ഭോപ്പാൽ: രണ്ട് യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് ബിര്‍ധിചന്ദ് ജി ഗോത്തി എന്ന മധ്യപ്രദേശുകാരന്‍. രണ്ടിലും ജയിക്കുകയും ചെയ്തു. ആദ്യത്തേത് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ. രണ്ടാമത്തേത് നൂറ്റിനാലാം വയസ്സില്‍ കോവിഡ് മഹാമാരിക്കെതിരേയും. ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് കോവിഡ് പോസറ്റീവായ ഗോത്തി കഴിഞ്ഞ ദിവസം നെഗറ്റീവായി പരിപൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തി.

ബേതുലിലെ വീട്ടില്‍ തന്നെയായിരുന്നു ഗോത്തിക്ക് ചികിത്സ. സഹായത്തിന് കുടുംബാംഗമായ ഒരു ഡോക്ടറുമുണ്ടായിരുന്നു. ദിവസവും രണ്ട്-മൂന്ന് മണിക്കൂര്‍ ഓക്‌സിജന്‍ നല്‍കിയിരുന്നു. എങ്ങനെയാണ് കോവിഡിനെ മറികടന്നത് എന്ന ചോദിച്ചാല്‍ റെഡി ഉത്തരമുണ്ട് തികഞ്ഞ ഗാന്ധിയനായ ഗോത്തിക്ക്. പോസറ്റീവായി ഇരിക്കുക, പുഞ്ചിരിക്കുക, വ്യായാമം ചെയ്യുക, സന്തുലിതമായ ഭക്ഷണം കഴിക്കുക.

1918ലെ മഹാമാരിക്കാലത്ത് ജനിച്ച ഗോത്തി സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നിരവധി തവണ ജയില്‍വാസമനുഷ്ഠിച്ചയാളാണ്. എന്നാല്‍, പെന്‍ഷന്‍ അടക്കം സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള ഒരു ആനുകൂല്യവും ഗോത്തി കൈപ്പറ്റുന്നില്ല. തികഞ്ഞ സസ്യാഹാരിയാണ്. ദിവസം രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വരെ പാല് കുടിക്കും. തൊണ്ണൂറാം വയസ് വരെ തനിച്ച് കാറോടിച്ചുപോകുമായിരുന്നു.

Content Highlights: 104 Year-Old Gandhina In Madhya Pradesh Beats Covid