ഭാരതസര്‍ക്കാറിന്റെ ആരോഗ്യവകുപ്പിന് കീഴിലുള്ള ആയുഷ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചികിത്സാ വിഭാഗമാണ് യേപ്രകൃതി ചികിത്സ. ഗാന്ധിജി വിഭാവനം ചെയ്ത സ്വാശ്രയ ഭാരത സങ്കല്പത്തിലെ പ്രധാനപ്പെട്ട ഇനങ്ങളിലൊന്നായിരുന്നു പ്ര കൃതി ചികിത്സയുടെ പ്രചാരണവും വികാസവും. സ്വാതന്ത്ര്യാനന്തര ഭാരത്തില്‍ നമ്മള്‍ കയ്യൊഴിഞ്ഞ മറ്റ് പല ഗാന്ധിയന്‍ തത്വങ്ങളുടെയും ഗതിതന്നെയാണ് പ്രകൃതി ചികിത്സയ്ക്കും സംഭവിച്ചത്. എന്നാല്‍ സത്യത്തെ അധികകാലം
തമസ്തരിക്കാന്‍ കഴിയില്ല എന്ന ആപ്തവാക്യംപോലെ പ്രകൃതിചികിത്സയും ഒരു തിരിച്ചുവരവിന്റെ പാതയിലെത്തി.

ആരോഗ്യം സംരക്ഷിക്കുവാനും അസുഖങ്ങള്‍ വന്നാല്‍ അതിനെ ഇല്ലാതാക്കുവാനുള്ള കഴിവ് ശരീരത്തിനുണ്ടെന്നും അതിന് അവസരമൊരുക്കുക എന്നതാണ് ചികിത്സയുടെ/ ചികിത്സകന്റെ ധര്‍മ്മം എന്നുമാണ് പ്രകൃതി ചികിത്സയുടെ തത്വം. ജീവിതശൈലിയിലുണ്ടാക്കുന്ന മാറ്റങ്ങളോടൊപ്പം പഞ്ചഭൂതങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സാ രീതികളും യോഗയുടെ ശാസ്ത്രീയമായ ഉപയോഗവുമാണ് ഈ ചികിത്സാ ശാസ്ത്രത്തിന്റെ പ്രായോഗിക ഘടകങ്ങള്‍.

ജലം, മണ്ണ്, സൂര്യപ്രകാശം എന്നിവ ഉപയോഗിച്ചുള്ള ചികിത്സ രീതികള്‍ മസാജ്, അക്യൂപാക്ചര്‍, ഉപവാസ ചികിത്സ, ഭക്ഷണക്രമീകരണം, വിവിധതരത്തിലുള്ള യോഗാസ്‌നങ്ങള്‍ ക്രിയകള്‍, പ്രാണായാമങ്ങള്‍, ധ്യാനമുറകള്‍ ഇവയെല്ലാം ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. ശാസ്ത്രീയമായ പ്രകൃതി ചികിത്സ ലഭ്യമാകുന്ന ആശുപത്രികള്‍ ഇന്ന് കേരളത്തില്‍ എല്ലാ ജില്ലകളിലും ഉണ്ട്. സര്‍ക്കാര്‍ തലത്തില്‍ വര്‍ക്കലയിലും ഒറ്റപ്പാലത്തും പുനലൂരും യോഗാ പ്രക്രൃതിചികിത്സ കേന്ദ്രങ്ങള്‍
നടത്തിവരുന്നുണ്ട്. വിനാശകരങ്ങളായ ഔഷധപ്രയോഗങ്ങളോ ശസ്ത്രക്രിയകളോ ഇല്ലാതെ തന്നെ രോഗങ്ങളെ മാറ്റുവാന്‍ കഴിയുന്നതുകൊണ്ട് ജനങ്ങള്‍ക്ക് ഈ ചികിത്സയോടുള്ള താല്പര്യം കൂടിവരികയുമാണ്.

ബി.എന്‍.വൈ.എസ് ബിരുദം നേടിയ 200 ഓളം ഡോക്ടര്‍മാര്‍ ഇന്ന് കേരളത്തിലുണ്ട് (പ്രകൃതി ചികിത്സ യോഗ -യില്‍ ബിരുദം നേടി കേരളത്തില്‍ പ്രാക്ടീസ് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സില്‍ എ- ക്ലാസ്സ് മെഡിക്കല്‍ രജിസ്‌ട്രേഷന്‍ നല്‍ക്കുന്നുണ്ട് കേരളത്തിലെ പ്രകൃതി ചികിത്സയുടെ ചരിത്രത്തിന് 60 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഗാന്ധിജിയുടെ കാലഘട്ടത്തില്‍ തന്നെ കൂനിചികിത്സ എന്ന പേരില്‍ ഈ ചികിത്സാരീതി പ്രചരിച്ചു. തുടര്‍ന്ന് ധാരാളംപേര്‍ ഇതിന്റെ പ്രചാരകരായി. പിന്നീട് ഈ ചികിത്സാ രീതിക്ക് പ്രചാരം നല്‍കിയത് പ്രകൃതി ജീവന സ്‌നേഹികള്‍ക്കിടയില്‍ വര്‍മ്മാജി എന്നറിയപ്പെടുന്ന (ആര്‍ ആര്‍ വര്‍മ്മയുടെ പ്രവര്‍ത്തനങ്ങളോടു കൂടിയാണ് അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ തന്നെ കേരളം മുഴുവന്‍ ഓടി നടന്ന് ഈ ചികിത്സാ രീതിക്ക് വന്‍പിച്ച പ്രചാരം നല്‍കുകയുണ്ടായി. അദ്ദേഹം രൂപംനല്‍കിയ പ്രകൃതി ജീവനസമിതിയിലൂടെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരിലൂടെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതി ജീവനകേന്ദ്രങ്ങള്‍ ആരംഭിച്ചു. ഏതാണ്ട് ഈ സമയത്തുതന്നെ ഹൈദ്രാബാദിലെ ഓസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രകൃതി ചികിത്സാ ശാസ്ത്രത്തില്‍ ഡിപ്ലോമ നേടിയവരുടെ ശ്രമഫലമായി വര്‍ക്കലയില്‍ സര്‍ക്കാര്‍ തലത്തിലുള്ള ആദ്യത്തെ പ്രകൃതി ചികിത്സാ ആശുപത്രി 10 ബെഡോഡുകൂടി പ്രവര്‍ത്തനം തുടങ്ങി. പിന്നീട് 30 ബെഡായും അടുത്തിടെ 50 ബെഡായും ഉയര്‍ത്തപ്പെട്ടു പിന്നീടങ്ങോട്ട് സര്‍ക്കാരില്‍ നിന്ന് തികഞ്ഞ അവഗണനയാണ് പ്രകൃതി ചികിത്സയ്ക്ക് നേരിട്ടത്.

ഒറ്റപ്പാലത്ത് ആയുര്‍വേദ അശുപത്രിയോട് ചേര്‍ന്ന് ആരംഭിച്ച 10 കിടക്കകളുള്ള ഒരു ആസ്പത്രിയും പുനലൂരില്‍
അടുത്തിടെ ആരംഭിച്ച ഒരു ക്ലിനിക്കും മാത്രമാണ് സര്‍ക്കാരില്‍ നിന്ന് പ്രകൃതി ചികിത്സയ്ക്ക് ലഭിച്ചത് ഈ രണ്ടു കേന്ദ്രങ്ങളില്‍ തന്നെ ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ സൗകര്യങ്ങളോ ഇല്ലാതെ ശോചനീയാവസ്ഥയിലുമാണ്.

ചികിത്സാരീതിയുടെ ഇനിയുള്ള പ്രചാരണത്തിന് സര്‍ക്കാരില്‍ നിന്നുള്ള സഹായവും പിന്തുണയും കൂടിയേ തീരൂ. ആന്റണി മന്ത്രിസഭയുടെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന വി.എം.സുധീരന്റെ പ്രത്യേക താല്പര്യാര്‍ത്ഥം കേരളത്തിലെ പ്രകൃതി ചികിത്സയുടെ അവസ്ഥയും പ്രചാരണവും പഠിക്കുവാനായി നിയമിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പൊടി പിടിച്ച് കിടക്കുകയാണ്. ആ മന്ത്രിസഭയുടെ അവസാന മന്ത്രിസഭ യോഗത്തില്‍ പ്രകൃതി ചികിത്സയ്ക്കും യോഗയ്ക്കും പ്രത്യേക വകുപ്പ് അനുവദിച്ചു കൊണ്ടുള്ള തീരുമാനം ഉണ്ടായെങ്കിലും അതും നടപ്പാക്കപ്പെട്ടില്ല. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനെന്ന പേരില്‍ എന്‍ ആര്‍ എച്ച് എം സ്‌കീമില്‍ പെടുത്തി കോടിക്കണക്കിന് രൂപ ചിലവഴിക്കപ്പെട്ടിട്ടും ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാന്‍ ഏറ്റവും ഉത്തമമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള പ്രകൃതി ചികിത്സയുടെയും യോഗയുടെയും പേരില്‍ ഒരു രൂപ പോലും സ്‌കീമില്‍ നിന്ന് അനുവദിച്ചിട്ടില്ല.

കേരളത്തിലെ 15 ലേറെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ പ്രകൃതി ചികിത്സാ യോഗ കേന്ദ്രം തുടങ്ങുവാന്‍ സ്ഥലവും മറ്റ് സൗകര്യങ്ങളും നല്‍കുവാന്‍ തയ്യാറാണെന്നും അറിയിച്ചു കൊണ്ട് സര്‍ക്കാരിന് കത്തു നല്‍കിയെങ്കിലും ഒന്നു പോലും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ദക്ഷിണേന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും എന്‍ ആര്‍ എച്ച് എം സ്‌കീമില്‍ ഉള്‍പ്പെടുത്തി 50 ലേറെ പ്രകൃതി ചികിത്സാ, യോഗ കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടിരി ക്കുമ്പോഴാണ് കേരളത്തില്‍ മാത്രം ഈ അവഗണന.

തമിഴ്‌നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള സ്‌പെഷ്യാലിറ്റി കേന്ദ്രങ്ങള്‍വരെ ആരംഭിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിലും നിയമസഭാമന്ദിരത്തിലും മറ്റെല്ലാ ചികിത്സാശാസ്ത്രങ്ങള്‍ക്കും എന്നപോലെ പ്രകൃതി ചികിത്സാ യോഗയിലും ക്ലിനിക്ക് ആരംഭിക്കണം എന്ന ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല. ഇതിനെല്ലാം ഉപരിയായി സര്‍ക്കാര്‍ തലത്തിലോ സഹകരണമേഖലയിലോ അടിയന്തിരമായി ഒരു പ്രകൃതി ചികിത്സായോഗ മെഡിക്കല്‍ കോളേജ് തുടങ്ങേണ്ടതുമാണ് .

എല്ലാവര്‍ഷവും നൂറിലേറെ വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോയി പ്രകൃതി ചികിത്സ പഠിക്കുന്നു അവര്‍ക്ക് കേരളത്തില്‍ തന്നെ അത് പഠിക്കാനുള്ള അവസരം ഒരുക്കണം. കേരളത്തിലെ ആയുര്‍വേദാശുപത്രികളോടു ചേര്‍ന്ന് സര്‍ക്കാര്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുള്ള യോഗ കേന്ദ്രങ്ങളുടെ ചുമതല ഇപ്പോള്‍ അനര്‍ഹരുടെ കൈയിലാണ്. യോഗ എന്ന ശാസ്ത്രത്തെ അതിന്റെ ചികിത്സാ നൈപുണ്യത്തെ നാലരവര്‍ഷം കൊണ്ട് ആഴത്തിലും പരപ്പിലും പഠിച്ച 200 ഓളം ഡോക്ടര്‍മാര്‍ ഉള്ളപ്പോഴും ഇത്തരം യോഗാ കേന്ദ്രങ്ങളുടെ ചുമതലയും നടത്തിപ്പിനും ബി എന്‍ വൈ എസ് ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തികച്ചും ശാസ്ത്രീയമായി പ്രയോഗിക്കേണ്ട യോഗ ചികിത്സയെ അനര്‍ഹരുടെ കൈയില്‍ ഏല്‍പ്പിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട മഹത്തായ ഒരു സേവനത്തെ ഇല്ലാതാക്കുക മാത്രമല്ല ഈ ചികിത്സാശാസ്ത്രത്തിന്റെ നാശത്തിനും കൂടിയാണ് അധികാരികള്‍ കളമൊരുക്കുന്നത്. പനി ബാധിച്ച നൂറിലേറെപേര്‍ കേരളത്തില്‍ മരിച്ചപ്പോള്‍ മറ്റ് ചികിത്സാശാസ്ത്രങ്ങളെല്ലാം പരീക്ഷിച്ച് പരാജയപ്പെട്ട് ആയിരക്കണക്കിന് പനിബാധിതര്‍ കഷ്ടപ്പെട്ടപ്പോഴും തങ്ങളുടെ അടുത്തുവന്ന് ഏതാണ്ട് എല്ലാ പനിബാധിതരേയും അത് ഏതുതരം പനിയാണെങ്കിലും ശമിപ്പിക്കുവാന്‍ പ്രകൃതി ചികിത്സകള്‍ക്കായിട്ടുണ്ട്. രോഗത്തെയല്ല, രോഗിയെയാണ് ചികിത്സിക്കേണ്ടത് എന്ന പ്രകൃതി ചികിത്സയുടെതത്വം ഫലപ്രദമായി നടപ്പാക്കിയതാണ് ഇന്നു വിജയയത്തിന് കാരണം.

കാലഘട്ടത്തില്‍ പ്രകൃതി ചികിത്സയായും യോഗയുടെയും പ്രസക്തി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ചികിത്സയുടെ
പേരില്‍ നടക്കുന്ന ചില തട്ടിപ്പുകളും തടയേണ്ടതായുണ്ട്. ഇതിനെല്ലാം സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. സര്‍ക്കാരില്‍ നിന്നുള്ള ചെറിയ ഒരു അനുകൂല നിലപാടിനുപോലും കേരളത്തിലെ ആരോഗ്യ മേഖലയില്‍ അത്ഭുതപൂര്‍വ്വമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും
അതിനു വേണ്ടി പൊതുസമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.

(ഡോ.എസ്.സജിത്ത്, കേരള ഘടകം സെക്രട്ടറിINYCMA (Indian
Naturopathy & Yoga GarduatesMedical Association)
Email: drcijith@gmail.com