ല്ലാ രോഗങ്ങളും ഉദരത്തില്‍ നിന്നു തുടങ്ങുന്നു എന്ന പ്രകൃതി ചികിത്സാ തത്വം വെച്ചു നോക്കുമ്പോള്‍ ഗ്യാസ് ട്രബിളിനെ നിസ്സാരമായി കരുതാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ പല ആമാശയരോഗങ്ങളുടെയും ലക്ഷണം മാത്രമാണ് വായുകോപം. അല്‍പമെങ്കിലും ഗ്യാസ് ട്രബിള്‍ ഇല്ലാത്തവര്‍ ഇന്ന് വിരളമാണ്. മാറിയ ജീവിതക്രമവും തെറ്റായ ഭക്ഷണരീതിയും അമിത മാനസിക സമ്മര്‍ദ്ദവും ഈ രോഗത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു.

ദഹനക്കുറവാണ് ഗ്യാസിനു പ്രധാന കാരണം. കൂടെക്കൂടെ ഏമ്പക്കം വിടുക, വയറിനു സ്തംഭനവും വിമ്മിട്ടവും തോന്നുക, ഛര്‍ദ്ദിക്കാന്‍ തോന്നുക, കീഴ്ശ്വാസം ഉണ്ടാകുക എന്നിങ്ങനെ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ വായുകോപംകൊണ്ടു ഉണ്ടാകാം. നമ്മള്‍ ആഹാരം കഴിക്കുമ്പോഴും പാനീയങ്ങള്‍ കുടിക്കുമ്പോഴും കുറച്ചു വായു നമ്മുടെ ആമാശയത്തില്‍ എത്തുന്നുണ്ട്. തെറ്റായ ഭക്ഷണക്രമത്തിലൂടെ അകത്തു ചെല്ലുന്ന ചില ജീര്‍ണിച്ച വസ്തുക്കളില്‍ ബാക്ടീരിയ പ്രവര്‍ത്തനം വഴി ഗ്യാസുണ്ടാകുന്നുണ്ട്. വയറിന്റെ വിവിധ ഭാഗങ്ങളില്‍ കാണുന്ന അള്‍സറുകള്‍, ആമാശയവീക്കം, വയറ്റിലുണ്ടാകുന്ന കാന്‍സര്‍, ചെറുകുടലിലോ വന്‍കുടലിലോ ഉണ്ടാകുന്ന മുഴകള്‍, ഹൃദ്രോഗം, വൃക്കരോഗം, കരള്‍രോഗം, ചിലതരം മാനസികപ്രശ്നങ്ങള്‍ എന്നിങ്ങനെ ഒട്ടനവധി കാരണങ്ങളെക്കൊണ്ട് വായുകോപം ഉണ്ടാകാം.

പ്രകൃതിചികിത്സാ കാഴ്ചപ്പാട്

രോഗങ്ങളെല്ലാം പല രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും എല്ലാറ്റിനും മൂലകാരണം പ്രകൃതി നിയമലംഘനമത്രേ. അതു തിരുത്തിയാല്‍ തന്നെ ഒട്ടുമിക്ക രോഗങ്ങളും മാറുന്നതായി കാണാം. ഗ്യാസ് ട്രബിളും മറിച്ചല്ല. ഇന്ന് വിശപ്പില്ലാത്തപ്പോഴും സമയം നോക്കി ഭക്ഷിക്കുന്നവരാണ് ഭൂരിപക്ഷം പേരും. അതു തെറ്റാണ്. ദിവസത്തില്‍ മൂന്നോ നാലോ പ്രാവശ്യം കട്ടിയുള്ള ആഹാരക്രമം ശീലിച്ചവരുണ്ട്. അത്യധ്വാനം ചെയ്താല്‍ ശരീരത്തിലെ ഏതവയവവും ക്ഷീണിക്കും. വിശ്രമം ശരീരത്തിലെ എല്ലാ പേശികള്‍ക്കും ആവശ്യമാണ്. അമിതഭക്ഷണക്കാര്‍ ആമാശയത്തിന് ഒരു വിശ്രമവും നല്‍കുന്നില്ല. അമിതാഹാരം ഗ്യാസും മറ്റു രോഗങ്ങളും വിളിച്ചു വരുത്തും. അങ്ങനെയുണ്ടാകുന്ന രോഗങ്ങള്‍, പ്രകൃതിചികിത്സകരുടെ ദൃഷ്ടിയില്‍ ആരോഗ്യത്തിലേക്കു വരാനുള്ള ശരീരത്തിന്റെ ആത്മാര്‍ത്ഥമായ ആവേശത്തിന്റെ ഫലമാണ്. .

ഗ്യാസ് ട്രബിള്‍ വരാതെ നോക്കാന്‍ പ്രകൃതിചികിത്സകരുടെ സാത്വിക ഭക്ഷണരീതികൊണ്ടു മാത്രം സാധിക്കും. പഴങ്ങളും വേവിക്കാത്ത പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണരീതിയില്‍ നാരുകള്‍ വേണ്ടത്രയുണ്ടാകും-ദഹനപ്രക്രിയ കൂടുതല്‍ സുഗമമാകും. ദിവസത്തില്‍ ഒന്നോ കൂടിയാല്‍ രണ്ടോ പ്രാവശ്യം മാത്രമേ ധാന്യാഹാരം പാടുള്ളു. അരി/ഗോതമ്പ്/റാഗി ഉപയോഗിക്കാം. അഞ്ചു ദിവസത്തിലൊരിക്കല്‍ പഴച്ചാറുകള്‍ മാത്രം കഴിക്കുക. വയറിന് വിശ്രമം നല്‍കുക. ഭക്ഷണത്തിന് കൃത്രിമരുചി നല്‍കുന്ന വസ്തുക്കള്‍ തീര്‍ത്തും ഉപേക്ഷിക്കുക. പുകവലി, മദ്യപാനം എന്നിവ ഒരു കാരണവശാലും അനുവദനീയമല്ല. സസ്യേതര ഭക്ഷണസാധനങ്ങള്‍, വറുത്ത് പൊരിച്ച വസ്തുക്കള്‍, കൃത്രിമ ഭക്ഷ്യവസ്തുക്കള്‍, ചായ, കാപ്പി എന്നിവയും ഉപേക്ഷിക്കുന്നതാണ് നല്ലത്. മിതമായ വ്യായാമം, ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുക എന്നിവയും ശ്രദ്ധിക്കേണ്ടതുണ്ട്.

ഗ്യാസ് ട്രബിള്‍ വന്നുകഴിഞ്ഞാല്‍ വളരെ ചിട്ടയോടു കൂടിയ ഭക്ഷണ- ചികിത്സാക്രമങ്ങള്‍ പാലിക്കേണ്ടിവരും. ഉപവാസ ചികിത്സാക്രമമാണ് ഏറ്റവും ഗുണം ചെയ്യുക. ഇത്തരം രോഗങ്ങളുടെ ശമനത്തില്‍ ഉപവാസ ചികിത്സയ്ക്ക് പ്രധാന സ്ഥാനമുണ്ട്. കാരണം ഉപവാസത്തിലൂടെ മാത്രമേ ഉദരത്തിന് പൂര്‍ണ വിശ്രമം ലഭിക്കുകയുള്ളു. വേണ്ടത്ര വിശ്രമം ലഭിക്കുന്ന പക്ഷം നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനും സ്വയം കേടു തീര്‍ക്കാനുള്ള കഴിവില്‍ പ്രകൃതി ചികിത്സകര്‍ വിശ്വസിക്കുന്നു.

വായുകോപമുള്ളവര്‍ ഏഴുദിവസംവരെ ഉപവസിക്കുന്നത് ഗുണം ചെയ്യും. കഴിയുമെങ്കില്‍ വെള്ളം മാത്രം കുടിച്ച് ഉപവസിക്കുക. ഉപവാസത്തിനു ശേഷം ക്ഷാരഗുണപ്രധാനമായ ജ്യൂസുകള്‍ തിരഞ്ഞെടുക്കണം. അതിനു ശേഷം മാത്രം സാത്വികാഹാര രീതിയിലേക്കു വരാവുന്നതാണ്. രോഗത്തിന്റെ പഴക്കവും കാഠിന്യവും അനുസരിച്ച് ഉപവാസത്തിന്റെ ദൈര്‍ഘ്യത്തില്‍ വ്യത്യാസം വരും.

ചികിത്സാക്രമം

ഉദരസ്നാനം ആറിഞ്ച് വെള്ളം നിറച്ച തൊട്ടിയില്‍ ഇരുന്ന് നനഞ്ഞ തുണികൊണ്ട് വയറു തിരുമ്മുന്ന ചികിത്സ. 20 മിനുട്ടാണ് എടുക്കേണ്ടത്. കഴിവതും ഒഴിഞ്ഞ വയറോടു കൂടി എടുക്കുക. ഭക്ഷണത്തിനു ശേഷമാണെങ്കില്‍ രണ്ടു മണിക്കൂറും മുമ്പാണെങ്കില്‍ ഒരു മണിക്കൂറും ഇടവേള വേണം.

നനഞ്ഞ തുണി വയറ്റത്തു ചുറ്റല്‍

തോര്‍ത്തിന്റെ വലിപ്പത്തിലുള്ള ഒരു തുണി വെള്ളത്തില്‍ മുക്കി പകുതി പിഴിഞ്ഞ് പകുതിയായി മടക്കി വയറ്റത്തു ചുറ്റിക്കെട്ടുന്നു. 20 മിനിട്ടു കഴിഞ്ഞ് അഴിച്ചുമാറ്റാം. ദിവസവും രണ്ടു തവണ ചെയ്യണം. വയര്‍ തടവല്‍-വയറിന്റെ വലതു ഭാഗത്തു നിന്നും ഇടതുഭാഗത്തേക്ക് വൃത്താകൃതിയില്‍ തടവണം. ഗ്യാസു കുറയാനും വയറ്റിലെ ഭക്ഷണപദാര്‍ത്ഥങ്ങളുടെ ചലനം ശരിയാക്കാനും തടവല്‍ സഹായിക്കും.

 • യോഗ പവനമുക്താസനം, പാദഹസ്താസനം, മേരുദണ്ഡാസനം, ത്രികോണാസനം എന്നീ യോഗാസനങ്ങള്‍ വളരെ ഗുണപ്രദമാണ്.

 • എനിമ-8 ഔണ്‍സ് ശുദ്ധജലം ഉപയോഗിച്ച് ചെയ്യുന്ന ടോണിക് എനിമ ഗ്യാസിന് ആശ്വാസം ഉണ്ടാക്കും. ശോധന ഉണ്ടായാലും ഇല്ലെങ്കിലും ഗ്യാസ് ട്രബിള്‍ ഉള്ള രോഗികള്‍ എനിമ ചെയ്യുന്നത് നല്ലതാണ്.
 • നടത്തം, വെയില്‍ കൊള്ളല്‍ എന്നിവക്കും ഗ്യാസ് ട്രബിള്‍ രോഗികള്‍ സമയം കണ്ടെത്തണം. രാവിലെയും വൈകീട്ടും അര മണിക്കൂര്‍ നടക്കുന്നത് വളരെ ഗുണം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. പ്രകൃതി നിയമങ്ങള്‍ ലംഘിക്കാതെ സാത്വികാഹാരരീതി ശീലിക്കുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നിഷ്പ്രയാസം ഗ്യാസ്ട്രബിള്‍ എന്ന രോഗത്തെ കീഴടക്കാന്‍ സാധിക്കും.

ഗ്യാസ്ട്രബിള്‍ വരാതിരിക്കാന്‍

 • കഴിയുന്നത്ര മാനസിക സംഘര്‍ഷം കുറയ്ക്കുക. ധ്യാനം, യോഗ, നല്ല കൂട്ടുകെട്ടുകള്‍ എന്നിവ മാനസിക ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കും.
 • മനസ് സ്വസ്ഥമായിരിക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക-ദുഃഖം, ദേഷ്യം എന്നീ വി കാരങ്ങള്‍ ഉള്ളപ്പോള്‍ ജ്യൂസ് മാത്രം കഴിക്കുക.
 • ഭക്ഷണം നന്നായി ചവച്ചരച്ച് ധാരാളം ഉമിനീരുമായി കലര്‍ത്തി സാവധാനം കഴിക്കുക.
 • ഉപ്പ്, മുളക്, മസാല, പുളി എന്നിവ കഴിവതും ഉപേക്ഷിക്കുക.
 • സസ്യേതര ഭക്ഷണവസ്തുക്കള്‍, മുട്ട, മൈദ, റവ, പഞ്ചസാര, നാരുകളില്ലാത്ത ഭക്ഷണം, വറുത്ത സാധനങ്ങള്‍, കൃത്രിമഭക്ഷണങ്ങള്‍, ബേക്കറി സാധനങ്ങള്‍, പുകവലി, മദ്യം എന്നിവ വര്‍ജിക്കുക.

വന്നാല്‍

 • അര ഗ്ലാസ് കുമ്പളനീരു സമം വെള്ളം ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കുടിക്കുക. കഴിയുമെങ്കില്‍ രണ്ടു ദിവസം ഉപവസിക്കുക.
 • ഭക്ഷണത്തില്‍ ഒരു നേരം പഴച്ചാറുകള്‍ മാത്രമാക്കുക.
 • ധാരാളം പഴങ്ങളും പച്ചക്കറികളും അടങ്ങിയ സാത്വികാഹാരം ശീലിക്കുക. ആഴ്ചയില്‍ ഒരു ദിവസം കരിക്കിന്‍ വെള്ളം മാത്രം കുടിച്ച് വയറിന് വിശ്രമം നല്‍കുക. ആദിവസം ശാ രീരികമായും മാനസികമായും വിശ്രമിക്കുക.
 • ദിവസവും രാവിലെ ആറു മണിക്ക് ഉദരസ്നാനം ചെയ്യുക. 20 മിനിട്ട്. അതിനു ശേഷം 15 മിനിട്ടു നടക്കുക.
 • തോര്‍ത്തു നനച്ചു പിഴിഞ്ഞ് വയറ്റത്തു ചുറ്റിക്കെട്ടുക. 20 മിനിട്ടു നേരം. രണ്ടു തവണ ദിവസവും.

വിവരങ്ങള്‍ക്ക് കടപ്പാട്

ഗാന്ധിജി പ്രകൃതിചികിത്സാകേന്ദ്രം
കണിമംഗലം, തൃശ്ശൂര്‍

 

Content Highlight: Gas Trouble Causes, Gas Trouble Home remedies, Causes of Gas Trouble