കോഴിക്കോട്: ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനുള്ള സാമ്പത്തികസഹായം ഇനി കൂടുതല്‍ പേര്‍ക്ക് തുണയാകും. കാഴ്ചവൈകല്യമുള്ള അമ്മമാര്‍ക്ക് മാത്രം നല്‍കിയിരുന്ന സഹായം 21 വിഭാഗങ്ങള്‍ക്കുകൂടി ലഭിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

പ്രതിമാസം 2000 രൂപയാണ് നല്‍കുന്നത്. രണ്ട് വര്‍ഷമാണ് സാമ്പത്തികസഹായത്തിന് അര്‍ഹതയുണ്ടാവുക. പ്രസവാനന്തരമാണ് അമ്മമാരെ പദ്ധതിയുടെ ഭാഗമാക്കുന്നത്. കുഞ്ഞിന് രണ്ട് വയസ്സാകുന്നവരെ കൃത്യമായ പരിചരണം ഉറപ്പുവരുത്തുകകൂടിയാണ് 'മാതൃജ്യോതി' പദ്ധതിയുടെ ലക്ഷ്യം. ഭിന്നശേഷി അവകാശനിയമപ്രകാരമാണ് കൂടുതല്‍ വിഭാഗങ്ങള്‍ ഇപ്പോള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മസ്‌കുലര്‍ ഡിസ്ട്രോഫി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി, സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ബുദ്ധിപരവും മാനസികവുമായ വെല്ലുവിളി നേരിടുന്നവര്‍, ഹീമോഫീലിയ, തലാസീമിയ, സിക്കിള്‍സെല്‍ അനീമിയ, നാഡീപ്രശ്നം, പാര്‍ക്കിന്‍സണ്‍സ്, പഠനപ്രശ്‌നം ഉള്ളവര്‍, കുഷ്ഠരോഗവിമുക്തര്‍ എന്നിവരെല്ലാം സഹായത്തിനര്‍ഹരാണ്. ആസിഡ് ആക്രമണത്തിന് വിധേയരായ അമ്മമാരും പദ്ധതിയില്‍ ഉള്‍പ്പെടും.

അച്ഛനും അമ്മയും ഭിന്നശേഷിക്കാരാണെങ്കില്‍ മുന്‍ഗണനയുണ്ട്. അതുപോലെ കുഞ്ഞിനും ഭിന്നശേഷിയുണ്ടെങ്കില്‍ പ്രത്യേക പരിഗണന ലഭിക്കും. മാതൃജ്യോതിക്കായി സര്‍ക്കാര്‍ 36 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

മാതൃജ്യോതിയുടെ ആനുകൂല്യം കൂടുതല്‍ പേര്‍ക്ക് നല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനുള്ള ശ്രമങ്ങളാണ് തുടങ്ങിയത്. ഏറ്റവും അര്‍ഹരായ അമ്മമാരെ കണ്ടെത്തി സഹായം എത്തിക്കുകയാണ് ചെയ്യുക. ജില്ലാ സാമൂഹ്യനീതി ഓഫീസിലാണ് ഇതിനായി അപേക്ഷ നല്‍കേണ്ടത്.

''കൂടുതല്‍ അമ്മമാരുടെ അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. ഈ മാസം 31 വരെ അപേക്ഷ സ്വീകരിക്കും. ഭിന്നശേഷി ശതമാനം, മുന്‍ഗണനകള്‍ എല്ലാം പരിഗണിച്ച ശേഷം അതില്‍നിന്നാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. കുഞ്ഞുങ്ങളുടെ പരിചരണത്തിന് അരലക്ഷം രൂപയോളം ഓരോ അമ്മയ്ക്കും ലഭിക്കുമെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം''- ജില്ലാ സാമൂഹികനീതി ഓഫീസര്‍ അഷ്റഫ് കാവില്‍ പറഞ്ഞു.

Content Highlights: 'Mathrujyothi' for mothers with disabilities, Health, Women's Health, Pregnancy