കൊച്ചി: കോവിഡ് കാലത്ത് ഇന്ത്യയില്‍ മരിച്ചത് 106 ഡോക്ടര്‍മാരും 25 ആരോഗ്യപ്രവര്‍ത്തകരും. ഇതില്‍ 13 നഴ്സുമാരും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ ഒരു ഡോക്ടറുടെയും ഒരു നഴ്സിന്റെയും മരണം ആത്മഹത്യയാണ്. എറണാകുളം സ്വദേശിയായ ഡോ. രാജീവ് ജയദേവന്റെ 'ഡെത്ത് ഡ്യൂറിങ് ദ ടൈംസ് ഓഫ് കോവിഡ്' എന്ന പഠനത്തിലാണ് ആരോഗ്യപ്രവര്‍ത്തകരുടെ മരണം വിഷയമായത്. കോവിഡ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിക്കുക, വാഹനാപകടത്തില്‍ മരിക്കുക, കോവിഡ് ഡ്യൂട്ടിക്കിടെയുള്ള ആത്മഹത്യ എന്നിവയും ഇതില്‍പ്പെടുന്നു.

മരിച്ചവരില്‍ 25 ശതമാനം ഡോക്ടര്‍മാരും മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ്. തമിഴ്നാട്ടില്‍ 13 ശതമാനവും ഗുജറാത്തില്‍ 11 ശതമാനവും ഡല്‍ഹിയിലും ബംഗാളിലും പത്തുശതമാനവും ഉത്തര്‍പ്രദേശില്‍ എട്ടുശതമാനവും ആണ് ഡോക്ടര്‍മാരുടെ മരണം.

കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, ഡല്‍ഹിയിലും വിദേശത്തുമായി മലയാളി ഡോക്ടര്‍മാരും നഴ്സുമാരും മരിച്ചിട്ടുണ്ട്. കോവിഡ് ഡ്യൂട്ടിക്കിടെയുണ്ടായ കേരളത്തിലെ രണ്ട് വ്യത്യസ്ത റോഡ് അപകടങ്ങളാണ് 22 വയസ്സുള്ള രണ്ട് മലയാളിനഴ്സുമാരുടെ ജീവന്‍ കവര്‍ന്നത്.

മരണങ്ങളില്‍ 60 ശതമാനവും 60 വയസ്സില്‍ താഴെയുള്ളവരാണ്. ജോലിക്കിടെയുള്ള മാനസികസമ്മര്‍ദവും രോഗികളുടെ ദയനീയാവസ്ഥ നല്‍കിയ ആഘാതവുമാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആത്മഹത്യയ്ക്ക് പ്രേരകമാവുന്ന പ്രധാന ഘടകങ്ങളെന്ന് ഡോ. രാജീവ് പറഞ്ഞു.

Content Highlights: 106 doctors, 25 health workers died in India during Covid19 Corona Virus outbreak, Health