ആലപ്പുഴ: കോവിഡ് മരണനിരക്ക് കുത്തനെ ഉയര്‍ന്നതോടെ നഷ്ടപരിഹാരത്തിനു കേരളം കൂടുതല്‍ തുക കണ്ടെത്തണം. നിലവിലെ കണക്കനുസരിച്ച് 212.9 കോടിരൂപയാണ് സംസ്ഥാനം ഇതിനായി കണ്ടെത്തേണ്ടത്. കേരളത്തില്‍ ഇതുവരെ 42,579 പേരാണു കോവിഡ്ബാധിച്ചു മരിച്ചത്. അതുകൊണ്ടുതന്നെ കൂടുതല്‍പ്പേര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട പട്ടികയില്‍ കേരളമാണ് രണ്ടാംസ്ഥാനത്ത്. കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതിനാല്‍ മരണനിരക്ക് ഇനിയും ഉയരാനാണു സാധ്യത.

ഏറ്റവുംപുതിയ കണക്കുകള്‍പ്രകാരം കേരളത്തിലെ കോവിഡ് മരണനിരക്ക്(കേസ് ഫറ്റേലിറ്റി റേറ്റ്) 0.81 ശതമാനമായാണ് ഉയര്‍ന്നത്. ഇടുക്കി, കൊല്ലം ജില്ലകളിലാണ് മരണനിരക്കുകൂടിയത്. ഇടുക്കിയില്‍ 0.15 ശതമാനത്തില്‍നിന്ന് 0.79 ശതമാനമായാണ് സി.എഫ്.ആര്‍. വര്‍ധിച്ചത്. കൊല്ലത്ത് 0.32 ശതമാനത്തില്‍നിന്ന് 0.99 ശതമാനമായും കൂടി. കോവിഡ്ബാധിതരില്‍ എത്രപേര്‍ മരിച്ചു എന്നുകണക്കാക്കിയാണ് കോവിഡ് മരണനിരക്ക്(കേസ് ഫറ്റേലിറ്റി റേറ്റ്) കണക്കാക്കുന്നത്.

കോവിഡ് മരണ നഷ്ടപരിഹാരമായി കൂടുതല്‍ത്തുക കണ്ടെത്തേണ്ട സംസ്ഥാനം മഹാരാഷ്ട്രയാണ്.

നിലവിലെ മരണസംഖ്യയനുസരിച്ച് മഹാരാഷ്ട്രയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 706 കോടിയോളം രൂപയാണു വേണ്ടത്. മഹാരാഷ്ട്രയില്‍ സി.എഫ്.ആര്‍. 2.17 ശതമാനമാണ്.

പെന്‍ഷനും തുക കണ്ടെത്തണം

കേരളത്തില്‍ കോവിഡ് നഷ്ടപരിഹാരത്തിനുപുറമേ കോവിഡ് ബാധിച്ചുമരിച്ച ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയുമുണ്ട്. നിലവില്‍ ഈ പദ്ധതിയിലേക്ക് 3,185 പേര്‍ അപേക്ഷിച്ചിട്ടുണ്ട്.

മൂന്നുവര്‍ഷത്തേക്കാണ് ഇവര്‍ക്ക് പെന്‍ഷന്‍നല്‍കേണ്ടത്. ഒരുവര്‍ഷത്തേക്കുമാത്രം ഇപ്പോഴത്തെ അപേക്ഷകരുടെ എണ്ണമനുസരിച്ച് 20 കോടിയോളം രൂപവേണം. അപേക്ഷകര്‍ ഇനിയും വരാനുള്ള സാധ്യതയുള്ളതിനാല്‍ പെന്‍ഷനുവേണ്ട ചെലവും ഉയരും.

Content Highlights: 212.9 crore required for Covid19 death compensation