ന്യൂഡല്‍ഹി: 'എച്ച്1-എന്‍1' എന്നറിയപ്പെടുന്ന പന്നിപ്പനിക്കെതിരെ ഇന്ത്യയില്‍ത്തന്നെ വികസിപ്പിച്ചെടുത്ത വാക്‌സിഫ്‌ളൂ-എസ് വാക്‌സിന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് പുറത്തിറക്കി.

അഹമ്മദാബാദിലെ സൈഡസ് കാഡിലയാണ് വാക്‌സിഫ്‌ളൂവിന്റെ നിര്‍മാതാക്കള്‍.

വിദേശപ്രതിരോധമരുന്നുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയുള്ളതാണ് ഇന്ത്യയില്‍ വികസിപ്പിച്ച വാക്‌സിന്‍. വിദേശവാക്‌സിന്‍ പ്രതിരോധകുത്തിവെപ്പിന് ആയിരം രൂപവരെ വിലയുണ്ട്. എന്നാല്‍, വെള്ളിയാഴ്ചമുതല്‍ കമ്പോളത്തില്‍ ലഭിക്കുന്ന വാക്‌സിഫ്‌ളൂ-എസ്സിന് 350 രൂപയാണ് വില.

കുത്തിവെപ്പിന്റെ ഫലം ഒരുകൊല്ലംവരെ നിലനില്‍ക്കുമെന്ന് ആരോഗ്യമന്ത്രി ആസാദ് വ്യക്തമാക്കി. ഓരോ കൊല്ലവും പ്രതിരോധകുത്തിവെപ്പെടുക്കണം. 18 വയസ്സിനു മുകളിലുള്ളവര്‍ക്കുവേണ്ടിയുള്ളതാണ് ഇപ്പോള്‍ വികസിപ്പിച്ചെടുത്തിട്ടുള്ള പ്രതിരോധകുത്തിവെപ്പ്. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ളത് പരീക്ഷണഘട്ടത്തിലാണെന്ന് കാഡിലാ മാനേജിങ് ഡയറക്ടര്‍ പങ്കജ് പട്ടേല്‍ പറഞ്ഞു. സാധാരണയായി കാണുന്ന പനിക്ക് മുന്ന് വ്യത്യസ്ത ധാരകളാണ് കണ്ടെത്തിയിട്ടുള്ളത്.

കാഡിലയ്ക്കു പുറമെ, പുണെയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യാ ജൂണ്‍ മാസത്തോടെയും ഹൈദരാബാദിലെ ഭാരത് ബയോടെക്, ഡല്‍ഹിയിലെ പനാഷ്യ ബയോടെക് എന്നിവ ജൂലായ്, ആഗസ്ത് മാസങ്ങളിലുമായും തങ്ങളുടെ വാക്‌സിനുകള്‍ പുറത്തിറക്കുമെന്ന് മന്ത്രി ആസാദ് അറിയിച്ചു. അതോടെ, വില വീണ്ടും കുറയും. ആദ്യത്തെ കുത്തിവെപ്പ് എടുത്തുകൊണ്ടാണ് മന്ത്രി ആസാദ് വാക്‌സിന്‍ പുറത്തിറക്കിയത്.