വന്ധ്യത ഒരു പുതിയ സംഭവമല്ല. നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം വന്ധ്യത ബാധിച്ചവരെ കാണാം. വംശം കുറ്റിയറ്റുപോയ ചരിത്ര സംഭവങ്ങളും ധാരാളമുണ്ട്. അതൊക്കെ പ്രകൃതിയില്‍ നിന്നകന്നു ജീവിച്ച കൊട്ടാരവാസികളായ ഒരു വിഭാഗത്തിനു മാത്രമായിരുന്നു. എന്നാല്‍ പാശ്ചാത്യനാടുകളില്‍ ഭീകരമായിക്കൊണ്ടിരിക്കുകയാണ് വന്ധ്യത.

വന്ധ്യതയെ രോഗമെന്ന് പറയുന്നതിലുപരി വൈകല്യം എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും ശരി. മനുഷ്യന്റെ തെറ്റായ ജീവിതചര്യകളും ചെയ്തികളുമാണ് ഏതൊരു രോഗത്തിന്‍േറതുമെന്നത് പോലെ പുരുഷ വന്ധ്യതക്കും കാരണമാവുന്നത്. ഓരോ തലമുറ പിന്നിടും തോറും അതിന്റെ വംശം കൂടുതല്‍ കരുത്തുറ്റതാകണം. അതാണ് പ്രകൃതിയുടെ ആഗ്രഹം. പ്രകൃതിയെ ധിക്കരിക്കുന്നത് രോഗമുണ്ടാക്കുന്നു എന്നതു പോലെതന്നെ ആരോഗ്യം കുറയാനും അത് കാരണമാകുന്നു. ആരോഗ്യമില്ലാത്തവന്‍ ആരോഗ്യം കുറഞ്ഞ ഒരു തലമുറക്ക് ജന്മം നല്‍കും എന്ന പ്രകൃതിയുടെ ഭയം അത്തരക്കാരെ സന്താനോല്‍പാദനത്തില്‍ നിന്നു മാറ്റി നിര്‍ത്തുന്നു.

പുരുഷ ബീജവും സ്ത്രീബീജമായ അണ്ഡവും ഒരുമിച്ചുചേരുന്നതിലൂടെയാണ് ഒരു പുതുജീവന്‍ നാമ്പെടുക്കുന്നത്. അതായത് ജീവന്റെ സൃഷ്ടിയില്‍ പുരുഷനും സ്ത്രീക്കും തുല്യ പങ്കാളിത്തമാണുള്ളതെന്നര്‍ത്ഥം. ഇവിടെ അണ്ഡത്തെ പ്രാപിക്കാന്‍ ശുക്ലത്തില്‍ ബീജങ്ങള്‍ ഇല്ലാതെ വരികയോ എണ്ണത്തില്‍ കുറഞ്ഞ് പോവുകയോ ആരോഗ്യക്കുറവുള്ളവയാവുകയോ ചെയ്യുമ്പോള്‍ പുരുഷവന്ധ്യത സംഭവിക്കുന്നു.
വൃഷണങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ബീജങ്ങള്‍ സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിക്ഷപിക്കപ്പെടേണ്ടതുണ്ട്. അതിനായി ബീജനാളി വഴിയുള്ള ബീജങ്ങളുടെ സുഗമമായ ഒഴുക്കും (ചലനവും) ആരോഗ്യകരമായ രീതിയിലുള്ള ലൈംഗികബന്ധവും അനിവാര്യമാണ്.

ബീജനാളിക്കുണ്ടാവുന്ന തടസ്സങ്ങളും പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തകരാറുകളും പ്രവര്‍ത്തനക്കുറവും പുരുഷ വന്ധ്യതക്ക് കാരണമാവുന്ന ഘടകങ്ങളില്‍പ്പെടുന്നു. ലൈംഗികതയെ കുറിച്ചുള്ള അജ്ഞത, ഇണയെ തൃപ്തിപ്പെടുത്താന്‍ സാധിക്കാതെ വരുമോ എന്ന ആശങ്ക, ലൈംഗികത പാപമാണെന്ന വിശ്വാസം എന്നിവയെല്ലാം ആരോഗ്യകരമായ ശാരീരികബന്ധത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളാണ്. ഇങ്ങനെ സംഭവിക്കുന്ന പക്ഷം പുരുഷ ബീജങ്ങളുടെ ഗര്‍ഭാശയത്തിലേക്കുള്ള സുഗമമായ ഒഴുക്ക് സാധ്യമാവാതെവരും. പരിശോധനകളില്‍ (ബീജപരിശോധന) തകരാറുകള്‍ കണ്ടെത്താനാവില്ലെങ്കിലും പുരുഷകാരണം കൊണ്ട് മാത്രം പ്രത്യുല്‍പ്പാദനം സാദ്ധ്യമാവാതെ വരുന്ന സാഹചര്യങ്ങളാണിവ, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, വന്ധ്യതാ ചികിത്സാവേളകളില്‍ ഇത്തരം സാഹചര്യങ്ങള്‍ മിക്കപ്പോഴും അവഗണിക്കപ്പെടുകയാണ് പതിവ്.

വൃഷണങ്ങളിലാണ് പുരുഷബീജങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. വൃഷണങ്ങള്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന ടെസ്റ്റോസിറോണ്‍ എന്ന ഹോര്‍മോണിന്റെ സാന്നിദ്ധ്യത്തിലാണ് ഇത് സാദ്ധ്യമാവുന്നത്. ഈ ഹോര്‍മോണിന്റെ അപര്യാപ്തയിലും വൃഷണങ്ങള്‍ക്കുണ്ടാവുന്ന ചില രോഗാവസ്ഥകളിലും ബീജോല്‍പ്പാദനം കുറയുകയോ തടസ്സപ്പെടുകയോ ചെയ്യാം.


കാരണങ്ങള്‍


കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോള്‍ വൃഷണസഞ്ചി ചുരുങ്ങാനെന്ന വിശ്വാസത്തില്‍ ചൂടുവെള്ളം ഒഴിക്കുന്ന രീതി നമ്മുടെ നാട്ടിലെ തന്നെ ചില സമൂഹങ്ങളില്‍ നിലവിലുണ്ട്. തികച്ചും അശാസ്ത്രീയവും പൈശാചികവുമായ ഇത്തരം നിരവധി പ്രവൃത്തികള്‍ നമുക്കിടയിലുണ്ട്.

കൂടിയ ചൂടില്‍ ബീജങ്ങള്‍ നശിച്ച് പോകും. അതുകൊണ്ട് തന്നെയാവാം ശരീരത്തിനകത്തെ ചൂടില്‍ നിന്ന് പോലും രക്ഷ നല്‍കി സുരക്ഷിതമായ രീതിയില്‍ ഒരു സഞ്ചിക്കകത്താക്കി പ്രകൃതി അതിനെ ശരീരത്തിനു വെളിയില്‍ സൃഷ്ടിച്ചത്. എന്നാല്‍ പുതിയ ജീവിത സാഹചര്യങ്ങളില്‍ പുറത്ത് നിന്നുള്ള ചൂടും സമ്മര്‍ദ്ദങ്ങളും രാസ വികിരണങ്ങളുമെല്ലാം ഈ അവയവം ഏറെ ഏറ്റുവാങ്ങേണ്ടതായിവരുന്നു. ആധുനികന്റെ തെറ്റായ വസ്ത്രധാരണരീതി ഇതിനെ വല്ലാതെ ഞെരുക്കികളയുന്നു. കൂടാതെ അവിടത്തെ ചൂട് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ ഏല്‍ക്കേണ്ടിവരുന്ന ഈ അവയവത്തിന് അതിന്റെ കര്‍ത്തവ്യം കാര്യക്ഷമമായി നിര്‍വഹിക്കാന്‍ സാധിക്കാതെ വരുന്നു.

പോഷണത്തിലുപരി രുചിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് നാം ആഹരിക്കുന്ന ഭക്ഷണ പാനീയങ്ങള്‍ക്കും മനുഷ്യന് വന്ധ്യത വരുത്തുന്നതില്‍ പങ്കുണ്ട്. പ്രകൃതിദത്ത ആഹാരത്തില്‍ നിന്ന് കൃത്രിമ ആഹാരത്തിലേക്ക് മാറിയപ്പോള്‍ ഉണ്ടായ പോഷക ദാരിദ്ര്യമാണ് - ധാതുലവണങ്ങളുടെ കുറവ് - മറ്റൊരുകാര്യം. ഇവ കാരണം രക്തം വിഷലിപ്തമാവും. കൂടിയ വിഷസങ്കലനാവസ്ഥയില്‍ ശാരീരികാവയങ്ങളുടെ ശരിയായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയോ വികലമാവുകയോ ചെയ്യാം. തല്‍ഫലമായി ബീജോല്‍പ്പാദനം കുറയുകയോ നിലച്ച് പോവുകയോ ചെയ്യുന്നതോടൊപ്പം ലൈംഗികതയിലുള്ള താല്‍പ്പര്യക്കുറവും അനുഭവപ്പെടാം.

മാറിയ ജീവിത സാഹചര്യങ്ങളില്‍ ആധുനിക മനുഷ്യന്‍ ഏല്‍ക്കേണ്ടിവരുന്ന മാനസിക പിരിമുറുക്കങ്ങളും സംഘര്‍ഷങ്ങളും പുരുഷഹോര്‍മോണിന്റെ ഉല്‍പ്പാദനത്തെയും വിനിയോഗത്തെയും വിപരീതമായി ബാധിക്കാനിടയുണ്ട്. ഇതും വന്ധ്യതയിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകമാണ്. ചെറിയൊരു ശതമാനം പുരുഷന്മാരില്‍ മദ്ധ്യവയസ്സാവുന്നതോടെ ലൈംഗികതയിലുള്ള താല്‍പ്പര്യക്കുറവും കഴിവില്ലായ്മയും കണ്ടുവരുന്നുണ്ട്. ഈ സാദ്ധ്യത നിലനില്‍ക്കുന്നതുകൊണ്ട് തന്നെ സന്താനലബ്ധി ആഗ്രഹിക്കുന്ന ഒരു വ്യക്തി നല്ല ആരോഗ്യമുള്ള സമയത്ത് അതായത് യുവത്വം നിറഞ്ഞുനില്‍ക്കുന്ന നേരത്ത് വിവാഹിതനാവുന്നതായിരിക്കും ഉത്തമം.


ചികിത്സ


ഒരു സ്ഥായീരോഗത്തെ ചികിത്സിക്കുന്നതുപോലെ വേണം വന്ധ്യതയെ ചികിത്സിക്കാന്‍. ശരീരം കുറ്റമറ്റതാക്കുകയാണ് വേണ്ടത്. അത് പ്രകൃതിക്ക് മാത്രമേ കഴിയൂ. അതിനായി ശുദ്ധജലം മാത്രം നല്‍കികൊണ്ട് പൂര്‍ണ്ണ വിശ്രമത്തോട് കൂടിയുള്ള ദീര്‍ഘോപവാസമാണ് പ്രധാന ചികിത്സ. ഉപവാസ സമയത്ത് വിഷവിസര്‍ജനം സാദ്ധ്യമാവുകയും പ്രാണശക്തിക്ക് ശരീരത്തിന്‍മേല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയും ചെയ്യും. തല്‍ഫലമായി വൃഷണങ്ങള്‍ ഉള്‍പ്പെടെയുള്ള ശാരീരികാവയവങ്ങളും ഗ്രന്ഥികളും കേടുപാടുകള്‍ തീര്‍ത്ത് സുഗമമായി പ്രവര്‍ത്തിച്ച് തുടങ്ങും. ക്ഷീണം ബാധിക്കുന്ന പേശികളും അവയവങ്ങളും വിശ്രമത്തിലൂടെ നന്നാക്കുകയും കരുത്താര്‍ജിക്കുകയും ചെയ്യുന്നത് സ്വഭാവികമാണ്. ഈ തത്വപ്രകാരമാണ് വന്ധ്യത ബാധിച്ചവര്‍ ഉപവസിക്കുന്നത്. എന്നാല്‍ ശരീരത്തിന് സ്വയം നന്നാക്കാന്‍ കഴിയാത്തവിധം ഏതെങ്കിലും ഒരവയവത്തില്‍ കേടുപറ്റിയിട്ടുണ്ടെങ്കില്‍ പിന്നെ എത്ര വിശ്രമച്ചിട്ടും (ഉപവസിച്ചിട്ടും) കാര്യമില്ല. പ്രകൃതിക്കത് നന്നാക്കാന്‍ കഴിയില്ല. അതിനാല്‍ പ്രകൃതി ചികിത്സക്ക് മുതിരുന്നവര്‍ അവയവനാശം എത്രമാത്രം സംഭവിച്ചിരിക്കുന്നു എന്നു കൂടി മനസ്സിലാക്കിയിരിക്കണം.

ഉപവാസാനന്തരം പ്രകൃതി അനുശാസിക്കുന്ന രീതിയിലുള്ള ഭക്ഷണരീതികളും ജീവിതചര്യകളും ശീലമാക്കണം. പച്ചക്കറികളും പഴവര്‍ഗങ്ങളും അണ്ടിവര്‍ഗങ്ങളും പച്ചിലക്കറികളും മുളപ്പിച്ച പയര്‍വര്‍ഗങ്ങളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തുക്കളും ചായ കാപ്പി മുതലായ ഉത്തേജകങ്ങളും പുകയില, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളും ഒഴിവാക്കണം. ശരീരത്തിന് സുഖം നല്‍കുന്ന രീതിയില്‍ ഒട്ടും ഇറുകിപ്പിടിക്കാത്ത രീതിയിലുള്ള വസ്ത്രധാരണ രീതി ശീലിക്കണം. സൂര്യപ്രകാശം പ്രത്യുല്‍പ്പാദനത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. സൂര്യപ്രകാശം സമൃദ്ധമായ പ്രദേശത്ത് ജീവന്റെ സമ്പല്‍ സമൃദ്ധി കാണാവുന്നതാണ്. മനുഷ്യന്‍ ഒരു വായു ജീവിയും പ്രകാശ ജീവിയുമാണ്. കഴിയുന്നത്ര നഗ്നനായിക്കൊണ്ട് അല്‍പസമയം ഇളംവെയില്‍ കൊള്ളണം.

ദമ്പതികള്‍ തമ്മില്‍ മാനസികമായ പൊരുത്തവും ഐക്യവും നിലനിര്‍ത്തണം. ആകുലതകളും വ്യാകുലതകളും വെടിഞ്ഞ് സന്തോഷപ്രദമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കണം. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനില്‍ക്കുന്ന ശരീരത്തിലേ അവയവങ്ങളും അന്തസ്രാവി ഗ്രന്ഥികളും സുഗമമായി പ്രവര്‍ത്തിക്കുകയും ശരീരം അതിന്റെ കേടുപാടുകള്‍ തീര്‍ക്കുകയും ബീജോല്‍പ്പാദനം ശരിയായ രീതിയില്‍ സാദ്ധ്യമാവുകയും ചെയ്യൂ. ആരോഗ്യമുള്ള ചെടിയിലേ കരുത്തുള്ള വിത്തുണ്ടാകൂ എന്നതുപോലെ ആരോഗ്യമുള്ള വ്യക്തിക്ക് മാത്രമേ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാനുമാവൂ. ഇത് പ്രകൃതിയുടെ നിയമമാണ്. സനാതനമായ സത്യവും.


ഡോ. പി.എ. രാധാകൃഷ്ണന്‍


ഗാന്ധിയന്‍ പ്രകൃതിചികിത്സാലയം
തിരൂര്‍