തൃശ്ശൂര്‍: കേന്ദ്ര ആരോഗ്യവകുപ്പിന്റെ പൊതുസംഭരണപ്പട്ടികയിലേക്ക് പുതുതായി 19 മെഡിക്കല്‍ ഉപകരണങ്ങള്‍കൂടി ഉള്‍പ്പെടുത്തി. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നവയ്ക്ക് സംഭരണത്തില്‍ ഇതോടെ സംവരണം ഉറപ്പാകും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഫലപ്രദമായ തുടര്‍ച്ചയെന്ന നിലയിലാണ് നടപടി.

ഒന്നരവര്‍ഷത്തിനകം രണ്ടുതവണയായി 135 ഉപകരണങ്ങള്‍ പട്ടികയിലുള്‍പ്പെടുത്തിയിരുന്നു. കോവിഡനന്തരഘട്ടത്തില്‍ രാജ്യത്തെ മെഡിക്കല്‍ ഉപകരണനിര്‍മാണരംഗത്തുണ്ടായ ഉണര്‍വാണ് സര്‍ക്കാരിന് പ്രചോദനമായത്. വെന്റിലേറ്ററുകള്‍, മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, കൈയുറകള്‍ തുടങ്ങിയവയുടെ നിര്‍മാണരംഗത്ത് നാമമാത്രനിലയില്‍നിന്ന് മുന്‍പന്തിയിലേക്കെത്താന്‍ കഴിഞ്ഞു. നിലവില്‍ ഇവിടെ ആവശ്യമുള്ള ഉപകരണങ്ങളില്‍ 75-80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഈ സ്ഥിതി മാറ്റി ലോകത്തിന്റെ ഫാര്‍മസി എന്നപോലെ മെഡിക്കല്‍ ഉപകരണങ്ങളുടെ ഹബ്ബായി രാജ്യത്തെ മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ ഉപകരണപാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി തുടങ്ങിക്കഴിഞ്ഞു. നിലവിലുള്ള നിര്‍മാതാക്കള്‍ക്ക് ഉത്പാദനനിരക്കിന്റെ അടിസ്ഥാനത്തില്‍ പ്രോത്സാഹനത്തുക നല്‍കുന്ന പദ്ധതിയും തുടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ ഈ മേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപത്തിനും അനുമതി നല്‍കിയിട്ടുണ്ട്. സാങ്കേതികവിദ്യ കൈമാറ്റത്തില്‍ 1200-ല്‍ അധികം കരാറുകളാണ് നിലവില്‍ ഒപ്പുവെയ്ക്കപ്പെട്ടിരിക്കുന്നത്.

പട്ടികയിലുള്‍പ്പെട്ടാല്‍...

സര്‍ക്കാര്‍ ആശുപത്രികളിലും വിവിധ ആരോഗ്യപദ്ധതികള്‍ക്കും ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളാണ് ഈ പൊതുസംഭരണത്തിലൂടെ ഉറപ്പാക്കുന്നത്. ഇത്തരം സംഭരണത്തില്‍ പൂര്‍ണമായും തദ്ദേശീയമായി നിര്‍മിക്കുന്ന വസ്തുക്കള്‍ക്കായിരിക്കും മുന്‍തൂക്കം. ഇവര്‍ക്ക് മറ്റു നടപടികളില്‍ കുരുങ്ങേണ്ടെന്നു മാത്രമല്ല, നിശ്ചിതശതമാനം സംവരണവും ഉറപ്പാണ്.

പട്ടികയിലെത്തുന്ന പ്രധാന ഉപകരണങ്ങള്‍

ഇലക്ട്രോ-ഡയഗണോസ്റ്റിക് ഉപകരണങ്ങള്‍, ഇലക്ട്രോ കാര്‍ഡിയോഗ്രാഫ്, എന്‍ഡോസ്‌കോപ്പുകള്‍, ഇ.ഇ.ജി., ഇ.സി.ജി. എന്നിവയ്ക്കുള്ള എക്‌സ്റേ യന്ത്രങ്ങള്‍, കൃത്രിമമുട്ടുകള്‍, കാനുലകള്‍, കത്തീറ്ററുകള്‍, കാര്‍ഡിയാക് കത്തീറ്ററുകള്‍, സര്‍ജിക്കല്‍ കത്തികള്‍, കത്രികകള്‍, ബ്ലേഡുകള്‍, പശയില്ലാത്ത ബാന്‍ഡേജുകള്‍.

Content Highlights: Medical equipments, Health