ലൈംഗികതയാണ് ജീവജാലങ്ങളുടെ പ്രത്യുല്‍പാദനത്തിനും നിലനില്‍പിനും കാരണമാകുന്ന സ്ത്രീ-പുരുഷബന്ധത്തിന്റെ കാതല്‍. ഇത് ജീവശാസ്ത്രപരമായ അനിവാര്യതയാണ്. സ്ത്രീകളില്‍ ഇത് വ്യക്തിപരവും സുഖകരവുമായ പ്രതിഭാസമാണ്. നാഡീവ്യൂഹത്തിന്റെയും രക്തചംക്രമണത്തിന്റെയും എന്‍ഡോക്രൈന്‍ ഗ്രന്ഥികളുടെയും തലച്ചോറിന്റെയുമൊക്കെ വളരെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ലൈംഗികത ഉണ്ടാകുന്നത്. സ്ത്രീകളില്‍ രതിമൂര്‍ച്ഛ ശരിയായി ഉണ്ടാകണമെങ്കില്‍ ഈ ശാരീരികപ്രവര്‍ത്തനങ്ങള്‍ പിഴകൂടാതെ നടക്കണം.

ലൈംഗികത കാണുകയോ സങ്കല്‍പിക്കുകയോ പങ്കാളിയുടെ സ്നേഹസ്പര്‍ശമേല്‍ക്കുകയോ ചെയ്യുമ്പോള്‍ പാരാസിംപതറ്റിക് നാഡീവ്യൂഹം പ്രവര്‍ത്തനക്ഷമമാകുകയും ലൈംഗികാവയവത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുകയും സ്രവങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഈ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനഫലമായി തന്നെയാണ് രതിമൂര്‍ച്ഛ ഉണ്ടാകുന്നത്. ഡോപാമിനര്‍ജിക് സിസ്റ്റം ലൈംഗികപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുമ്പോള്‍ സിറോടോണിന്‍ ലൈംഗിക പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന സ്ത്രീകളില്‍ മേല്‍ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതിയില്‍ നടക്കുന്നു.


രതിമൂര്‍ച്ഛയും ലൈംഗികമരവിപ്പും


സ്ത്രീകളില്‍ ലൈംഗികാസ്വാദനം പാരമ്യത്തിലെത്തുന്നത് രതിമൂര്‍ച്ഛയിലൂടെയാണ്. പലര്‍ക്കും ഇത് ശരിയായ രീതിയില്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. നമ്മുടെ കൊച്ചു കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കെടുത്താല്‍, രതിമൂര്‍ച്ഛയില്ലാതെ ചികിത്സ തേടി എത്തുന്ന സ്ത്രീകളുടെ എണ്ണം നാലിരട്ടി വര്‍ധിച്ചതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മാനസികവും സാമൂഹികവും സാംസ്‌കാരികവും മതപരവും ആത്മീയവുമായ ഘടകങ്ങള്‍ രതിമൂര്‍ച്ഛയെ സ്വാധീനിക്കാം. ഇന്നത്തെ കാലഘട്ടത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഓരോ വ്യക്തിക്കും നിത്യജീവിതത്തില്‍ ഒട്ടേറെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കേണ്ടതായുണ്ട്.

നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ വിശ്രമിക്കാനോ ലൈംഗികത വേണ്ടപോലെ ആസ്വദിക്കാനോ നേരമില്ലാത്ത അവസ്ഥ. ലൈംഗികകാര്യങ്ങളില്‍ ഉള്ള അജ്ഞത മനസ്സിന്റെ പിരിമുറുക്കം വര്‍ദ്ധിപ്പിക്കും. സ്വാഭാവികമായും ലൈംഗികകാര്യങ്ങളില്‍ താല്‍പര്യക്കുറവ് ഉണ്ടാകാം.
പക്ഷേ പ്രകൃതിചികിത്സകരുടെ, പഴങ്ങളും പച്ചക്കറികളും ധാരാളമടങ്ങിയ സാത്വികാഹാരം കഴിക്കുന്നവര്‍ക്ക് മാനസികാരോഗ്യം കൂടുതല്‍ കാണപ്പെടുന്നു. പ്രശ്‌നങ്ങളെ പക്വതയോടെ നേരിടാനും സമചിത്തതയോടെ മുന്നോട്ടുപോകാനും ഇക്കൂട്ടര്‍ക്കു കഴിയുന്നു. യോഗ, ധ്യാനം എന്നിവയിലേതെങ്കിലുമൊന്ന് ദിവസവും ശീലിക്കുന്നവര്‍ക്ക് മാനസികസംഘര്‍ഷം കുറയ്ക്കാനും അതുവഴി ലൈംഗികാസ്വാദനം വര്‍ദ്ധിപ്പിക്കാനും സാധിക്കും. യോഗ, ധ്യാനം ദിവസവും രാവിലെ ചെയ്യുന്നത് ഉത്തമം. രാവിലെ കുറച്ചു സമയം ശുദ്ധവായു ശ്വസിച്ച് നടക്കുന്നതുപോലും മനസ്സിനു കുളിര്‍മ നല്‍കും - രക്തസഞ്ചാരവും ആന്തരികപ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തും.

മാനസികസമ്മര്‍ദ്ദത്തില്‍ നിന്നുള്ള മോചനം ആരോഗ്യകപരമായി ഒരു വന്‍നേട്ടം തന്നെയാണ്. സത്യസന്ധത, ക്ഷമ, എളിമ, ബഹുമാനം, അദ്ധ്വാനശീലം, സ്നേഹം എന്നീ ഗുണങ്ങള്‍ സ്ത്രീകള്‍ വളര്‍ത്തിയെടുത്താല്‍ കുറേക്കൂടി മാനസികാരോഗ്യം നേടാന്‍ കഴിയും. ലൈംഗിക അവയവങ്ങളെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും ഒക്കെ ഇന്നത്തെ സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ധാരണയുണ്ട് എന്നതില്‍ സംശയമില്ല. എങ്കിലും ലൈംഗികവിദ്യാഭ്യാസം സ്‌കൂള്‍തലത്തില്‍ നടപ്പിലാക്കിയാല്‍ അതു വളരെ ഗുണം ചെയ്യും. ശാസ്ത്രീയമായ വിദ്യാഭ്യാസവും മാര്‍ക്കറ്റിങ് തന്ത്രങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അറിവും വ്യത്യസ്തമാണ്.

രതിമൂര്‍ച്ഛ ഉണ്ടാകാതിരിക്കലും ഉണ്ടാകാന്‍ താമസം നേരിടലും ലൈംഗിക ഉദ്ദീപനം ഉണ്ടാകാതെപോകലും ലൈംഗികമരവിപ്പിന്റെ ലക്ഷണങ്ങളാവാം. മുപ്പതു ശതമാനത്തോളം സ്ത്രീകള്‍ ലൈംഗികമരവിപ്പ് അനുഭവിക്കുന്നു എന്നാണ് ഏകദേശ കണക്ക്. അമിത ഉല്‍ക്കണു, വിഷാദം , സെക്‌സ് പാപമാണ് എന്ന ചിന്ത, എന്നീ മാനസികപ്രശ്‌നങ്ങള്‍ കൊണ്ട് ലൈംഗിക മരവിപ്പ് ഉണ്ടാകാം. പ്രകൃതിജീവനത്തിലൂടെ വേണ്ടത്ര മാനസികാരോഗ്യം നേടിയാല്‍ മാത്രം പ്രശ്‌നപരിഹാരമായി. പിറ്റിയൂട്ടറി, തൈറോയിഡ്, അഡ്രീനല്‍ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ ലൈംഗിക മരവിപ്പ് ഉണ്ടാക്കാം. സൈ്പനല്‍ ബാത്ത് തണുത്ത വെള്ളത്തില്‍ മുങ്ങിയുള്ള കുളി, കളിമണ്‍ ചികിത്സ, ദിവസം രണ്ടു പ്രാവശ്യം മാത്രം ഭക്ഷണം കഴിക്കുന്ന ശീലം എന്നിവകൊണ്ടു മാത്രം ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ ശരിയാകുന്നതായി കണ്ടിട്ടുണ്ട്.

നാഡീസംബന്ധമായ ചില രോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന ലൈംഗികമരവിപ്പിന് ഉഴിച്ചില്‍ചികിത്സ കൊണ്ട് ഗുണമുണ്ടാകും. പ്രത്യുല്‍പാദന അവയവങ്ങളെ ബാധിക്കുന്ന അണുബാധ ഉപവാസ ചികിത്സയോട് പ്രതികരിക്കും. കരിക്കിന്‍ വെള്ളം/തേന്‍/പഴച്ചാറുകള്‍ എന്നിവ മാത്രം കഴിച്ച് ഏഴു മുതല്‍ പത്തു ദിവസംവരെ ലഘൂപവാസം എടുക്കണം. ശോധന ഇല്ലെങ്കില്‍ എനിമ നന്ന്. അണുബാധ ശരിയായി നിയന്ത്രണത്തില്‍ വന്നാല്‍ ലൈംഗിക മരവിപ്പും ശരിയാകും.

ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന ലൈംഗികമരവിപ്പിന് കൃത്യമായ വ്യായാമം ആവശ്യമാണ്. കുറഞ്ഞത് 30 മിനിട്ടെങ്കിലും നിത്യവും നടക്കണം. നീന്തല്‍ നല്ല വ്യായാമമാണ്. ജീവകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണക്രമം വേണം. കഴിയുന്നതും സന്തോഷമുള്ള വേളകളില്‍ മാത്രം സെക്‌സില്‍ ഏര്‍പ്പെടുക. റിലാകേ്‌സഷന്‍ ടെക്‌നിക്കുകള്‍ ശീലിക്കുക. ചിലതരം ഇംഗ്ലീഷ് മരുന്നുകളും ലൈംഗികമരവിപ്പ് ഉണ്ടാക്കുന്നുണ്ട്. ആരോഗ്യകരമായ പ്രകൃതിജീവനം നയിച്ചാല്‍ ഇത്തരം അനാവശ്യമരുന്നുപയോഗം ഒഴിവാക്കാനും സന്തോഷത്തിലേക്കു മടങ്ങാനും കഴിയും. ലൈംഗികശുചിത്വം, വിവാഹേതര വിവാഹപൂര്‍വ്വ ബന്ധങ്ങളിലെ കുരുക്കുകള്‍ എന്നിവയൊക്കെ സ്ത്രീകളുടെ ലൈംഗികജീവിതത്തെ ബാധിക്കും.

സുരക്ഷിതമായ ലൈംഗിക ജീവിതം, പ്രസവം, സുരക്ഷിതകാലങ്ങളെക്കുറിച്ചുള്ള അറിവ് ഇവയെല്ലാം ശരിയായ ലൈംഗിക ബോധവല്‍ക്കരണത്തിലൂടെ നേടിയെടുക്കാവുന്നതാണ്. കുടുംബജീവിതത്തില്‍ ലൈംഗികതയ്ക്കുള്ള പങ്ക്, ലൈംഗികരോഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവും സ്ത്രീകള്‍ നേടിയെടുക്കണം.


ഉണര്‍വ് നല്‍കും പ്രകൃതിഭക്ഷണം


ലൈംഗികതയും ഭക്ഷണക്രമവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നു ചില പഠനങ്ങള്‍ കാണിക്കുന്നു. വാഴപ്പഴം, ആപ്പിള്‍, പപ്പായ, ഓറഞ്ച്, ഈന്തപ്പഴം എന്നിവ ലൈംഗിക ആസ്വാദ്യത വര്‍ദ്ധിപ്പിക്കും. ദിവസത്തില്‍ ഒരു നേരം ഈ പഴവര്‍ഗങ്ങള്‍ കഴിക്കാന്‍ പ്രകൃതിചികിത്സകര്‍ പറയുന്നു. ബദാം ദിവസവും 5-10 എണ്ണം കഴിക്കുന്നതും ഗുണപ്രദമാണ്. ചീരകള്‍, മുരിങ്ങയില, മുരിങ്ങക്കായ എന്നിവയും നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അമിതഭക്ഷണവും അസമയത്തുള്ള ഭക്ഷണവും കൃത്രിമാഹാരവും വേണ്ട.

രക്തത്തില്‍ അഴുക്കു കുന്നുകൂടാന്‍ അനുവദിക്കരുത്. രാത്രിയില്‍ കട്ടിയുള്ള ആഹാരവും ഒഴിവാക്കുന്നതും നന്ന്. ദിവസവും രാവിലെ ഉദരസ്‌നാനം എടുക്കുന്നത് പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യം കൂട്ടും- രക്തസഞ്ചാരം കൂട്ടാന്‍ ഉദരസ്‌നാനം സഹായിക്കും. സിസ്റ്റൈറ്റിസ് പെല്‍വിസിലുണ്ടാകുന്ന തടിപ്പ് അണ്ഡാശയത്തിലുണ്ടാകുന്ന മുഴ എന്നിവ തടയാന്‍ ഈ ജലചികിത്സ കൊണ്ടു സാധിക്കും. പവനമുക്താസനം, സര്‍വാംഗാസനം, ചന്ദ്രനാഡിപ്രാണായാമം എന്നിവ നിത്യവും ചെയ്യുന്നതും നല്ലത്.

ജീവിതത്തില്‍ കാലേക്കൂട്ടി പല സങ്കല്‍പങ്ങളും നമ്മള്‍ മെനഞ്ഞെടുക്കുന്നുണ്ടെങ്കിലും സന്തോഷകരമായ ഒരു ലൈംഗികജീവിതത്തിന് ഈ ഒരു മുന്‍വിധികള്‍ പലപ്പോഴും അലോസരമുണ്ടാക്കും. ലൈംഗികത സുരഭിലമാകണമെങ്കില്‍ സ്ത്രീകള്‍ ശരിയായ രീതിയില്‍ അതിനെ പഠിക്കണം. സാദാചാര നിഷുയിലധിഷുിതമായ ജീവിതം നയിക്കുന്നു എന്നു ജാട കാണിക്കുന്ന മലയാളികള്‍ ലൈംഗികതയുമായി ബന്ധപ്പെട്ടതിനോടെല്ലാം മുഖം തിരിക്കുന്നു. ഇത് ഇരട്ടത്താപ്പു നയമാണ്. പ്രകൃതിജീവനം സ്ത്രീകളുടെ ലൈംഗികചക്രവാളത്തെ സന്തോഷപ്രദമാക്കുകയും ഒരു പരിധിവരെ ആത്മവിശ്വാസവും ജീവിതവിജയവും നേടിത്തരുകയും ചെയ്യും.


കല്യാണ്‍ ഉല്‍പലാക്ഷന്‍


ഗാന്ധിജി പ്രകൃതിചികിത്സാ കേന്ദ്രം
കണിമംഗലം, തൃശൂര്‍