ഹൃദയത്തിന് അല്‍പ്പമൊരു പ്രശ്‌നമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ പിറ്റേദിവസം മുതല്‍ തുടങ്ങും അഞ്ചും ആറും കിലോമീറ്റര്‍ നടക്കാനും മറ്റ് വ്യായാമങ്ങള്‍ ചെയ്യാനും. എന്നാല്‍ ഹൃദയ സംരക്ഷണത്തിന് മാത്രമാണെങ്കില്‍ ഇത്രയേറെ വ്യായാമം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ആസ്റ്റര്‍ മിംസ് സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.ഷെഫീഖ് മട്ടുമ്മല്‍ ചൂണ്ടിക്കാട്ടുന്നത്. ഹൃദയ സംരക്ഷണത്തിന് ദിവസേന അര മണിക്കൂര്‍ മാത്രമേ വ്യായാമം ചെയ്യേണ്ടതുള്ളു. അത് ഓരോരുത്തരുടെ ശരീര പ്രകൃതിക്ക് അനുസരിച്ച് തെരഞ്ഞെടുക്കകയും ചെയ്യാം. ദിവസേന അരമണിക്കൂര്‍ ആഴ്ചയില്‍ അഞ്ച് ദിവസം മാത്രമേ ഇങ്ങനെ വ്യായാമം നടത്തേണ്ടതുള്ളൂവെന്നും ഡോക്ടര്‍ ഷെഫീഖ് മട്ടുമ്മല്‍ പറയുന്നു. 

അസുഖം വരാമെന്ന് മുന്‍കൂട്ടി കണ്ട് ചെറിയ പ്രായത്തില്‍ തന്നെ ജീവിതശൈലിയെ നിയന്ത്രിക്കുക എന്നത് തന്നെയാണ് ഹൃദയ സംരക്ഷണത്തിനുള്ള പ്രധാന മാര്‍ഗം. പഴയ കാലത്ത് നിന്നും വ്യത്യസ്ഥമായി ഇന്ന് യുവാക്കളില്‍ പോലും ഹൃദ്രോഗം ഏറെക്കൂടതലായി കാണപ്പെടുന്നുണ്ട്. ഇതിന് പ്രധാന കാരണം യുവാക്കളിലെ പുകവലിയാണ്. ഇതിന് പുറമെ ഫിറ്റ്‌നസ് സെന്ററുകളിലെ സ്റ്റിറോയ്ഡ് ഏറെയുള്ള തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നതും യുവാക്കളെ ഹൃദ്രോഗത്തിന്‌ അടിമകളാക്കുന്നുണ്ട്.

ഫിറ്റ്‌നസ് സെന്ററുകളിലെ ഇത്തരം മരുന്നുകള്‍ക്ക് വിതരണ  ലൈസന്‍സ് പോലുമില്ല എന്നത് മനസിലാക്കാതെയാണ് പലരും ഇത് ഉപയോഗിക്കുന്നത്. ഇത് പുകവലിയോ അതുപോലുള്ള മറ്റ് ദുശീലങ്ങളോ ഇല്ലാത്ത യുവാക്കളെ ഹൃദ്രോഗത്തിന് അടിമകളാക്കുന്നുവെന്നും ഡോ. ഷെഫീക്ക് മട്ടുമ്മല്‍ ചൂണ്ടിക്കാട്ടുന്നു. ഹൃദയാരോഗ്യമവുമായി ബന്ധപ്പെട്ട് സ്വയം ചികിത്സയാണ് മറ്റൊരു അപകടം. വാട്‌സ് ആപ്പുകളിലും മറ്റും പല രോഗങ്ങളുടെയും പേരില്‍ ഇന്ന് വ്യാജപ്രചാരണം നടക്കുന്നുണ്ട്. രോഗങ്ങള്‍ വരുമ്പോള്‍ ശരിയായ വിദഗ്ധനെ കാണാതെ ഇങ്ങനെയുള്ള വ്യാജപ്രചാരണത്തിന് പിന്നാലെ പോയി വലിയ അപകടം വിളിച്ചുവരുത്തുന്ന നിരവധി കേസുകളും ഇന്ന് വര്‍ധിച്ചുവരുന്നതായി ഡോക്ടര്‍ പറയുന്നു.