ലൈംഗിക ജീവിതത്തിന്റെ ഗതിയും പൊതുധാരണകളും തിരുത്തിയ നീലഗുളിക.. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വയാഗ്ര ഒരു വിപ്ലവമായിരുന്നു.. ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് ആളുകള്‍ പരസ്യമായി രഹസ്യമാക്കി വെച്ച പ്രശ്‌നത്തിനുള്ള പരിഹാരം. 

ലൈംഗിക ഉത്തേജനം കുറയുന്നതിനെ ഒരു മെഡിക്കല്‍ കണ്ടീഷനായി ഡോക്ടര്‍മാര്‍ പോലും സമ്മതിച്ചു തരാതിരുന്ന ഒരു കാലത്താണ് സില്‍ഡെനാഫില്‍ സിട്രേറ്റ് എന്ന മരുന്നിന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(FDA) അനുമതി നല്‍കിയത്. കൃത്യമായി പറഞ്ഞാല്‍ 1998 മാര്‍ച്ച് 26ന്. വാസ്തവത്തില്‍ ലൈഗിക ഉത്തേജനം വര്‍ധിപ്പിക്കുന്നതിനായല്ല സില്‍ഡെനാഫില്‍ സിട്രേറ്റ് കണ്ടുപിടിക്കപ്പെട്ടത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള പരിഹാരമെന്ന തരത്തിലാണ് ഒരു കൂട്ടം ഗവേഷകര്‍ ചേര്‍ന്ന് ഇത് വികസിപ്പിച്ചെടുത്തത്. എന്നാല്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സില്‍ഡെനാഫില്‍ പരാജയപ്പെട്ടിടത്ത് ഉദ്ധാരണതകരാറുകള്‍ക്കുള്ള പരിഹാരമായി അത് മാറി. അതോടെ ഉത്തേജനപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ക്കിടയില്‍ വയാഗ്ര ആധിപത്യം സ്ഥാപിച്ചു. 

ശരീരത്തിലെ പിഡിഇ-5 എന്ന ഒരു തരം പ്രോട്ടീന്‍ ഉത്പാദനത്തെ തടഞ്ഞ് രക്തധമനികള്‍ വികസിപ്പിച്ച് രക്തയോട്ടം വര്‍ധിപ്പിക്കുന്നതിലൂടെ ഹൃദ്രോഗപ്രശ്നങ്ങള്‍ക്കുള്ള സഹായമെന്ന നിലയ്ക്കാണ് സില്‍ഡെനാഫില്‍ കണ്ടുപിടിക്കപ്പെട്ടത്. ന്യൂയോര്‍ക്കിലെ ഫിസര്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നില്‍ 1993ലായിരുന്നു ഇത് സംബന്ധിച്ച ഗവേഷണം. എന്നാല്‍ പ്രതീക്ഷിച്ച ഫലം തരാന്‍ ആ മരുന്നിന് സാധിച്ചില്ല. അതേസമയം മരുന്ന പരീക്ഷിച്ചവരില്‍ വലിയ തോതിലുള്ള  ലൈെഗിക ഉത്തേജനം ഉണ്ടായതായി പഠനസംഘം കണ്ടെത്തി. അതായത് ഹൃദയത്തിലെ രക്തധമനികള്‍ വികസിക്കുന്നതിന് പകരം പുരുഷലിംഗത്തിലെ രക്തധമനികള്‍ വികസിക്കുന്നതായി കണ്ടെത്തി.  തുടര്‍ന്നാണ് സില്‍ഡെനാഫിലിന്റെ മറ്റ് ഫലങ്ങളെ കുറിച്ച് ഫിസറിലെ ഗവേഷണ സംഘം തലവനായ ജോണ്‍ ലാമാറ്റിന പുതിയ പഠനങ്ങള്‍ ആരംഭിച്ചത്. അവിടെയാണ് 'ആ' വിപ്ലവമായ വയാഗ്രയുടെ ജന്മം. അങ്ങനെ 1996 ഓടെ വയാഗ്രയുടെ പാറ്റന്റ് എടുക്കാനും രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് 1998ല്‍ വയാഗ്രയെന്ന നീല ഗുളിക നിര്‍മ്മിച്ച് പരീക്ഷിച്ച് വിജയിപ്പിക്കാനും ഫൈസറിന്‌ സാധിച്ചു. അബദ്ധവശാല്‍ ഉണ്ടായതാണെങ്കിലും നൂറ്റാണ്ടിലെ കണ്ടുപിടുത്തമെന്നാണ് സില്‍ഡെനാഫില്‍ അഥവാ വയാഗ്രയുടെ കണ്ടുപിടുത്തത്തെ വൈദ്യലോകം വിശേഷിപ്പിക്കുന്നത്. 

ഉദ്ധാരണത്തെയും ലൈംഗിക ഉദ്ദീപനത്തെയും ത്വരിതപ്പെടുത്തുന്നതില്‍ നൈട്രിക് ഓക്‌സൈഡ് എന്ന രാസവസ്തുവിന് സുപ്രധാന പങ്കുണ്ടെന്നത് തെളിയിക്കപ്പെട്ടിരുന്നു. സില്‍ഡിനാഫില്‍ സിട്രേറ്റ് എന്ന രാസനാമമുള്ള 'വയാഗ്ര' ഗുളിക ഈ തത്ത്വമാണ് പ്രയോജനപ്പെടുത്തിയത്.

വിപണിയിലിറങ്ങിയ കാലം മുതല്‍ കണ്ടുപിടുത്തത്തിന്റെ 20 ആണ്ടുകള്‍ പൂര്‍ത്തിയാവമ്പോഴും വയാഗ്രയുടെ പ്രചാരത്തിന് യാതൊരു വിധത്തിലുള്ള കോട്ടവും സംഭവിച്ചിട്ടില്ല. എഫ്ഡിഎ അനുമതി കിട്ടി ചുരുക്കം മാസങ്ങള്‍ക്കുള്ളില്‍ മാത്രം 40,000 പ്രിസ്‌ക്രിപ്ഷനാണ് വയാഗ്രയ്ക്ക് ലഭിച്ചത്. തുടര്‍ന്നങ്ങോട്ട് ഈ പ്രിസ്‌ക്രിപ്ഷനിലുണ്ടായ വര്‍ധന മാത്രം കണക്കാക്കിയാല്‍ മതിയാവും വയാഗ്രയുടെ ഫലപ്രാപ്തിയും പ്രചാരവും വിശ്വാസ്യതയും അടയാളപ്പെടുത്താന്‍. 

വയാഗ്രയോട് മത്സരിക്കാന്‍ സിയാലിസ്, ലെവിട്ര എന്ന ബ്രാന്‍ഡുകള്‍ രംഗത്തിറങ്ങിയെങ്കിലും വയാഗ്രയുടെ ആധിപത്യം തകര്‍ക്കാന്‍ സാധിച്ചില്ല. ഫിസര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 62 മില്ല്യണ്‍ പുരുഷന്മാര്‍ വയാഗ്ര ഉപയോഗിക്കുന്നുണ്ട്. 2017ല്‍ മാത്രം 1.2 ബില്ല്യണ്‍ ഡോളറാണ് വയാഗ്രയുടെ വാര്‍ഷിക വരുമാനം. 2018ല്‍ ഇത് 359 ബില്ല്യണ്‍ ഡോളറായി ഇത് വര്‍ധിക്കുമെന്നാണ് ഫിസര്‍ കമ്പനി കണക്കുകൂട്ടുന്നത്.

സ്ത്രീകള്‍ക്ക് വയാഗ്ര ഉണ്ടോ?

വയാഗ്ര കണ്ടുപിടിക്കപ്പെട്ടതും പരീക്ഷിച്ച് തെളിഞ്ഞതും പുരുഷന്മാരിലെ ലൈംഗിക ഉത്തേജനം വര്‍ധിപ്പിക്കുക എന്ന നിലയ്ക്കാണ്. എന്നാല്‍ സ്ത്രീകളിലെ പ്രശ്‌നങ്ങള്‍ക്ക് വയാഗ്ര ഒരു പരിഹാരമല്ലെനന് വിമര്‍ശനവും വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിനുള്ള പലതരം ഗവേഷണങ്ങള്‍ പിന്നീട് നടക്കുകയുണ്ടായി. എന്നാല്‍ സില്‍ഡെനാഫിലോ, ഫൈസറോ വിജയകരമായ പഠനങ്ങള്‍ നടത്തിയിട്ടില്ല. 

അതിനിടെയാണ് സ്ത്രീകളിലെ ലൈംഗിക മരവിപ്പിന് പരിഹാരമായേക്കാവന്ന മരുന്ന് അമേരിക്കയില്‍ നിന്നുള്ള ഒരു പഠനസംഘം വികസിപ്പിച്ചത്. എന്നാല്‍ വയാഗ്ര പോലെ തന്നെ ഇതും ഒരു അബദ്ധമായിരുന്നു. .! വിഷാദ രോഗചികിത്സയില്‍ ഫലപ്രദമല്ലെന്ന് കണ്ടെത്തിയ ഫല്‍ബാന്‍സെറിന്‍ എന്ന മരുന്നിനാണ് സ്ത്രീകളുടെ ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയത്. ഫ്രാന്‍സിലെ ലിയോണില്‍ നടന്ന സെക്ഷ്വല്‍ മെഡിസിന്‍ മീറ്റിലാണ് അമേരിക്ക വികസിപ്പിച്ചെടുത്ത ഫല്‍ബാന്‍സെറിന്റെ ഗുണങ്ങള്‍ വിശകലനം ചെയ്യപ്പെട്ടത്. 

അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ 2000ത്തില്‍പ്പരം സ്ത്രീകളില്‍ മരുന്ന് ഉപയോഗിക്കുകയും വിജയം കാണുകയും ചെയ്തിട്ടുണ്ട്. ദിനംപ്രതി 100 മില്ലി ഗ്രാംമരുന്ന് ഇവര്‍ക്ക് കൊടുത്തപ്പോള്‍ ആശാവഹമായ പുരോഗതിയാണത്രേ ഇവരില്‍ കണ്ടെത്തിയത്. വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഫല്‍ബാന്‍സെറിന്‍ വികസിപ്പിച്ചത്. ഈ മരുന്ന് അതിന് പറ്റില്ലെന്ന് പ്രാഥമിക പരീക്ഷണങ്ങളില്‍ത്തന്നെ വ്യക്തമായിരുന്നു. എന്നാല്‍ ഈ പരീക്ഷണങ്ങളില്‍ നിന്നും തന്നെ ഇതിന് ലൈംഗികകാര്യത്തില്‍ ഉപകാരപ്പെടുന്ന പ്രയോജനകരമായ ഒരു പാര്‍ശ്വഫലം ഉണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെടുകയായിരുന്നു.