍ പേറ്റന്റ് തീര്‍ന്ന രണ്ടു പ്രധാന രാസമൂലകങ്ങള്‍ ചേര്‍ന്ന സംയുക്തങ്ങളടക്കം 35 മരുന്നുകളെക്കൂടി വിലനിയന്ത്രണത്തിലാക്കി. രണ്ടാംതലമുറ പ്രമേഹത്തിനു പുറമേ രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയ്ക്കുമുള്ള മരുന്നുകളാണ് പട്ടികയില്‍.

ഒരുവര്‍ഷം മുന്‍പ് പേറ്റന്റില്‍നിന്ന് ഒഴിവായ വില്‍ഡാഗ്ലിപ്റ്റിനും ജനപ്രിയ പ്രമേഹമൂലകമായ മെറ്റ്ഫോര്‍മിനും ചേര്‍ന്നതാണ് നാലു സംയുക്തങ്ങള്‍. ഇതില്‍ സസ്റ്റൈന്‍ഡ് റിലീസ് വിഭാഗത്തില്‍പ്പെടുന്ന 500 എം.ജി. മെറ്റ്ഫോര്‍മിന്‍ ചേര്‍ന്നതിന് 6.58 രൂപയും ആയിരം എം.ജി.ക്ക് 7.07 രൂപയുമാണ് വില. സസ്‌റ്റൈന്‍ഡ് അല്ലാത്ത വിഭാഗത്തിലെ വില യഥാക്രമം 5.90, 6.90 എന്നിങ്ങനെയാണ്. രാജ്യത്ത് രണ്ടു പേറ്റന്റുള്ള പ്രമേഹമരുന്നാണ് ഡപാഗ്ലിഫ്ളോസിന്‍. ഇതില്‍ ഒരു പേറ്റന്റിന്റെ കാലാവധി കഴിഞ്ഞ ഒക്ടോബറില്‍ തീര്‍ന്നിരുന്നു. ഒരെണ്ണത്തിന്റേത് 2023 വരെയുണ്ട്. ഈ മരുന്നിന്റെ ജനറിക് പതിപ്പുകളും സംയുക്തങ്ങളും പുറത്തിറക്കാന്‍ പല കമ്പനികളും തയ്യാറായതോടെ പേറ്റന്റ് അവകാശമുള്ള ആസ്ട്രസെനക് കോടതിയെ സമീപിച്ചിരുന്നതാണ്. എന്നാല്‍ പുതിയ മരുന്നുകളെ കോടതി തടഞ്ഞില്ല. ഇതോടെ പുതിയതായി 18 ഇനങ്ങളാണ് വിപണയിലേക്കിറങ്ങുന്നത്. ഡപാഗ്ലിഫ്ളോസിനു പുറമേ മെറ്റ്ഫോര്‍മിന്‍ തന്നെയാണ് മിക്കതിലെയും പ്രധാന ചേരുവ. വിവിധ അളവിലുള്ള മരുന്നുകള്‍ക്ക് 6.74 രൂപമുതല്‍ 11.81 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഹൃദ്രോഗചികിത്സയില്‍ പ്രധാനമായി ഉപയോഗിക്കുന്ന അറ്റോര്‍വസ്റ്റാറ്റിനും ആസ്പിരിനും ചേര്‍ന്ന ഗുളികയ്ക്ക് 20.22 രൂപയാണ് വില. വേദനസംഹാരിയായി ഉപയോഗിക്കുന്നതും പാരസെറ്റാമോളും നിമെസുലൈഡും ചേര്‍ന്ന മരുന്നിന് 3.98 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

Content Highlights: 35 drugs under price control, including patent expired diabetes drugs, Health, Medicines