ജനനം, വളര്‍ച്ച, വാര്‍ദ്ധക്യം, മരണം എന്നീ ജീവിതാവസ്ഥകളെല്ലാം ശാശ്വതമാണ്. അവ പ്രകൃതിയുടെ ശാസ്ത്രങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന പ്രതിഭാസങ്ങളുമാണ്. അതിനിടയില്‍ വരുന്ന രോഗങ്ങളും ഈ നിയമത്തിലധിഷ്ഠിതമാണ്. ജീവശരീരത്തെ സംബന്ധിക്കുന്ന പ്രകൃതിയുടെ ആരോഗ്യ നിയമങ്ങള്‍ ലംഘിക്കപ്പെടാതെ അവയുമായി സമരസപ്പെട്ടാണ് ജീവിച്ചുപോരേണ്ടത്. അത് ലംഘിക്കപ്പെടുമ്പോള്‍ ലഭിക്കുന്ന ശിക്ഷയാണ് രോഗങ്ങള്‍.


രോഗങ്ങള്‍


വൃക്കകളെ ബാധിക്കുന്ന പലതരം രോഗങ്ങളുണ്ട്. നെഫ്രൈറ്റിസ്, നെഫ്രോട്ടിക് സിന്‍ഡ്രോം, റീനല്‍ ഫെയ്‌ലിയര്‍ എന്നിവയാണ് പ്രധാന വൃക്ക രോഗങ്ങള്‍. ശരീരത്തില്‍ പ്രത്യേകിച്ച് മുഖത്തും കാലുകളിലും നീരാണ് പൊതുലക്ഷണം. ഓക്കാനം, ഛര്‍ദ്ദി, കിതപ്പ്, ക്ഷീണം തുടങ്ങിയവയൊക്കെ പൊതുവെ കണ്ടുവരുന്നു.

വൃക്കസ്തംഭനം രണ്ടുതരത്തിലുണ്ട്. ക്രോണിക് റീനല്‍ ഫെയിലിയറും അക്യൂട്ട് റീനല്‍ ഫെയിലിയറും. വിഷജന്തുക്കള്‍ കടിച്ചോ (അണലി മുതലായ ജന്തുക്കള്‍) വിഷം അകത്തുചെന്നോ കോളറ പോലുള്ള ചില തീവ്രരോഗങ്ങള്‍ മൂലമോ അക്യൂട്ട് റീനല്‍ ഫെയ്‌ലിയര്‍ സംഭവിക്കുന്നു. വിഷത്തിന്റെ അളവ് പ്രാണന് താങ്ങാനാവുന്നതിലും കൂടുതലാണെങ്കില്‍ രണ്ടുമൂന്നു ദിവസത്തിനകംതന്നെ രോഗി യുറീമിയ എന്ന ആപത്കരമായ അവസ്ഥയിലെത്തുകയും ചെയ്യുന്നു.

ക്രോണിക് റീനല്‍ ഫെയിലിയര്‍ കാലക്രമേണ രോഗം വര്‍ധിച്ച്, വൃക്കസ്തംഭനം ഉണ്ടാവുകയും വര്‍ഷങ്ങള്‍ക്കുശേഷം അതീവ ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യുന്നു. രോഗംമൂലം വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചാല്‍ രക്തത്തിലെ മാലിന്യങ്ങള്‍ മൂത്രംവഴി പുറംതള്ളപ്പെടാന്‍ വയ്യാതെ രക്തത്തില്‍ അടിഞ്ഞുകൂടി രോഗി യുറീമിയ എന്ന സ്ഥിതിയിലെത്തുന്നു.

പ്രായ-ലിംഗഭേദമന്യേ കണ്ടുവരുന്ന രോഗമാണ് നെഫ്രൈറ്റിസ് അഥവാ വൃക്കവീക്കം. ശരീരത്തില്‍ പെട്ടെന്ന് നീരുണ്ടാവുകയും മൂത്രത്തിന്റെ അളവ് കാര്യമായി കുറയുകയും ചെയ്യുന്നു. ഉള്ള മൂത്രത്തില്‍ രക്തവും ആല്‍ബുമിനും കലര്‍ന്നുപോവുകയും നെഫ്രൈറ്റിസ് രോഗലക്ഷണങ്ങളാണ്.

കുട്ടികളെയും പ്രായമായവരെയും ബാധിക്കുന്ന ഒരു രോഗമാണ് നെഫ്രോട്ടിക് സിന്‍ഡ്രോം. കാലക്രമേണ ശരീരത്തില്‍ നീരുവരികയും ഇടവിട്ടിടവിട്ട് നീര് അധികമാവുകയും മൂത്രത്തിലൂടെ അമിതമായി ആല്‍ബുമിന്‍ നഷ്ടപ്പെടുകയും ചെയ്യുന്നു.
ഏതുതരം വൃക്കരോഗമായാലും രക്തത്തിന്റെ സ്ഥിതി സ്ഥിരത തെറ്റും. അതോടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം മന്ദീഭവിക്കുന്നു.

ഒരവയവത്തിന്റെ പ്രവര്‍ത്തനശേഷി കുറഞ്ഞുവന്നാല്‍ സ്വയം രക്ഷയ്ക്കും ശരീരത്തിന്റെ പൊതുവായ രക്ഷയ്ക്കും വേണ്ടി പ്രാണശക്തി ചില അസാധാരണ നടപടികള്‍ സ്വീകരിക്കും. നാശാവസ്ഥയില്‍ നിന്നും ശരീരത്തെ രക്ഷിക്കാന്‍ ചില അവയവങ്ങളെ തിരഞ്ഞെടുത്ത് അവയിലൂടെ മാലിന്യബഹിഷ്‌കരണം നടത്തുക പതിവുണ്ട്. അത് കിതപ്പ്, ക്ഷീണം, വിയര്‍ക്കല്‍, പനി, ഛര്‍ദ്ദി, പഴുപ്പ്, ചൊറി മുതലായ രീതിയിലാകുന്നു.


നാശത്തിനു കാരണം


ശരീരാവയവങ്ങള്‍ക്കൊന്നും തനിച്ച് അസ്തിത്വമില്ലാത്തതിനാല്‍ ശരീരത്തിലെ മറ്റു പല രോഗങ്ങളും പിന്നീട് വൃക്കകളെ നശിപ്പിക്കുന്നു. അക്കൂട്ടത്തില്‍പ്പെട്ടതാണ് പ്രമേഹം, ബ്ലഡ്പ്രഷര്‍ മുതലായവ. ഇത്തരം സ്ഥായീരോഗങ്ങള്‍ നിയന്ത്രിക്കാനായി സ്ഥിരമായി കഴിച്ചുവരുന്ന മരുന്നുകളും പിന്നീട് വൃക്കകളുടെ നാശത്തിന് വഴിവെക്കുന്നു. ഇവിടെ വൃക്കരോഗങ്ങള്‍ പ്രമേഹരോഗത്തിന്റെ അനുബന്ധരോഗങ്ങള്‍ മാത്രമല്ല, മരുന്നുകളുടെ അനന്തര ഫലവുമാണ്.

രാസവസ്തുക്കള്‍ ചേര്‍ന്നതും കൃത്രിമവുമായ ആഹാരപാനീയങ്ങളാണ് ആധുനിക മനുഷ്യന്റെ വൃക്കനാശത്തിന് പ്രധാന കാരണം. ദാഹത്തിന് ശുദ്ധജലം, സംഭാരം, കഞ്ഞിവെള്ളം എന്നിവ നല്‍കി അതിഥിയെ സ്വീകരിച്ചിരുന്ന നാം ഇന്ന് കൃത്രിമ കളറുകളും രാസവസ്തുക്കളും ചേര്‍ത്ത പാനീയങ്ങള്‍ നല്‍കി അതിഥികളെ സ്വീകരിക്കുന്നു. അതിലൊരു പങ്ക് വീട്ടുകാരും അകത്താക്കുന്നു. രക്തം കൂടുതല്‍ മാലിന്യങ്ങളെ പേറുന്നതു മൂലം വിസര്‍ജനാവയവങ്ങള്‍ അധികജോലി ചെയ്യേണ്ടിവരുന്നു. മാത്രമല്ല, രക്തത്തിന്റെ സ്വധര്‍മമായ പോഷണവിതരണം, പ്രാണവായുവിതരണം, മാലിന്യസംവഹനം എന്നിവയെല്ലാം തടസ്സപ്പെടുന്നു.

മാറിയ ജീവിതരീതി, ഭക്ഷണക്രമം, ഔഷധസേവ, രാസവസ്തുക്കള്‍ എന്നിവയൊക്കെ അപകടകാരികളുടെ പട്ടികയില്‍ പെടുന്നു. പൂവന്‍പഴത്തെ നേന്ത്രപ്പഴത്തോളവും ആട്ടിന്‍കുട്ടിയെ പശുക്കുട്ടിയോളവും വലുതാക്കാനായി സസ്യങ്ങളിലും ജന്തുക്കളിലും പ്രയോഗിക്കുന്ന ഹോര്‍മോണ്‍ ട്രീറ്റ്‌മെന്‍റ് മൂലം പചന പ്രക്രിയയുടെ അവശിഷ്ട പദാര്‍ഥങ്ങള്‍ കൂടാതെ പെട്രോളിയം ഉല്പന്നങ്ങളും രാസവസ്തുക്കളും കൂടി വൃക്കകള്‍ക്ക് പുറംതള്ളേണ്ടതായി വരുന്നു.

അന്തരീക്ഷ മലിനീകരണം മൂലം വായുവിലൂടെ രക്തത്തിലെത്തിച്ചേരുന്ന മാലിന്യങ്ങള്‍, പുകവലിക്കാരന്റെ രക്തത്തില്‍ എത്തിച്ചേരുന്ന നിക്കോട്ടിന്‍ എന്നിവ ഉള്‍പ്പെടെയുള്ള രാസപദാര്‍ഥങ്ങളെല്ലാം മൂത്രത്തിലൂടെ പുറംതള്ളപ്പെടുന്നു. മറ്റു ലവണങ്ങള്‍ പുറംതള്ളുന്നതു പോലെയല്ല ഈ രാസവസ്തുക്കള്‍. അവ വൃക്കകളെ നശിപ്പിച്ചുകൊണ്ടാണ് പുറത്തിറങ്ങുന്നത്.


അന്നപാനീയങ്ങള്‍


വൃക്കകള്‍ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഏറ്റവും അത്യന്താപേക്ഷിതമായത് നിയന്ത്രിതവും ആസൂത്രിതവുമായ ഒരു ഭക്ഷണചര്യയാണ്. രക്തത്തിന്റെ സ്ഥിരത എന്നാല്‍ ഏകദേശം മുക്കാല്‍ഭാഗം ക്ഷാരവും കാല്‍ഭാഗം അവുമായി നിലനില്‍ക്കുന്ന സ്ഥിതിയാണ്. ഇത് ശരീരത്തിന്റെ ആന്തരിക സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നു.

നമ്മുടെ പ്രധാനാഹാരം അന്നജവും മാംസ്യവും കൊഴുപ്പുമായതിനാല്‍ അാധിക്യം നിരന്തരം ഉണ്ടാകുന്നു. ഈ സമയം രക്തത്തിന്റെ സ്വാഭാവികമായ സ്ഥിതി നഷ്ടമാവുകയും ശരീരകോശങ്ങള്‍ അപൂരിതമാവുകയും ചെയ്യുന്നു. തന്മൂലം ശരീരത്തിന്റെ കോശതലം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും വൃക്കകളുടെ ആരോഗ്യം തകരാറിലാകുകയും ചെയ്യുന്നു.

വൃക്കരോഗം മൂര്‍ച്ഛിച്ചാല്‍ പിന്നെ പച്ചക്കറികളും പഴങ്ങളുമൊക്കെ ഒരു വിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരമേ കഴിക്കാവൂ. പക്ഷേ, വൃക്കകളുടെ നിലനില്‍പ്പിനും ശരിയായ പ്രവര്‍ത്തനത്തിനും പഴങ്ങളും പച്ചക്കറികളും നിര്‍ബന്ധമാണ്. ഭക്ഷണത്തിലെ മാംസ്യഭ്രമമാണ് വൃക്കകളെ വളരെയധികം അപകടത്തിലാക്കുന്നത്. നാം അധികം കഴിക്കുന്ന മാംസ്യം ശരീരം സംഭരിച്ചുവെക്കുന്നില്ല. ആവശ്യം കഴിഞ്ഞാല്‍ ബാക്കി പുറംതള്ളണം. അധിക മാംസ്യത്തിന്റെ നിഷ്‌കാസന പ്രക്രിയയില്‍ വൃക്കകള്‍ക്ക് ക്ഷീണം സംഭവിക്കുന്നു.


കറിയുപ്പ്


ജൈവകോശേതരമായ വഴികളില്‍ നിന്നും ലഭിക്കുന്ന യാതൊരു ധാതുവിനെയും ശരീരം സ്വീകരിക്കില്ല. രക്തത്തില്‍ ഉപ്പുണ്ട് എന്നുകരുതി കടല്‍വെള്ളം വറ്റിച്ച ഉപ്പ് നാം കഴിക്കേണ്ടതില്ല. എല്ലാ അന്യവസ്തുക്കളും പോലെ കറിയുപ്പും ശരീരത്തില്‍നിന്ന് പുറംതള്ളപ്പെടുന്നു. ശരീരത്തിന് ആവശ്യം സസ്യാഹാരങ്ങളിലൂടെ ലഭിക്കുന്ന ജൈവലവണമാണ്. പാചകം ചെയ്ത ഭക്ഷണത്തിലൂടെ ശരീരത്തിലെത്തിച്ചേരുന്ന കറിയുപ്പിനെ ശരീരം പൂര്‍ണമായി പുറംതള്ളുകയാണ്. മാത്രമല്ല, കറിയുപ്പിന്റെ അമിതമായ ഉപയോഗം ശരീരത്തിലെ പൊട്ടാസ്യം തന്മാത്രകളെ ചോര്‍ത്തിക്കളയാനും കാരണമാകുന്നു.


ജലപാനം


ജലചികിത്സ (ഹൈഡ്രോതെറാപ്പി) എന്നപേരില്‍ ചിലര്‍ രാവിലെത്തന്നെ ലിറ്റര്‍കണക്കിനു വെള്ളംകുടിക്കുന്നു. അവരുടെ വൃക്കകള്‍ ഈ അധികജലത്തെ പുറംതള്ളാന്‍ സദാ പ്രയത്‌നിച്ചുകൊണ്ടിരിക്കും. ശരീരത്തിലെത്തിച്ചേരുന്ന ഈ അധികജലത്തെ പുറംതള്ളി പരിക്ഷീണമായിത്തീര്‍ന്ന വൃക്കകള്‍ക്ക് രോഗം ബാധിക്കുകയും പിന്നീട് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാതെവരികയും ചെയ്യും. രക്തത്തിലെ മാലിന്യങ്ങളൊന്നും ഈ പ്രക്ഷാളനം മൂലം നീക്കം ചെയ്യപ്പെടുന്നില്ല. ജലപാനം കരുതലോടെ മാത്രമാവുക. ദാഹത്തിനനുസരിച്ച് മാത്രം കഴിക്കുക.


ഔഷധസേവ


ശക്തി ക്ഷയിച്ച ശരീരാവയവങ്ങളെ ഉത്തേജിപ്പിക്കുന്ന സമ്പ്രദായമാണ് ഔഷധചികിത്സാ പദ്ധതി. എന്നാല്‍ ഉത്തേജന വസ്തുക്കളോട് പ്രതികരിച്ച് പ്രതികരിച്ച് ശക്തി ക്ഷയിച്ച വൃക്കകള്‍ കൂടുതല്‍ ക്ഷീണിക്കുകയാണ്. ആരോഗ്യസംരക്ഷണത്തിനെന്ന പേരില്‍ ഔഷധസേവ നടത്തുന്ന പതിവും ചിലരിലുണ്ട്. അതും വൃക്കനാശത്തില്‍ കലാശിക്കുന്നു. ഇങ്ങനെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.ആറിന്റെ വൃക്കകള്‍ നശിക്കാനിടയായത്. അദ്ദേഹം ചില ഭസ്മങ്ങളും മരുന്നുകളും പതിവായി കഴിച്ചിരുന്നു. ആയുസ്സും ആരോഗ്യവും ഔഷധത്തിലൂടെ സാധ്യമാവും എന്നു കരുതുന്നത് തെറ്റാണ്.


വ്യായാമവും വിശ്രമവും


വൃക്കകളുടെ പ്രവര്‍ത്തനത്തിന് ധാരാളം ഓക്‌സിജനും രക്തവും ആവശ്യമാണ്. അതിനാല്‍ എല്ലാദിവസവും വ്യായാമം ചെയ്യേണ്ടതാണ്. ആവശ്യമായ വിശ്രമവും ലഭ്യമായിരിക്കണം. എന്നാലേ ശരീരാവയവങ്ങള്‍ക്ക് കരുത്താര്‍ജിക്കാന്‍ കഴിയൂ. ശരീരം പ്രകൃതിയുടെ കുറ്റമറ്റ സൃഷ്ടിയാണ്. പ്രകൃതിനിയമങ്ങളെ ലംഘിക്കാത്ത കാലത്തോളം അതിന്റെ പ്രവര്‍ത്തനം സുഗമവും ആയാസരഹിതവും ആയിരിക്കും.


ഡോ.പി.എ.രാധാകൃഷ്ണന്‍


തിരൂര്‍ ഗാന്ധിയന്‍ പ്രകൃതിചികിത്സാലയം,
തിരൂര്‍