കൊച്ചി: കോവിഡ് രണ്ടാംതരംഗം പ്രതിരോധിക്കാന്‍ കൂടുതല്‍ വാക്‌സിനേഷനും, 'ബ്രേയ്ക് ദി ചെയിന്‍' പ്രചാരണവും ശക്തമാക്കാന്‍ ആരോഗ്യവകുപ്പ്. തിരഞ്ഞെടുപ്പ് പരിപാടികളും കൂടിച്ചേരലുകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ രണ്ടാം രോഗവ്യാപനം തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ രണ്ടാംവ്യാപനം ഉണ്ടാക്കുന്നത് ജനിതകമാറ്റം വന്ന വൈറസുകളാണ്. രണ്ടുതവണ ജനിതകമാറ്റം വന്ന വൈറസുകളും ഇക്കൂട്ടത്തിലുണ്ട്. ഇവയുടെ വ്യാപനം വളരെ വേഗത്തിലാണെന്ന് ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാര്‍ പറഞ്ഞു.

പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കാന്‍ ആരോഗ്യവകുപ്പിന്റെ 'ബാക്ക് ടു ബേസിക്‌സ്' പദ്ധതി വീണ്ടും ശക്തമാക്കും. മുഖാവരണത്തിന്റെയും സാമൂഹികഅകലത്തിന്റെയും ആവശ്യകത ബോധ്യപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുക.

5000 രോഗികള്‍ക്കുള്ള ചികിത്സ സജ്ജം

രണ്ടാംവ്യാപനം ഉണ്ടായാലും 4000 മുതല്‍ 5000 രോഗികള്‍ക്ക് ചികിത്സ നല്‍കാനുള്ള സംവിധാനം സംസ്ഥാനത്ത് സജ്ജമാണ്. ഫെബ്രുവരിയില്‍ രോഗികള്‍ കുറഞ്ഞപ്പോള്‍ കോവിഡ് വാര്‍ഡുകള്‍, ഐ.സി.യു. എന്നിവയുടെ എണ്ണം കുറച്ചിരുന്നു. എന്നാല്‍, ഇവ കോവിഡിതര ചികിത്സവിഭാഗത്തിന് തിരികെനല്‍കിയിട്ടില്ല. ജീവനക്കാരുടെ കാര്യത്തില്‍ മാത്രമേ ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുള്ളൂ.

- ഡോ. എസ്.എസ്. സന്തോഷ്‌കുമാര്‍
ഡെപ്യൂട്ടി സൂപ്രണ്ട്, 
തിരുവനന്തപുരം മെഡിക്കല്‍കോളേജ്

Content Highlights: 'Back to Basics' project to prevent Covid19 second wave, Health, Covid19