ന്ന് ലോക ആര്‍ത്തവ ശുചിത്വ ദിനം. ഇപ്പോഴും ആര്‍ത്തവശുചിത്വത്തെ പറ്റിയോ അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെ പറ്റിയോ സമൂഹം വേണ്ടത്ര ബോധവാന്‍മാരല്ല. ഇന്നും അന്തവിശ്വാസങ്ങളില്‍ കെട്ടുപിണഞ്ഞാണ് അതിന്റെ സ്ഥാനം പലപ്പോഴും. മാത്രമല്ല സ്ത്രീകളും ആര്‍ത്തവ പ്രശ്‌നങ്ങളെ പറ്റി തുറന്നു പറയാന്‍ തയ്യാറാവുന്നുമില്ല. കേള്‍ക്കാന്‍ ചുറ്റുമുള്ളവരും. ആര്‍ത്തവകാലത്ത് എന്തെല്ലാം ശ്രദ്ധിക്കണം?  ഡോ. വീണ ജെ.എസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

ഫേസ്ബുക്ക് കുറിപ്പ്

ചീനുഅമ്മ, പതിവുപോലെ ഇതും സാങ്കല്പികകഥ എന്ന് പറയുന്നു.

ചീനുവമ്മയ്ക്ക് അറുപതു വയസ്സ്. തന്റെ പതിനഞ്ചാം വയസ്സില്‍ അമ്മയായതാ. ഏതോ ഒരു ദിവസം എന്തോ കാരണം പറഞ്ഞു ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു. മകനന്ന് 2 വയസ്സ്. വളരെ ഉള്‍നാടന്‍ ഗ്രാമത്തിലാണ് അവരുടെ താമസം. ഏറ്റവും അടുത്തുള്ള വീട് രണ്ടുമൈല്‍ അകലെ.

ചീനുവമ്മയ്ക്ക് മകനും മകന്റെ ഭാര്യയും കൂട്ടുണ്ട്. മൂന്നുപേരും കൂലിപ്പണിക്കാര്‍. അഞ്ചുവര്‍ഷങ്ങള്‍ മുന്നേ മാസക്കുളി നിന്നെങ്കിലും, കഴിഞ്ഞ ആറുമാസങ്ങളായി ഇടക്കിടെ യോനിയില്‍ നിന്നുള്ള രക്തസ്രാവവും ക്ഷീണവും കാരണം ചീനുവമ്മ കൂലിപ്പണി നിര്‍ത്തി.

വെള്ളത്തിനു ക്ഷാമമുള്ള സ്ഥലമാണ്. വെള്ളമില്ലാത്ത അവസരങ്ങളില്‍ മകനും ഭാര്യയും അവളുടെ വീട്ടില്‍ പോവും. ചീനുവമ്മയെക്കൂടി കൂട്ടാല്ലോ എന്ന് നമ്മുടെ മനസാക്ഷിക്ക് തോന്നും മുന്നേ കാര്യം പറയട്ടെ. മകന്റെ ഭാര്യയുടെ വീട്ടില്‍ അഞ്ചുപേരുണ്ട്. ആറു കുഞ്ഞുങ്ങളും. എല്ലാരും കൂടെ കഴിയുന്നത് രണ്ട്മുറി വീട്ടില്‍. പഞ്ചായത്ത് കെട്ടിക്കൊടുത്തത്. തൊഴുത്തില്ലാത്ത വീട്ടിനു പുറത്ത് അഞ്ചാറാടുകളും രണ്ട് പശുക്കളും ഒരു പട്ടിയും ഉണ്ട്. പിന്നെ വല്ലപ്പോഴും വലിഞ്ഞുകയറിവരുന്ന പൂച്ചകളും. വെള്ളമില്ലെന്നും പറഞ്ഞു ഇതിനിടയിലേക്കു കയറിവരുന്ന പെണ്ണിനേയും ഭര്‍ത്താവിനെയും നോക്കി മുറുമുറുക്കേണ്ടിവരുന്ന അമ്മയും സഹോദരങ്ങളും ആണ് ആ വീട്ടില്‍ !

വെള്ളം വരുന്ന ദിവസങ്ങളില്‍ അവര്‍ തിരിച്ചെത്തും. വരുമ്പോളെല്ലാം ചീനുവമ്മ പറയും. 'എന്നെ ഇങ്ങനെ ഒറ്റക്കിട്ടേച്ച്‌ പോയാ ഞാന്‍ എവിടേലും പോയി ചാവും. ജീവിതം മുഴുവന്‍ ഇങ്ങനെ കഴിയാന്‍ വയ്യ. തന്തയുള്ളത് ഇറങ്ങിപ്പോയി.കല്യാണം കഴിക്കുമ്പോള്‍ എനിക്ക് മാസക്കുളി പോലും വന്നിട്ടില്ല . പിന്നീടുള്ള ദിവസ്സങ്ങളില്‍ എനിക്ക് മാസക്കുളി വരുന്നോ എന്നറിയാന്‍ വീട്ടുകാരും നാട്ടുകാരും കാത്തിരുന്നു. മാസക്കുളി വന്നതിന്റെ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ വയറ്റിലുമായി.. വയറ്റിലായ സമയവും പ്രസവശേഷം കുറച്ചുകാലവും 'വരാതെയിരുന്ന ആര്‍ത്തവങ്ങള്‍' മാത്രമാണ് എന്റെ നല്ല കാലം :( രക്തംപുരണ്ട തുണി കഴുകാന്‍ വെള്ളമന്വേഷിച്ച്‌ മൈലുകളോളം നടന്നു പോകേണ്ടല്ലോ !)

'ഇതിങ്ങനെ ഇടക്കിടെ പറയാതെ പോയി ചാവ്' എന്ന് മകനും 'തമാശ' പറഞ്ഞു. ഒരുദിവസം അവര്‍ വീട്ടില്‍ വന്നു കേറിയപ്പോ ജനലിലൂടെ രണ്ട് കാലുകള്‍ ആടിനില്‍ക്കുന്നത് കണ്ടു. അമ്മയുടെ തമാശ ആവുമെന്ന് ആദ്യം കരുതി. പക്ഷെ ചീനുവമ്മ പോയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു.

ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ കാരണമാവാം, ചീനുവമ്മ മരിച്ചപ്പോള്‍ കരയാന്‍ അവര്‍ക്കു തോന്നിയില്ല. തൂങ്ങിമരണം ആയതുകൊണ്ട് 'ബാക്കിയെല്ലാം മുറക്ക്' നടന്നു. പോലീസ് എത്തി, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ദൂരെയായതുകൊണ്ട് തങ്ങള്‍ക്കു വരാന്‍ പറ്റില്ലെന്ന് മകന്‍ പോലീസിനെ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം ചെയ്യുന്ന സ്ഥലത്തുള്ളവരൊക്കെ അത്ഭുതപ്പെട്ടു. അറുപതു വയസ്സും 160cm നീളവുമുള്ള ചീനുവമ്മയുടെ ഭാരം വെറും 30 കിലോ. ദേഹത്ത് ഒരു തരി കൊഴുപ്പില്ല. ഗര്‍ഭാശയ ഗളത്തില്‍ പ്രാന്തുപിടിച്ച ഒരു മുഴ. ചുറ്റുമുള്ള അവയവങ്ങളെ ഇപ്പൊ വിഴുങ്ങും എന്ന മട്ടിലിരുന്ന പ്രാന്ത് മരണം കൊണ്ടില്ലാതെ ആയതു ഭാഗ്യം !

 സര്‍ക്കാര്‍ ചെലവില്‍ മൃതദേഹം മറവുചെയ്തു. ഒരു ജീവിതം പൊലിയുന്നതാണ് ശുഭം എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ചീനു ജീവിച്ചു എന്ന് വേണം പറയാന്‍. മനുഷ്യത്വത്തെ പറ്റി മിണ്ടുന്നില്ല. അതിന്റെ ആവശ്യം ഇല്ലാ എന്നറിയാം. എങ്കിലും പോലീസ് ചോദിച്ച ഒരേയൊരു ചോദ്യത്തെ പറ്റി പറയാം. 'കാന്‍സര്‍ ആയതുകൊണ്ടാണോ weight ഇത്രയും കുറഞ്ഞിരിക്കുന്നത്?'

Doctor : 'കാന്‍സര്‍ ആണോ എന്നറിയാനും മറ്റും ഉള്ള പരിശോധനകള്‍ക്കയച്ചിട്ടുണ്ട്. ഒരുപക്ഷെ കാന്‍സറിന്റേതാകാം. ചിലപ്പോള്‍ ഭക്ഷണം വേണ്ടത്ര കിട്ടാതെയും ആകാം. വയസ്സായവരില്‍ അവഗണിക്കപ്പെടുന്നവര്‍ ഏറെയാണ്. ദേഹത്ത് ഒരു തരി കൊഴുപ്പ് കാണുന്നില്ല, രക്തവും വളരെ കുറവ്. പരിശോധനാഫലം വരട്ടെ.'
പോലീസ് : ' അയ്യോ, പട്ടിണി മരണമെന്നൊക്കെ പറഞ്ഞാല്‍ പുലിവാലാകുമല്ലോ?'
Doctor : ' ഹും ആകും'
കഥ അവിടുന്നങ്ങോട്ട് എങ്ങോട്ടോ പോകുന്നു.

ചീനു എന്ന 'വെറും പെണ്ണിന്റെ' ജീവിതത്തെക്കുറിച്ചുള്ള വൈദ്യവശങ്ങളെപറ്റി മാത്രം പറയാം.

  •  പതിമൂന്നാം വയസ്സിലെ കല്യാണം.
  • പതിനഞ്ചാം വയസ്സിലെ പ്രസവം.
  • ആര്‍ത്തവത്തിന് തുണി ഉപയോഗം
  • വെള്ളത്തിനു ക്ഷാമം
  • ആര്‍ത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം
  • ഇടക്കിടെയുള്ള ആത്മഹത്യാപ്രസ്താവനകള്‍
  • തൂങ്ങിമരണം
  • ഒരു തരി കൊഴുപ്പില്ലാത്ത, രക്തക്കുറവുള്ള ശരീരം
  • ഗര്‍ഭാശയഗള കാന്‍സര്‍ 
  • മരണം

ഇന്നും ജീവിച്ചിരിപ്പുള്ള ചില സ്ത്രീകളുടെ ജീവിതഘട്ടങ്ങള്‍ ആണ് ഈ പത്തുകാര്യങ്ങള്‍. ഒന്ന് വെറുതെ കണ്ണോടിച്ചാല്‍ ഇവരില്‍ പലരും നമുക്ക് മുന്നില്‍ തെളിയും. ജീവിതത്തില്‍ വളരെ നേരത്തേ നടക്കുന്ന ആദ്യസംഭോഗവും, വൃത്തിഹീനമായ ആര്‍ത്തവവും ഗര്‍ഭാശയഗള കാന്‍സറിന്റെ റിസ്‌ക് ഫാക്ടേഴ്‌സ് ആണ്. വളരെ നേരത്തെയുള്ള വിവാഹങ്ങള്‍ നിര്‍ബന്ധമാക്കുന്ന മതങ്ങളെയും സംസ്‌കാരങ്ങളെയും ഉപേക്ഷിച്ചാല്‍, സേഫ് സെക്‌സ് നിര്‍ബന്ധമാക്കിയാല്‍ ഈ റിസ്‌ക് ഫാക്ടേഴ്‌സിനെ നമുക്ക് തടയാം. 35 വയസ്സിനു മുകളില്‍ ഉള്ള ഓരോ സ്ത്രീശരീരവും, വര്‍ഷത്തിലൊരിക്കല്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭാശയഗള ക്യാന്‍സറിന്റെ സൗജന്യ സ്‌ക്രീനിങ് ടെസ്റ്റ് (pap smear) ചെയ്യുക.

എന്താണ് ആരോഗ്യമായ ലൈംഗീകത (safe sex)  ?

ലൈംഗികരോഗവും അനാവശ്യഗര്‍ഭവും തടയലാണത്.ഗര്‍ഭം വേണ്ടെന്നുള്ള എല്ലാ സാഹചര്യങ്ങളിലും ഗര്‍ഭനിരോധനം ഉറപ്പുവരുത്തുക. ഗുളിക, കോപ്പര്‍ ടി മാര്‍ഗങ്ങളോടൊപ്പം കോണ്ടം നിര്‍ബന്ധമാക്കുക. (ഒന്നില്‍ കൂടുതല്‍ പങ്കാളികളുള്ളവര്‍ ഇത് പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതാണ്)

കോണ്ടം ഉപയോഗിക്കാന്‍ പുരുഷപങ്കാളി വിമുഖത കാണിക്കുന്നുവെങ്കില്‍ സ്ത്രീ ലൈംഗിക അവയവം ഉള്ളവര്‍ അവര്‍ക്കുപയോഗിക്കാന്‍ പറ്റുന്ന കോണ്ടം ഉപയോഗിക്കുക. ഓറല്‍ സെക്‌സ് ആണെങ്കില്‍ പോലും കോണ്ടം ഉപയോഗിക്കുക. പിന്നെന്തിനു സെക്‌സ് എന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും. സെക്‌സില്‍ നിന്നുള്ള സന്തോഷം പോലെതന്നെ, ആരോഗ്യമായ സെക്‌സ് ചെയ്യുക എന്നുള്ളതും ഏതൊരാളിന്റെയും അവകാശമാണ്. അതനുവദിക്കുക. നേരത്തെയുള്ള ലൈംഗികബന്ധം പലപ്പോഴും ഇത്തരം ഉപാധികളോട്കൂടെയല്ലാതാവുന്നതാണ് പ്രശ്‌നം.

എന്താണ് ആര്‍ത്തവശുചിത്വം ?

ശുദ്ധജലം ഉപയോഗിച്ച് ജനനേന്ദ്രിയം വൃത്തിയാക്കുക. (നേരിയ തോതില്‍ സോപ്പ് ഉപയോഗിക്കാം. യോനിക്കുള്ളില്‍ സോപ്പിന്റെ ആവശ്യം ഇല്ലാ. Vaginal pH will save us. pHല്‍ മാറ്റം ഉണ്ടാവുമ്പോള്‍ അണുബാധ ഉണ്ടാകുന്നു. വജൈനല്‍ വാഷ്‌കളും ആവശ്യമില്ല എന്ന് മാത്രമല്ല അവ ഉപദ്രവകാരികള്‍ ആകാനും ഇടയുണ്ട്). Labia minoraക്കും, labia majoraയുടെ ഉള്‍ഭാഗത്തിനും ഇടക്കുള്ള സ്ഥലത്ത് സ്രവങ്ങളും കോശങ്ങളും അടിഞ്ഞുകൂടി വെളുത്ത പൊടി കണക്കു കാണാം. കുറച്ച് ദിവസങ്ങള്‍ കൂടുമ്പോള്‍, ഇത് പതുക്കെ നേര്‍ത്ത തുണി ഉപയോഗിച്ച് കളയാവുന്നതാണ്. ഈ തുണി വൃത്തിയുള്ള വെള്ളത്തില്‍ നനച്ചുപയോഗിക്കുന്നതും നല്ലത്.

പാഡ് മാറ്റിക്കഴിയുമ്പോള്‍ കൈകള്‍ വൃത്തിയായി കഴുകണം. ശരിയായ കൈകഴുകല്‍ പരിശീലിക്കുക. നഖങ്ങള്‍ വളര്‍ത്തുന്നവര്‍ ആര്‍ത്തവദിനങ്ങളില്‍ പ്രത്യേകം ശ്രദ്ധയോടെ നഖങ്ങള്‍ക്കിടയിലെ അഴുക്കുകള്‍ ബ്രഷും സോപ്പും ഉപയോഗിച്ച് കഴുകിക്കളയുക. രക്തത്തില്‍ കൂടെ പകരുന്ന രോഗാണുക്കള്‍ ഉള്ളവരില്‍, ആര്‍ത്തവരക്തത്തില്‍ നിന്നും മറ്റുള്ളവരിലേക്ക് അണുബാധ പടരാതിരിക്കാന്‍ ഇത് സഹായകമാണ്.

മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരെ സംബന്ധിച്ച് ഏറ്റവും റിസ്‌ക് ഉള്ള ജോലിയാണ് രക്തം പുരണ്ട സാധനങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നത്. ഹെപ്പറ്റൈറ്റിസ് ബി,സി, HIV പോലുള്ള അണുക്കള്‍, ശരീരത്തിലെ മുറിവുകളിലൂടെ ഉള്ളിലേക്ക് കടക്കും. ഇവരുടെ  സുരക്ഷക്കായി നമ്മള്‍ ഉപയോഗിച്ച പാഡ് കടലാസ്സില്‍ പൊതിഞ്ഞേ ബാസ്‌ക്കെറ്റില്‍ കളയാവൂ. (പാഡ് ഒരിക്കലും അലക്ഷ്യമായി വലിച്ചെറിയരുത്). ഓരോ തവണ പാഡ് മാറ്റിക്കഴിയുമ്പോഴും കൈകള്‍ വൃത്തിയായി കഴുകുക.

മലവിസര്‍ജനത്തിനു ശേഷം വൃത്തിയാക്കാന്‍ വേണ്ടി കഴുകുന്നത് എപ്പോഴും മുന്നില്‍ നിന്നും പുറകോട്ടാവണം.

തുണി ഉപയോഗിക്കുന്നവര്‍ ഇന്നും ഉണ്ട്. അവരുടെ ശ്രദ്ധക്ക്.

ഒരേ തുണി മൂന്ന് മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കരുത്. മൂന്നോ നാലോ മണിക്കൂര്‍ കൂടുമ്പോള്‍ തുണി മാറ്റുക. സോപ്പിന്റെ പത പോകും വരെ വെള്ളത്തില്‍ കഴുകുക. നല്ല വെയിലും കാറ്റും ഉള്ളിടത്തു ഉണക്കുക. പൂപ്പല്‍ ബാധ തടയാന്‍ ഈ രീതി സഹായിക്കും. അടിവസ്ത്രങ്ങളുടെ  കാര്യവും ഇതുപോലെ തന്നെ.

മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നവര്‍ നിശ്ചിത സമയത്തില്‍ കൂടുതല്‍ അത് ശരീരത്തിനുള്ളില്‍ വെക്കരുത്. അല്ലാത്ത പക്ഷം അത് മാരകമായ അണുബാധയിലേക്കു നയിക്കും. ഒരു തവണ അണുബാധ ഉണ്ടായാല്‍, കപ്പ് പുനരുപയോഗിക്കുന്നത് നല്ലതല്ല. പുതിയ കപ്പ് ഉപയോഗിക്കുക .ധാരാളം വെള്ളം കുടിക്കുക. പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുക.

കുറഞ്ഞഅളവിലുള്ള രക്തസ്രാവം ആണെങ്കിലും പാഡുകള്‍ നാലുമണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക. മെന്‍സ്ട്രല്‍ കപ്പിലെ രക്തം കളയാന്‍ മറക്കരുത്. കപ്പ് ആദ്യമായിഉപയോഗം തുടങ്ങുന്നവര്‍ ഇക്കാര്യം പ്രത്യേകം ഓര്‍ക്കുക. ആദ്യമായി ഉപയോഗിക്കുന്നവരുടെ കപ്പില്‍ E.coli ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലായി കണ്ടു എന്നാണ് കെനിയയില്‍ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത്. മൂത്രാശയസംബന്ധമോ ഗര്‍ഭാശയസംബന്ധമായോ ആയ അണുബാധ വന്നവര്‍ രണ്ടുമൂന്നുമാസത്തെ ആര്‍ത്തവം കഴിഞ്ഞ ശേഷം മാത്രം കപ്പ് ഉപയോഗിക്കുന്നത് സുരക്ഷിതം ആയിരിക്കും.

പ്രസവശേഷവും അബോര്‍ഷന്‍ ശേഷവും ഉള്ള യോനീസ്രവം നില്‍ക്കുന്നത് വരെ menstrual കപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം എന്നാണ് അഭിപ്രായം. ഗര്‍ഭാശയസ്തരം ഉണങ്ങുന്ന സ്റ്റേജില്‍ ആയതുകൊണ്ട് ചെറിയ അണുബാധ പോലും മാരകമായേക്കാം എന്നതുകൊണ്ടാണ് ഇങ്ങനെയൊരുപദേശം നല്‍കുന്നത്. കൂടുതല്‍ പഠനങ്ങള്‍ കൂടിയേ തീരൂ.

ആര്‍ത്തവസമയത്തു സെക്‌സിലേര്‍പ്പെടുന്നവര്‍ ശുചിത്വം വളരെയധികം ശ്രദ്ധിക്കുക. കോണ്ടം  ഉപയോഗിക്കുക. പങ്കാളികള്‍ രണ്ടുപേരും ഒരേപോലെ ശ്രദ്ധിക്കുക. (ബാക്റ്റീരിയക്ക് വളരാനുള്ള പോഷകമുള്ള മീഡിയ ആണ് രക്തം.) ആര്‍ത്തവസമയത്തു് ബന്ധപ്പെട്ടാല്‍ ഗര്‍ഭം ഉണ്ടാവില്ല എന്ന ധാരണയും തെറ്റായേക്കാം.

രക്തത്തിന്റെ മണത്തിലൊ നിറത്തിലോ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ആധുനികവൈദ്യസഹായം തേടുക. പില്‍ക്കാലത്തേക്കുള്ള pelvic inflammatory disease (PID)ആയി ഇതു തുടരാം എന്നുള്ളതാണ് കാരണം. PID പിന്നീട് വന്ധ്യതക്ക് കാരണമായേക്കാം.

രോമവളര്‍ച്ച

ശരിക്കും പറഞ്ഞാല്‍, ജനനേന്ദ്രിയത്തിന് സമീപമുള്ള രോമങ്ങള്‍ സംരക്ഷണം നല്‍കുന്നവയാണ്. ( ഒരു പരിധിവരെ, രോഗാണുക്കളില്‍ നിന്നും, ആ ഭാഗങ്ങളിലേക്ക് എത്തുന്ന മറ്റു പദാര്‍ത്ഥങ്ങളില്‍ നിന്നും.) ഈ രോമങ്ങള്‍ shave ചെയ്യരുത് എന്നാണ് മെഡിക്കല്‍ ലേഖനങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്.

തൊലിപ്പുറത്തെ രോഗാണുക്കളും ആശുപത്രിയിലെ രോഗാണുക്കളും രോമം നീക്കം ചെയ്യുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന സൂക്ഷ്മമായ മുറിവുകളിലൂടെ ഉള്ളിലെത്തി അണുബാധ ഉണ്ടാക്കും, അതു നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. പ്രസവസമയത്തും രോമം ഷേവ് ചെയ്യേണ്ടകാര്യമില്ല. രോമം കുടുങ്ങി വേദനയാവാതിരിക്കാന്‍, സൂക്ഷിച്ച് episiotomy wound (പ്രസവസമയത്തുണ്ടാക്കുന്ന മുറിവ്) stitch ചെയ്യേണ്ടി വരും എന്നേ ഉള്ളൂ. രോമങ്ങള്‍ ഷേവ് ചെയ്യുന്നതിന് പകരം കത്രിക ഉപയോഗിച്ച് സൂക്ഷിച്ച് വെട്ടിക്കളയാവുന്നതാണ്. യോനി ഭാഗത്തെ മൂടിനില്‍ക്കുന്ന രോമങ്ങള്‍ നീക്കം ചെയ്യാത്തതാണ് നല്ലത്. സംരക്ഷണം നല്‍കുന്ന രോമങ്ങള്‍ ആണവ.

ഒരു ആര്‍ത്തവചക്രം 24മുതല്‍ 38 വരെ പോകാം. 2 മുതല്‍ 5 ദിവസം വരെയുള്ള ബ്ലീഡിങ് സാധാരണമാണ്. ഇതിനു പുറത്തുള്ള രക്തസ്രാവം പാറ്റേണ്‍ അബോര്‍മല്‍ ആയിക്കണ്ട് ആധുനിക വൈദ്യസഹായം ലഭ്യമാക്കണം. ആര്‍ത്തവം നിലച്ചു ഒരു വര്‍ഷത്തിന് ശേഷം ഒരു പ്രാവശ്യമെങ്കിലും വീണ്ടും ബ്ലീഡിങ് ഉണ്ടായാല്‍ അപ്പൊ തന്നെ ഡോക്ടറെ സമീപിക്കണം.

ആര്‍ത്തവകാലഘട്ടത്തിനുശേഷം കണ്ടുവരുന്ന രക്തസ്രാവം ക്യാന്‍സറിന്റെ മുന്നോടിയാണോ എന്ന് പരിശോധിക്കണം. ഏത് ബ്ലീഡിങ്ങും ശരീരത്തെ ക്ഷീണിപ്പിക്കും. രക്തക്കുറവിനെതിരെ ചികിത്സ എടുക്കണോ എന്ന് സ്വയം തീരുമാനിക്കാന്‍ നമുക്കു പറ്റിയെന്നു വരില്ല. ഡോക്ടറെ കാണുക തന്നെ ചെയ്യുക. രക്തം കുറയുന്തോറും ബ്ലീഡിങ് കൂടിയേക്കാം. കൂടുതല്‍ ബ്ലീഡിങ് എന്നത് മറ്റു രോഗങ്ങളുടെ ലക്ഷണവും ആകാം.

ഒറ്റക്ക് ജീവിക്കുന്നവര്‍, സംസാരിക്കാന്‍ സുഹൃത്തുക്കളില്ലാത്തവര്‍/നല്ല അയല്പക്കമില്ലാത്ത ഒറ്റപ്പെട്ടവര്‍ , ഒന്ന് പിണങ്ങി ഇണങ്ങാന്‍ പോലും ആരുമില്ലാത്തവര്‍ എന്നിങ്ങനെയുള്ളവരെ കണ്ടെത്തണം. ആത്മഹത്യാ പ്രവണത ഉള്ളവര്‍ ഈ ഗ്രൂപ്പില്‍ കൂടുതലായി ഉണ്ടായേക്കാം. പല തവണ ആത്മഹത്യ ചെയ്തു രക്ഷപ്പെടുന്നവരില്‍ സ്ത്രീകളാണ് കൂടുതല്‍, പുരുഷന്മാര്‍ ആത്മഹത്യയില്‍ വിജയിക്കുന്നു എന്നിങ്ങനെയുള്ള പഠനങ്ങള്‍ ഉണ്ട്. ഇതേക്കുറിച്ചു, സ്ത്രീകള്‍ക്ക് പറയാനെ കഴിയു, ചെയ്തു കാണിക്കാന്‍ അറിയില്ല എന്ന മട്ടിലുള്ള വാഗ്വാദം കേള്‍ക്കുമ്പോള്‍ വിഷമം തോന്നും. ആത്മഹത്യ ചെയ്തു വിജയിക്കുന്നവരെ നമുക്ക് രക്ഷിക്കാന്‍ പറ്റില്ലല്ലോ. പക്ഷെ, പരാജയപ്പെടുന്നവരെ നമ്മള്‍ പരിഗണിച്ചേ തീരൂ. ഒരു തവണ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചവര്‍, ഒരു തവണ ആത്മഹത്യയെ പറ്റി ചിന്തിച്ചവര്‍.. ഇവര്‍ക്കെല്ലാം കാണും 'നിരാശയുടെ' ചില നിമിഷങ്ങള്‍. ആ നിമിഷങ്ങള്‍ എന്നന്നേക്കുമായി ഇല്ലാതാകും വരെ നമ്മുടെ ഒരു കണ്ണ് അവരുടെമേല്‍ ഉണ്ടാവണം.

എത്ര ചികില്‍സിച്ചിട്ടും ഭേദമാവാതെ പോയ മൂത്രാശയഅണുബാധ ഉള്ള എഴുപത് വയസ്സുള്ള ഒരുസ്ത്രീക്കു, സ്‌കാന്‍ ചെയ്തപ്പോളാണ് വര്‍ഷങ്ങള്‍ക്കു മുന്നേ ഗര്‍ഭനിരോധനത്തിനുവേണ്ടി നിക്ഷേപിച്ച കോപ്പര്‍ ടി കണ്ടെത്താന്‍ കഴിഞ്ഞത്. വയസ്സായവര്‍ എല്ലാം ഓര്‍ത്തു വെക്കണം എന്നില്ല. നമ്മുടെ കടമയാണ് അവര്‍ക്കു ആവശ്യമായ വൈദ്യസഹായം എത്തിക്കുക എന്നത്.

ട്രാന്‍സ്മാന്‍ വ്യക്തികള്‍ക്ക് ആര്‍ത്തവം വേണ്ടെന്ന് വെക്കാനുള്ള ചോയ്‌സ് കൂടെ ഉണ്ടാകണം. ഉണ്ടെന്ന് അവര്‍ അറിയണം. സേഫ് ആയും സൗജന്യമായും അവര്‍ക്ക് ചികിത്സ ലഭ്യമാക്കണം.

Content Highlights: world menstrual hygiene day face facebook post