തൃശ്ശൂര്‍: പുതിയ മരുന്നുകളുടെ പരീക്ഷണങ്ങളില്‍ പങ്കാളികളായി പാര്‍ശ്വഫലങ്ങളനുഭവിക്കുന്നവര്‍ക്ക് ഏഴുവര്‍ഷത്തിനിടെ നഷ്ടപരിഹാരമായി നല്‍കിയത് 12 കോടി. എന്നാല്‍ ഇക്കാര്യത്തില്‍ നീതിയുക്തമായ ഇടപെടല്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലായെന്ന ആരോപണം ശക്തമാവുകയാണ്. കോവിഡ് വാക്സിന്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയം ചര്‍ച്ചയാകുന്നത്.
മരുന്നുകളുടെ വലിയ വിപണിയായും ഫാക്ടറിയുമായി മാറുന്ന ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 2015-ല്‍ 859 പരീക്ഷണങ്ങള്‍ക്കാണ് അനുമതി കൊടുത്തത്. എന്നാല്‍ 2018 ആകുമ്പോഴേക്കും ഇത് 3869 എണ്ണമായി. ഇത്തരം പരീക്ഷണങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ അറിയാനും വിലയിരുത്താനും തുടര്‍ നടപടികള്‍ക്കുമായി എത്തിക്സ് കമ്മിറ്റികള്‍ വേണമെന്നാണ് നിയമം. പരീക്ഷണത്തിന് അനുമതി കൊടുക്കുന്ന താത്പര്യമൊന്നും കമ്മിറ്റികളുണ്ടാക്കുന്നതിലില്ലെന്നും കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു. അതായത് 859 അനുമതികള്‍ നല്‍കിയ കാലത്ത് 130 കമ്മിറ്റികളുണ്ടാക്കി.
എന്നാല്‍ അനുമതി 3869 ലേക്കെത്തിയപ്പോള്‍ വെറും 330 കമ്മിറ്റികള്‍ മാത്രമാണ് നിലവില്‍ വന്നത്.
ഇതേ അലംഭാവം നഷ്ടപരിഹാരം അനുവദിക്കുന്ന കാര്യത്തിലും കാണാം. മൂന്നുവര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് മരുന്നുപരീക്ഷണങ്ങളില്‍ പങ്കാളികളായ 1443 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്നാലിതില്‍ 88 പേരില്‍ മാത്രമാണ് മരുന്നുകളുടെ പാര്‍ശ്വഫലം കാരണമായതെന്നാണ് എത്തിക്സ് കമ്മിറ്റികള്‍ പറയുന്നത്.
അതില്‍ത്തന്നെ 66 പേര്‍ക്കാണ് അക്കാലത്ത് നഷ്ടപരിഹാരം അനുവദിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരം പരീക്ഷണങ്ങളുടെ ഫലമായി അംഗവൈകല്യമോ പരിക്കുകളോ വന്ന ഒട്ടേറെപ്പേരുണ്ട്. ഇവര്‍ക്കൊന്നും ഒരുവിധ ആനുകൂല്യങ്ങളും ലഭിച്ചിട്ടുമില്ല.
അനുമതി നല്‍കുന്ന ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫീസിന്റെ ഘടനാപരമായ പരിമിതികള്‍ മൂലം എത്തിക്സ് കമ്മിറ്റിയുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്ക് സാധിക്കുന്നില്ലായെന്നാണ് പറയുന്നത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് കുത്തിവെപ്പ് മരുന്നുപരീക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയുടെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യസംഘടനകള്‍ ഒരു വെബിനാര്‍ സംഘടിപ്പിച്ചിരുന്നു.
മരുന്നുപരീക്ഷണങ്ങളും പാര്‍ശ്വഫലങ്ങളുടെ വിലയിരുത്തലും സംബന്ധിച്ച് ഒട്ടേറെ സംശയങ്ങള്‍ അതില്‍ ഉയര്‍ന്നു. ഇതിനുള്ള മറുപടിയായി ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ വി.ജി. സോമാനിയാണ് ഏഴുവര്‍ഷത്തെ ഏകദേശ കണക്ക് വ്യക്തമാക്കിയത്. എന്നാല്‍ വിശദാംശങ്ങളിലേക്ക് അദ്ദേഹം കടന്നതുമില്ല.
എത്തിക്സ് കമ്മിറ്റികളില്‍ പലതും നിയമമനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം 10-15 കമ്മിറ്റികള്‍ക്കെതിരേ നടപടിയെടുത്തെന്നും ചൂണ്ടിക്കാട്ടി.
Content Highlights: 12 crore compensation for drug test victims over seven years, Health