കോഴിക്കോട് സ്വദേശിയും ന്യൂയോർക്കിലെ വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. ജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് 13.8 മില്യൺ ഡോളറിന്റെ (102 കോടി രൂപ) അമേരിക്കൻ സ്റ്റേറ്റ് ഗവേഷണസഹായധനം. ഡിമെൻഷ്യയെക്കുറിച്ചുള്ള (മറവിരോഗം) ഗവേഷണത്തിനാണിത്. ന്യൂയോർക്കിലെ ആൽബെർട്ട് ഐൻസ്റ്റൈൻ സ്കൂൾ ഓഫ് മെഡിസിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററാണ് ഡോ. ജോ വർഗീസ്.
ഗ്രാൻഡിന്റെ വിനിയോഗം ഭാഗികമായി ഇന്ത്യയിലെ ആശുപത്രികളുമായി സഹകരിച്ചായിരിക്കും. കോഴിക്കോട്ടെ ബേബി മെമ്മോറിയൽ, മെയ്ത്ര ആശുപത്രികളെ ഗവേഷണത്തിൽ പങ്കാളികളാക്കും. ഐ.സി.എം.ആറിന്റെ അനുമതിയോടെയായിരിക്കും ഇത്. മുമ്പ് ശ്രീചിത്ര ആശുപത്രിയുമായി സഹകരിച്ച് ഐൻസ്റ്റൈൻ സ്കൂൾ ടീം ഗവേഷണം നടത്തിയിട്ടുണ്ട്. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏജിങ് ആണ് ഡോ. ജോയെയും അദ്ദേഹത്തിന്റെ സ്ഥാപനത്തെയും ഗവേഷണ സഹായധനത്തിന് തിരഞ്ഞെടുത്തത്. അഞ്ചുവർഷമാണ് ഗവേഷണ കാലാവധി.
മറവിരോഗം തടയുന്നതിനും തലച്ചോറിലെ മാറ്റങ്ങൾ നിരീക്ഷിച്ച് വർഷങ്ങൾക്കുമുമ്പേ കണ്ടെത്തുന്നതിനും ചികിത്സയ്ക്കുമുള്ള ഗവേഷണങ്ങളാണ് ഡോ. ജോയും സംഘവും നടത്തുന്നതെന്ന് ഡോ. ജോ വർഗീസ് മാതൃഭൂമിയോടു പറഞ്ഞു.
കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയും ഹവാക്കർ ഫുട്വേർ സ്ഥാപകൻ വർഗീസ് ജോസഫിന്റെ മകനുമായ ഡോ. ജോ 20 വർഷമായി അമേരിക്കയിലാണ്. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലും ദേവഗിരി കോളേജിലും ബാംഗ്ലൂർ സെയ്ന്റ് ജോൺസ് മെഡിക്കൽ കോളേജിലും പഠനം നടത്തി.
യു.കെ.യിൽനിന്ന് എം.ആർ.സി.പി. നേടി. ഡോ. ആൻ ഫെലീഷ്യ ഭാര്യയും എൻജിനിയറിങ് പഠനം പൂർത്തിയാക്കിയ ഡേവിഡ്, സോഷ്യോളജി വിദ്യാർഥിനി ടാനിയ എന്നിവർ മക്കളുമാണ്.
Content Highlights:102 crore for Malayalee-led research on dementia, Health