'കീമോ എന്ന ദുഃസ്വപ്നത്തെ മറികടക്കുവാന്‍ നാല് മാസത്തോളം ഉറക്കമില്ലാതെ, ഭക്ഷണമില്ലാതെ, ശാരീരിക അസ്വസ്ഥകളും വേദനകളുമായി ശരിക്കും മല്ലിടേണ്ടി വന്നു, ഇതിന് പുറമേ, മുടി കൊഴിഞ്ഞ്, പുരികവും കണ്‍പീലികളുമില്ലാതെ, ശരീരഭാരം കുറഞ്ഞ്, കണ്ണാടിയില്‍ നോക്കാന്‍ പോലും ഭയന്ന്, അവനവനു തന്നെ അപരിചിതയായി മാറി...'

ലോക ക്യാന്‍സര്‍ ദിനത്തില്‍ കോഴിക്കോട് സ്വദേശിനിയായ രഞ്ചിനി ശ്രീഹരി ഫെയ്‌സ്ബുക്കില്‍ എഴുതിയിട്ട വരികളാണ് ഇത്. ക്യാന്‍സര്‍ ബാധ കരിനിഴല്‍ വീഴ്ത്തിയ ദിവസങ്ങളുടെ കാഠിന്യം പ്രകടിപ്പിക്കുന്ന രഞ്ചിനിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ വേദനയോടെ നെഞ്ചിലേറ്റി കഴിഞ്ഞു. 

രഞ്ചിനിയുടെ പോസ്റ്റ് പൂര്‍ണരൂപത്തില്‍
ഇന്ന് Feb 4 ,'' World Cancer Day ''.

ട്രീറ്റ്‌മെന്റ് കഴിഞ്ഞ് അഗ്‌നിശുദ്ധി വരുത്തിയ ഒരു survivor എന്ന നിലയില്‍ , ഇന്നത്തെ തീം ആയ '' If i can , u can ''എന്ന് പറയാന്‍ ഒരുപാട് ആലോചിക്കേണ്ടി വരുന്നു....!കാരണം നടന്ന് വന്ന വഴി വളരെയധികം കല്ലും മുള്ളും യാതനകളും വേദനകളുമായിരുന്നുവെന്നത് കൊണ്ട്. കീമോ എന്ന ദുഃസ്വപ്നത്തെ മറികടക്കുവാന്‍ 4 മാസത്തോളം ഉറക്കമില്ലാതെ, ഭക്ഷണമില്ലാതെ, (വെള്ളം പോലും ദഹിക്കില്ലായിരുന്നു)ശാരീരിക അസ്വസ്തകളും വേദനകളുമായി ശരിക്കും മല്ലിടേണ്ടി വന്നിരുന്നു.....

ഇതിന് പുറമേ,മുടി കൊഴിഞ്ഞ്,പുരികവും കണ്‍പീലികളുമില്ലാതെ, ശരീരഭാരം കുറഞ്ഞ് കണ്ണാടിയില്‍ നോക്കാന്‍ പോലും ഭയന്ന്, അവനവനു തന്നെ അപരിചിതയായി മാറി..ഭക്ഷണം കിട്ടാതെയുള്ള പട്ടിണിയേക്കാള്‍ ഭ്രാന്തമാണ് മുന്നില്‍ എല്ലാമുണ്ടായിട്ടും ഒന്നും കഴിക്കാനാകാതെ വിശന്ന് വലഞ്ഞിരിക്കേണ്ടി വരികയെന്നത്.

X y z etc ഇതൊക്കെയാണ് കാരണങ്ങളെന്ന് പറയുമ്പോഴും, ഇതിലൊന്നും പെടാത്തവരാണ് പലപ്പോഴും ഇരകളാകുന്നത് എന്നത് തന്നെ വൈചിത്ര്യമായിത്തോന്നുന്നു....

മാനസിക സമ്മര്‍ദ്ദം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്. ദീര്‍ഘനാളത്തെ mental stress നമ്മളെ ഉറക്കമില്ലായ്മയിലേക്കും ശരീരത്തിനാവശ്യമായ ഭക്ഷണം കഴിക്കാതിരിക്കുന്നതിലേക്കും നമ്മളെയെത്തിക്കുന്നുണ്ട് നമ്മളറിയാതെ..

ട്രീറ്റ്‌മെന്റ് കഴിഞ്ഞാലും ഒരുതരം അരക്ഷിതാവസ്ഥയുണ്ട് മനസ്സില്‍, ചൂട് വെള്ളത്തില്‍ വീണ പൂച്ചയുടെ അവസ്ഥ എപ്പോ വേണമെങ്കിലും ആവര്‍ത്തിക്കാമെന്ന ഭീതി..!

ട്രീറ്റമെന്റിന്റെ കാഠിന്യവും സ്വയം തോന്നുന്ന അപരിചിതത്വവും (വൈരൂപ്യം) മറികടക്കുകയെന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്.
ചുറ്റുമുള്ളവരുടെ ഒരു നോട്ടം പോലും വിഷാദത്തിലേക്ക് നമ്മെ തള്ളിവിടും...സാന്ത്വനവും സ്‌നേഹവും അനുകമ്പയും കൊണ്ട് മാത്രേ ജീവിതത്തിലേക്ക് തിരിച്ച് വരാനൊക്കൂ.......

അപ്പോ പറഞ്ഞ് വരുന്നത് ,ക്യാന്‍സര്‍ എന്ന വാക്കിനേക്കാളും ഭീകരത അതിന്റെ ട്രീറ്റമെന്റിന് തന്നെയാണ്...രോഗിയായി കാണാതെ ഒരവസ്ഥയായി മനസ്സിലാക്കി ആത്മവിശ്വാസം കൊടൂത്ത് ഒന്നും മാറിയിട്ടില്ലയെന്ന് ബോധ്യപ്പെടുത്തി മുമ്പെന്തൊക്കെ എങ്ങനെയൊക്കെ ചെയ്തിരുന്നോ അതുപോലെ ചെയ്ത് ജീവിക്കാന്‍ ശ്രമിച്ചാലെ വിഷാദമൊഴിവാക്കി ഒരു തിരിച്ച് വരവ് സാദ്ധ്യമാകൂ...

ഈ പരീക്ഷണങ്ങളൊക്കെ അതിജീവിച്ചാല്‍ പിന്നെ....ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി കരഞ്ഞ് തീര്‍ക്കേണ്ടതല്ല നമ്മുടെ ജീവിതമെന്നും, പ്രണയത്തിനും വിരഹത്തിനും പരാജയങ്ങള്‍ക്കും എത്രയോ മുകളിലാണ് മറ്റ് പലതുമെന്നുമുള്ള ഒരു തിരിച്ചറിവ്....

അതെ ,നമ്മള്‍ അത് വരെ കണ്ടതും കരഞ്ഞതും അനുഭവിച്ചതും ഒന്നും ഇതിന് മുന്നിലൊന്നുമല്ലായെന്ന തിരിച്ചറിവ്...

So d`nt simply waist ur time fr silly matters....life is really osmething else -A cancer survivor ??

NB: എനിക്ക് ഏറ്റവും ഇഷ്ടമുള്ള എന്റെ ഫോട്ടോ ആണിത്....really proud -