പ്രതീകാത്മക ചിത്രം | Photo: canva.com/
കോഴിക്കോട്: സംസ്ഥാനത്ത് ടൈപ്പ് വൺ പ്രമേഹമുള്ള നൂറുകണക്കിന് കുട്ടികൾ സർക്കാരിന്റെ ‘മിഠായി’ പദ്ധതിയിൽ രജിസ്റ്റർചെയ്ത് മെച്ചപ്പെട്ട ചികിത്സയ്ക്കായി കാത്തിരിക്കുമ്പോഴും ബജറ്റിൽ നീക്കിവെച്ചത് 3.8 കോടി രൂപമാത്രം.
നിലവിൽ നൽകുന്ന സേവനങ്ങൾക്കപ്പുറം മറ്റൊന്നും ഈ തുകകൊണ്ട് സാധ്യമാകില്ലെന്നാണ് കുട്ടികളുടെ രക്ഷിതാക്കൾ പറയുന്നത്.
രണ്ടായിരത്തോളം കുട്ടികൾ സാമൂഹികസുരക്ഷാമിഷന്റെ പദ്ധതിയിൽ രജിസ്റ്റർചെയ്തിട്ടുണ്ട്. അതിൽ 1250 പേർക്കാണ് ചികിത്സ നൽകുന്നത്. മിഠായിയുടെ ഭാഗമായി അഞ്ചും വിവിധ പദ്ധതികളിലുൾപ്പെടുത്തി നാലും കുട്ടികൾക്ക് ഇൻസുലിൻപമ്പ് നൽകിയിട്ടുണ്ട്. ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടാതിരിക്കുന്ന അവസ്ഥയാണ് ടൈപ്പ് വൺ പ്രമേഹം. സൂചികുത്താതെ കുട്ടികളുടെ ശരീരത്തിലേക്ക് ആവശ്യാനുസരണം ഇൻസുലിൻ എത്തിക്കുന്നതിനുള്ള പമ്പ്, അതുപോലെ ഷുഗർനില അറിയാനുള്ള സെൻസറിങ് സംവിധാനമായ കണ്ടിന്യുസ് ഗ്ലൂക്കോസ് മോണിറ്ററിങ് (സി.ജി.എം.) എന്നിവ നൽകണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
നിലവിൽ ഷുഗർനില അറിയാനും ആവശ്യാനുസരണം ഇൻസുലിൻ നൽകാനുമായി ദിവസം ചുരുങ്ങിയത് 10-15 തവണയെങ്കിലും കുട്ടികളുടെ ശരീരത്തിൽ കുത്തണം.
കുട്ടികളുടെ അവകാശം നിഷേധിക്കുന്നു
മികച്ച ഇൻസുലിൻപമ്പിനു മാത്രം 6-10ലക്ഷം രൂപ ചെലവുണ്ട്. അതുപോലെ സെൻസറിനും വേണം മാസം 10,000 രൂപയോളം. ''ഒരുവർഷം സെൻസറിനുമാത്രം ഒരുകുട്ടിക്ക് 1.2 ലക്ഷം രൂപ ചെലവുവരും. ഇൻസുലിൻ, സ്ട്രിപ്പ്, ഗ്ലൂക്കോമീറ്റർ, സൂചി തുടങ്ങിയവ രജിസ്റ്റർ ചെയ്ത് അംഗീകാരം ലഭിച്ച കുട്ടികൾക്ക് ഇപ്പോൾ നൽകുന്നുണ്ട്. അതിനേ ബജറ്റിലെ തുക തികയൂ. കുട്ടികളുടെ അവകാശം നിഷേധിക്കുകയാണ് ചെയ്യുന്നത്''- ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ടി.ആർ. വിജേഷ് പറഞ്ഞു.
സർക്കാരും പൊതുസമൂഹവും കുട്ടികളുടെ വേദന അറിയുന്നില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന
തിരുവനന്തപുരം: കുട്ടികളുടെ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂൾ ആരോഗ്യ പരിപാടി ആവിഷ്‌കരിക്കും.
വിദ്യാഭ്യാസ, വനിതാ ശിശുവികസന, തദ്ദേശ വകുപ്പുകളുടെയും സ്‌കൂൾ പി.ടി.എ.യുടെയും സഹകരണത്തോടെയാണ് നടപ്പിലാക്കുക. കുട്ടികളുടെ ശാരീരിക മാനസിക വളർച്ച ഉറപ്പാക്കുന്നതിനോടൊപ്പം പഠന, കാഴ്ച പരിമിതികളും നേരത്തെ കണ്ടെത്താനാകുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഇതിന് അന്തിമരൂപം നല്കും.
ആറു മുതൽ 17- വയസ്സുവരെയുള്ള കുട്ടികൾക്കായാണ് പദ്ധതി നടപ്പിലാക്കുക. കുട്ടികളിൽ കണ്ടുവരുന്ന വിളർച്ച, പോഷണക്കുറവ് തുടങ്ങി 30 രോഗാവസ്ഥകൾ കണ്ടുപിടിച്ച് സൗജന്യ ചികിത്സ ഉറപ്പാക്കുക, ശുചിത്വ പ്രോത്സാഹനം, ആർത്തവ സമയത്തെ നല്ല ഉപാധികളിലുള്ള അവബോധം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
Content Highlights: 3.8 crore for 'Mittayi' to treat diabetic kids
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..