ന്യൂഡൽഹി: രാജ്യത്തുടനീളം 1500-ലധികം മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി.

ഓക്സിജൻ ലഭ്യതയുടെ പുരോഗതി അവലോകനം ചെയ്യാനായി വെള്ളിയാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണിത്. പി.എം. കെയേഴ്‌സിന്റെയും വിവിധ മന്ത്രാലയങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഫണ്ട് വിനിയോഗിച്ചാണ് പ്ലാന്റുകൾ സ്ഥാപിക്കുക. പൂർണമായും പ്രവർത്തന ക്ഷമമാവുന്നതോടെ ആശുപത്രികളിലെ നാലുലക്ഷത്തിലധികം കിടക്കകളിൽ ഇവയുടെ പ്രയോജനം ലഭിക്കും. പ്രവർത്തനത്തിലും പരിപാലനത്തിലും ആശുപത്രിജീവനക്കാർക്ക് മതിയായ പരിശീലനവും ഉറപ്പാക്കും. ഓരോ ജില്ലയിലും പരിശീലനം ലഭിച്ച ജീവനക്കാർ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിദഗ്ധർ പരിശീലന മാതൃക തയ്യാറാക്കിയിട്ടുണ്ടെന്നും എണ്ണായിരത്തോളം പേർക്ക് പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു.

പ്ലാന്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് നൂതന സാങ്കേതികവിദ്യ വിന്യസിക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, നഗര വികസന സെക്രട്ടറി, മറ്റ് പ്രധാന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Content Highlights: Oxygen plants, Health, Covid19