വയറുവേദന


വയറുവേദന പലപ്പോഴും ഒരു രോഗലക്ഷണം മാത്രമാണ്. ദഹനക്കേട്, ഗ്യാസ് എന്നു തുടങ്ങി വയറ്റിലെ കാന്‍സര്‍ വരെ ഈ രോഗലക്ഷണത്തില്‍ ഉണ്ടാകാം. മൂന്നു മിനിട്ട് വയര്‍ ചൂടു പിടിക്കുകയും അതിന്നുശേഷം തോര്‍ത്ത് നനച്ചു പിഴിഞ്ഞ് മടക്കി വയറ്റത്ത് ചുറ്റുകയും ചെയ്യുക (16 മിനുട്ട്). ഇഞ്ചിനീരു കൊടുക്കുന്നതും ജാതിക്ക അരച്ച് ശര്‍ക്കരനീരില്‍ കൊടുക്കുന്നതും ദഹനം വര്‍ദ്ധിപ്പിക്കുകയും ഗ്യാസ് കുറയ്ക്കുകയും ചെയ്യും. ഉദരസ്‌നാനം കൊടുക്കുന്നതും നല്ലതാണ്.


ഛര്‍ദ്ദി


ശരീരത്തിനാവശ്യമില്ലാത്ത എന്തോ പുറത്തു കളയാന്‍ ശ്രമിക്കുന്നതാണ് ഛര്‍ദ്ദിക്കു കാരണം. കരിക്കിന്‍ വെള്ളം മാത്രം കൊടുത്ത് വിശ്രമിപ്പിക്കുക. മലര്‍ ചൂടുവെള്ളത്തില്‍ ഇട്ട് പിഴിഞ്ഞ വെള്ളം അല്‍പാല്‍പമായി കുട്ടികള്‍ക്കു കൊടുക്കാം. തേന്‍ കൊടുക്കുന്നതും നല്ലതാണ്.


പനി


പലപ്പോഴും പനിയെ ഒരു അനുകൂല സംഗതിയായി പ്രകൃതിചികിത്സകര്‍ കാണുന്നു. ശരീരത്തിലെ അഴുക്കിനെ ഒരു പരിധിവരെ കത്തിച്ചുകളയാന്‍ പ്രാണശക്തി ശ്രമിക്കുന്നതാണ് പനിക്കു കാരണം. ആധുനിക വൈദ്യശാസ്ത്രം പനിക്ക് അണുജീവികളെ പ്രധാന കാരണമായി കാണുമ്പോള്‍ പ്രകൃതിചികിത്സകര്‍ ശരീരത്തിലെ അഴുക്കിനെ പ്രധാന കാരണമായി കാണുന്നു. അഴുക്കുള്ളിടത്ത് അണുജീവികളുടെ സാന്നിധ്യമുണ്ടാകും. ശരീരം മുഴുവന്‍ ഇടക്കിടെ നനച്ചു തുടയ്ക്കുകയും വയറ്റത്തും നെറ്റിയിലും തോര്‍ത്തു നനച്ചിടുകയും (20 മിനിട്ട്) വേണം. പനി കൂടാതെ നോക്കാനും ശരീരോഷ്മാവ് കുറയ്ക്കാനും ഇതുകൊണ്ടു സാധിക്കും. പഴച്ചാറുകള്‍, കരിക്ക്, തേന്‍വെള്ളം മാത്രം കുടിച്ച് ധാരാളം വെളിച്ചവും വായു സഞ്ചാരവുമുള്ള മുറിയില്‍ കുട്ടികളെ വിശ്രമിപ്പിക്കണം. എനിമ നല്‍കുന്നതും ഗുണപ്രദമായി കണ്ടിട്ടുണ്ട്.


ജലദോഷം


ജലദോഷം, മൂക്കടപ്പ്, കഫക്കെട്ട്, തലവേദന എന്നിങ്ങനെ പലവിധത്തില്‍ കുട്ടികളെ ശല്യപ്പെടുത്തുന്നതാണ് ഈ രോഗം. ദിവസവും മൂന്നു സ്പൂണ്‍ ചെറുപയര്‍ മുളപ്പിച്ചു കഴിക്കുകയും ഒരു സ്പൂണ്‍ ചെറുനാരങ്ങ നീരും ഒരു സ്പൂണ്‍ തേനും നാലു സ്പൂണ്‍ തുളസിനീരും ചേര്‍ത്തു കുടിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്ക് ജലദോഷം, കഫക്കെട്ട് അപൂര്‍വമായേ വരികയുള്ളു. വന്നാല്‍ മൂന്നു ദിവസം പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുക. ദിവസവും 10 മിനിട്ട് ഇളംവെയില്‍ കൊള്ളുക.


വയറിളക്കം


ധാരാളം വെള്ളം മാത്രം കുടിച്ച് വിശ്രമിക്കുക. തേന്‍ ഇടക്കിടെ കഴിക്കുന്നത് ഗുണകരമാണ്. കരിക്ക് നല്‍കാവുന്നതാണ്. മാതളത്തിന്റെ തോല്‍ മോരില്‍ അരച്ചു കൊടുക്കുന്നതും ഗുണപ്രദമായി കണ്ടിട്ടുണ്ട്. വയറിന്നു തോര്‍ത്തു നനച്ചു ചുറ്റണം, മൂന്നു വട്ടം.


മലബന്ധം


മലബന്ധം മറ്റു പല രോഗങ്ങളുടെയും തുടക്കമാകാം. നയിക്കുകയുമാവാം. ധാരാളം ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുക. മുളപ്പിച്ച ചെറുപയറും തവിടു കളയാത്ത അരിയും ഗുണം ചെയ്യും. ആവശ്യത്തിനനുസരിച്ച് വെള്ളവും കുടിക്കുക. ആവശ്യമെങ്കില്‍ ശുദ്ധജല എനിമ എടുക്കുക.


ത്വഗ്രോഗങ്ങള്‍


ത്വഗ്രോഗങ്ങള്‍ പലവിധത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പഴവര്‍ഗങ്ങള്‍ ധാരാളം കൊടുക്കുകയും പഞ്ചസാര പൂര്‍ണമായി ഒഴിവാക്കുകയും ചെയ്യുക. നാളികേരപാല്‍ വെന്ത വെളിച്ചെണ്ണ തേച്ചു കുളിക്കുകയും വെയില്‍ കൊള്ളുന്നതും ശീലമാക്കുക. സോപ്പ്, ഷാമ്പു എന്നിവ ഉപയോഗിക്കരുത്. പ്ലാവിലയും മഞ്ഞളും തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിക്കുന്നത് ഗുണപ്രദമായി കണ്ടിട്ടുണ്ട്.


കല്യാണ്‍ ഉല്‍പലാക്ഷന്‍


ഗാന്ധിജി നാച്ചുറോപ്പതി ഹോസ്പിറ്റല്‍
കണിമംഗലം, തൃശ്ശൂര്‍