കോവിഡ് ഭേദമായവരിൽ മൂന്നിലൊരാൾക്ക് അണുബാധയുണ്ടായി ആറുമാസത്തിനകം നാഡീസംബന്ധമായ പ്രശ്നങ്ങളും മാനസികപ്രശ്നങ്ങളും ഉണ്ടായതായി പഠനങ്ങൾ. 2,30,000 ആളുകളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇവരിൽ പതിമൂന്ന് ശതമാനം പേർക്കും മുൻപ് മാനസിക സംബന്ധമായതോ നാഡീസംബന്ധമായതോ ആയ രോ​ഗനിർണയം വേണ്ടിവന്നിട്ടില്ലെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. 

ദ ലാൻസറ്റ് സെെക്യാട്രി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാർസ് കോവ് 2 വെെറസ് ​ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെന്നും ഇത് നാഡീവ്യവസ്ഥയെ ബാധിക്കുന്നുണ്ടെന്നും പഠനം നടത്തിയ ഓക്സ്ഫോർഡ് സർവകലാശാല ​ഗവേഷകർ പറയുന്നു. ഇതിനാൽ തന്നെ കോവിഡ് 19 ഭേദമായി മാസങ്ങൾ പിന്നിട്ടാലും രോ​ഗികൾക്ക് ആരോ​ഗ്യം കുറയുന്ന അവസ്ഥയാണെന്ന് ​ഗവേഷകർ പറയുന്നു. 

കോവിഡ് 19 ബാധിച്ചവരിൽ നാഡീസംബന്ധമായ തകരാറുകൾക്കുള്ള സാധ്യത കൂടിയിട്ടുണ്ടെന്ന് 
കോവിഡ് മഹാമാരി തുടങ്ങിയ സമയത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. 

കോവിഡ് 19 രോ​ഗികൾക്ക്  അണുബാധയുണ്ടായി ആദ്യ മൂന്ന് മാസങ്ങൾ കഴിയുമ്പോൾ തന്നെ മൂഡ് ഡിസോർഡറുകളും ഉത്കണ്ഠാ രോ​ഗങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതായി ഗവേഷകർ റിപ്പോർട്ട് ചെയ്തിരുന്നു. 

യു.എസ്. കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ​ഗ്ലോബൽ ഹെൽത്ത് റിസർച്ച് നെറ്റ് വർക്കായ TriNetX network ആണ് ആറുമാസക്കാലയളിൽ 2,36,379 രോ​ഗികളിൽ പഠനം നടത്തിയത്.  ലാൻസറ്റ്  പഠനം ആണ് ആദ്യമായി ഈ ഡാറ്റ വിശകലനം ചെയ്തത്. 

2020 ജനുവരി 20 ന് ശേഷം വെെറസ് ബാധിതരായതും രോ​ഗം ഭേദപ്പെട്ട് 2020 
ഡിസംബർ 13 വരെ ജീവിച്ചിരുന്നതുമായ  പത്ത് വയസ്സിന് മുകളിൽ പ്രായമുള്ളവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. 

പഠനഫലങ്ങൾ ചുരുക്കത്തിൽ

പഠന പ്രകാരം, കോവിഡ് 19 ബാധിച്ചവരിൽ 34 ശതമാനം പേർക്ക് അണുബാധയുണ്ടായി ആറുമാസത്തിനകം നാഡീസംബന്ധമായ തകരാറുകളോ മാനസിക സംബന്ധമായ തകരാറുകളോ ഉണ്ടായിട്ടുണ്ട്. ഇതിൽ 13 ശതമാനം പേർക്കും നാഡീസംബന്ധമായ തകരാറുകളോ മാനസിക സംബന്ധമായ തകരാറുകളോ കണ്ടെത്തുന്നത് ആദ്യമായിട്ടായിരുന്നുവെന്നും പഠനസംഘത്തലവൻ ഓക്സ്ഫോർഡ് സർവകലാശാലയിലെ പോൾ ഹാരിസൻ പറഞ്ഞു. 

പഠനത്തിൽ പങ്കെടുത്ത 17 ശതമാനം രോ​ഗികൾക്കും ഉത്കണ്ഠാരോ​ഗങ്ങളും 14 ശതമാനം പേർക്ക് മൂഡ് ഡിസോർഡറും ഏഴുശതമാനം പേരിൽ സബ്സ്റ്റാൻസ് മിസ് യൂസ് ഡിസോർഡറുകളും (substance misuse disorders) അഞ്ചുശതമാനം പേരിൽ ഇൻസൊമ്നിയയും കണ്ടെത്താനായി. 

നാഡീസംബന്ധമായ പ്രശ്നങ്ങളിൽ 0.6 ശതമാനം ബ്രെയിൻ ​ഹെമറേജ്, 2.1 ശതമാനം ഇസ്ക്കീമിക് സ്ട്രോക്ക്, 0.7 ശതമാനം ഡിമെൻഷ്യ എന്നിങ്ങനെയായിരുന്നു. 

Content Highlights: 1 in 3 Covid patients who recovered have neurological, mental health disorders, Health, Covid19