ന്യൂഡല്‍ഹി: മാനസികാസ്വാസ്ഥ്യം മൂലം ആത്മഹത്യാ ശ്രമം നടത്തുന്നവര്‍ക്കുള്ള ശിക്ഷയിളവ് അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ മാനസികാരോഗ്യ ബില്‍ 2016-ന് പാര്‍ലമെന്റിന്റെ അംഗീകാരം. കഴിഞ്ഞ ആഗസ്ത് മാസം രാജ്യസഭ പാസാക്കിയ ബില്ലിന് തിങ്കളാഴ്ചയാണ് ലോക്‌സഭ അംഗീകാരം നല്‍കിയത്.

സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്താല്‍ മുന്നോട്ട് പോവുന്ന മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങള്‍ക്കും ചികിത്സ ഉറപ്പ് വരുത്തുന്നതാണ് ബില്‍.  ഇതിന് പുറമെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും, ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പ് നല്‍കണമെന്നും ബില്ലില്‍ ആവശ്യപ്പെടുന്നുണ്ട്.

മാനസികാസ്വാസ്ഥ്യം മൂലം ആത്മഹത്യാശ്രമം നടത്തുന്നവരെ ശിക്ഷയില്‍ നിന്നും ഒഴിവാക്കാനും  ബില്‍ ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ ആത്മഹത്യാശ്രമം നടത്തുന്നവരെ പു:നരധിവസിപ്പിക്കാനും ആവശ്യമുള്ള ചികിത്സ ഉറപ്പ് വരുത്തണമെന്ന കാര്യവും ബില്‍ മുന്നോട്ട് വെക്കുന്നുണ്ട്.