ഏപ്രില്‍ രണ്ട് ലോക ഓട്ടിസം അവബോധന ദിനമായി ആചരിക്കുകയാണ്. കുഞ്ഞുങ്ങള്‍ ഓട്ടിസം ബാധിതരാണെന്ന് അറിയുമ്പോള്‍ മാതാപിതാക്കള്‍ സ്വാഭാവികമായും തളര്‍ന്നുപോകാറുണ്ട്. ഇത്തരത്തില്‍ രണ്ടുമക്കളും ഓട്ടിസം ബാധിതരാണെന്ന് അറിഞ്ഞ ദമ്പതിമാര്‍ ആ പ്രതിസന്ധി ഘട്ടത്തെ എങ്ങനെ മറികടന്നുവെന്ന് വ്യക്തമാക്കുകയാണ് ഈ ഫേസ്ബുക്ക് കുറിപ്പിലൂടെ.

ന്നര വയസ്സായിട്ടും ജൊവാനി സംസാരിച്ചിരുന്നില്ല. ഞാന്‍ അവളോട് സംസാരിക്കാന്‍ ശ്രമിക്കുമ്പോഴും അവള്‍ എന്റെ മുഖത്തേക്ക് നോക്കുന്നുമില്ലായിരുന്നു. അവളുടെ കളിപ്പാട്ടങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ ഒരുക്കി വെച്ചില്ലെങ്കില്‍ അവള്‍ കരയുമായിരുന്നു. അവസാനംഡോക്ടറാണ് ഹൃദയഭേദകമായ ആ വാര്‍ത്ത എന്നോട് പറഞ്ഞത്, അവള്‍ക്ക് ഓട്ടിസം ആണെന്ന്. 

ആദ്യമൊക്കെ ഞാന്‍ ചിന്തിച്ചിരുന്നു എന്റെ കുടുംബത്തില്‍ ആര്‍ക്കും ഓട്ടിസം ഇല്ലല്ലോ, പിന്നെ എങ്ങനെ ഇതു സംഭവിച്ചു എന്ന്. അവള്‍ കാഴ്ചയില്‍ നോര്‍മലായിരുന്നു. 

പക്ഷേ, പിന്നീട് എനിക്ക് ജനിച്ച മകന്‍ ബ്രൈഡനും ഓട്ടിസമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്റെ രണ്ട് കുട്ടികളും പ്രത്യക വിഭാഗത്തില്‍പ്പെടുന്നവരാണെന്ന സത്യം എന്നെയാകെ പരിഭ്രാന്തിയിലാക്കി. 

ആ സമയത്ത് ഞങ്ങള്‍ ദുബായിലായിരുന്നു താമസം. ഞാനും എന്റെ ഭര്‍ത്താവും ഉദ്യോഗസ്ഥരായിരുന്നു. ജോലി രാജിവെച്ചാലോ എന്ന് ഞാന്‍ ആദ്യം ചിന്തിച്ചു. എന്നാല്‍ സാമ്പത്തിക പരാധീനതകള്‍ ഉണ്ടായേക്കാം എന്ന ചിന്തയില്‍ അതില്‍ നിന്ന് പിന്‍മാറി. കാരണം, അവരുടെ സ്പീച്ച് തെറാപ്പിക്ക് തന്നെ വേണം മാസം 80,000 രൂപ. അവരെ വീട്ടുജോലിക്കാരുടെ കൈയില്‍ ഏല്‍പിച്ച് പോകാനും എനിക്ക് മനസ്സ് വന്നിരുന്നില്ല. രണ്ട് മണിക്കൂര്‍ കൂടുമ്പോഴെല്ലാം ഞാന്‍ വീട്ടിലേക്ക് ഓടിയെത്തിക്കൊണ്ടിരുന്നു. 

2013 ല്‍ ഞാനും ഭര്‍ത്താവും ദുബായിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. മുംബൈയില്‍ ഒരു വീട് വാങ്ങിയതോടെ പോക്കറ്റ് കാലിയായിത്തുടങ്ങി. ഞങ്ങളുടെ സൗകര്യത്തിന് ചെയ്യാവുന്ന ഒരു ജോലി കണ്ടെത്തുക എളുപ്പമായിരുന്നില്ല. അങ്ങനെയാണ് ഞങ്ങള്‍ ഒരു പുതിയ സ്റ്റാര്‍ട്ട്അപ്പ് തുടങ്ങിയത്. കുട്ടികളെ ശ്രദ്ധിച്ചുകൊണ്ട് വീട്ടില്‍ തന്നെയിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയത് അങ്ങനെയാണ്. അതോടെ കുട്ടികളുടെ പരിചരണത്തില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിച്ചു. 

മുംബൈ ജീവിതത്തോട് മകള്‍ വളരെ പെട്ടെന്ന് ഇണങ്ങിച്ചേര്‍ന്നു. എന്നാല്‍ മകന് ഒട്ടും ശരിയായില്ല. വീടിന് ചുറ്റും ഓടിനടന്ന് മതിലില്‍ ദേഷ്യത്തോടെ അവന്‍ തലയിടിപ്പിച്ചു. നടക്കാന്‍ പുറത്തുകൊണ്ടുപോയിക്കൊണ്ടും മറ്റും അവന്റെ ശ്രദ്ധ മാറ്റാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. 

അങ്ങനെയിരിക്കെയാണ് അവരുടെ തെറാപ്പിസ്റ്റ് എന്നോട് സംസാരിച്ചത്. നിങ്ങള്‍ക്ക് അവനെ സാധാരണ ലോകത്തേക്ക് തുറന്നു വിട്ടുകൂടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അവന്‍ പുറംലോകത്തോട് ഇണങ്ങിച്ചേരുമോ എന്ന് നോക്കാം എന്നും തെറാപ്പിസ്റ്റ് പറഞ്ഞു. അത് എന്നെ ചിന്തിപ്പിച്ചു. 

എന്റെ മക്കളെ പുറത്തുകൊണ്ടുപോയി അവരുടെ കണ്ണിലൂടെ ലോകത്തെ അവര്‍ കാണട്ടെ എന്ന് ഞാന്‍ തീരുമാനിച്ചു. രണ്ടുപേരും ശരിയായി സംസാരിക്കില്ലായിരുന്നു. അതിനാല്‍ തന്നെ അവരുടെ മനസ്സിലുള്ളത് പുറത്തേക്ക് കൊണ്ടുവരാന്‍ പുതിയ വഴികള്‍ എനിക്ക് തേടേണ്ടി വന്നു. 

സ്‌പെഷ്യല്‍ സ്‌കൂളിലാണ് അവര്‍ പഠിച്ചിരുന്നത്. അതിനോടൊപ്പം നീന്തല്‍ ക്ലാസ്സിനും ഞാന്‍ അവരെ അയച്ചു. മകള്‍ വെള്ളത്തെ ഇഷ്ടപ്പെട്ടപ്പോള്‍ മകന്‍ അത് വെറുത്തു. അതിനാല്‍ തന്നെ ആളുകള്‍ എന്നോട് ചോദിച്ചു നിങ്ങള്‍ എന്തിനാണ് അവനെ നിര്‍ബന്ധിക്കുന്നതെന്ന്. 

പതിയെ ബ്രൈഡനില്‍ മാറ്റം ഉണ്ടായി. നീന്തല്‍ പഠിച്ചു. അവന്‍ പതുക്കെ ശാന്തനായി. ഏകാഗ്രത വര്‍ധിച്ചു. ഞാനും അവന്റെ അച്ഛനും നീന്തല്‍ക്കുളത്തിനടുത്ത് അവന് പ്രചോദനവുമായി നിന്നു. ഇതോടൊപ്പം ഉണ്ടായ മറ്റൊരു ഗുണം എന്താണെന്നു വെച്ചാല്‍ മുപ്പതുകളുടെ അവസാനത്തിലെത്തിയ ഞങ്ങള്‍ രണ്ടുപേരും നീന്തല്‍ പഠിച്ചു എന്നതാണ്. ബ്രൈഡന് കമ്പനി കൊടുക്കാനായി നീന്തല്‍ പഠിച്ചതാണ് ഞങ്ങള്‍. 

ഒരു വര്‍ഷത്തിനകം ബ്രൈഡന്‍ നല്ലൊരു നീന്തല്‍ക്കാരനായി. അമ്പതു മിനിറ്റിനകം ആ പൂളില്‍ അങ്ങോട്ടും ഇങ്ങോട്ടും 40 റൗണ്ട് നീന്താന്‍ അവന് സാധിച്ചു. അതുകണ്ടപ്പോള്‍ അവന്റെ കോച്ച് ഞങ്ങളോട് ചോദിച്ചു ബ്രൈഡന് ആഴക്കടല്‍ നീന്തല്‍ പരിചയപ്പെടുത്തിയാലോ എന്ന്. 

“Joanne was 1.5 years old, but barely spoke; she’d have no eye contact with me when I spoke to her. She’d cry if her...

Posted by Humans of Bombay on Thursday, April 1, 2021

അങ്ങനെ 2019 ല്‍ ബ്രൈഡനും ജൊവാനിയും കടലിലെ നീന്തലില്‍ പങ്കെടുത്തു. ഡീപ് സീ സ്വിമ്മിങ്ങില്‍ പങ്കെടുക്കുന്ന സ്‌പെഷ്യല്‍ കിഡ്‌സ് വിഭാഗത്തില്‍പ്പെടുന്ന ആദ്യത്തെ രണ്ടു കുട്ടികളായിരുന്നു ഇവര്‍. ഇതിന് ശേഷം ഞങ്ങള്‍ അവരെ സ്‌കേറ്റിങ് ക്ലാസിന് അയച്ചു. മാസങ്ങള്‍ക്കകം ഇരുവരും ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്തു. 48 മണിക്കൂര്‍ ടീമിനൊപ്പം നിര്‍ത്താതെ സ്‌കേറ്റ് ചെയ്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും സ്ഥാപിച്ചു. ഇത് ഞങ്ങളുടെ ഹൃദയത്തെ സന്തോഷത്താല്‍ നിറച്ചു. ഞങ്ങള്‍ ശരിക്കും അഭിമാനംകൊണ്ടു.

ജേതാക്കളെ പ്രഖ്യാപിച്ചപ്പോള്‍ വിധികര്‍ത്താക്കള്‍ ഞങ്ങളെ അഭിസംബോധന ചെയ്തത് ബ്രൈഡന്റെയും ജൊവാനിയുടെയും മാതാപിതാക്കള്‍ എന്നാണ്. അപ്പോള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു, ഞങ്ങളുടെ കുട്ടികള്‍ ശരിക്കും ' സ്‌പെഷ്യല്‍' ആണെന്ന്.

Content Highlights: World Autism Awareness Day 2021, Parents with two children with autism shares their experience, Health, Autism